കറങ്ങുന്ന ലൈറ്റും സൗണ്ടും സ്മോക്കുമൊക്കെ എല്ലാവര്‍ക്കും വേണം; ഇതില്ലാത്തവ ഷെഡിലാകും, ചിലര്‍ നിയമം പാലിക്കാന്‍ തയ്യാറാകുന്നില്ല; ടൂറിസ്റ്റ് ബസ് അസോസിയേഷന്‍ നേതാവ് പറയുന്നു
Kerala News
കറങ്ങുന്ന ലൈറ്റും സൗണ്ടും സ്മോക്കുമൊക്കെ എല്ലാവര്‍ക്കും വേണം; ഇതില്ലാത്തവ ഷെഡിലാകും, ചിലര്‍ നിയമം പാലിക്കാന്‍ തയ്യാറാകുന്നില്ല; ടൂറിസ്റ്റ് ബസ് അസോസിയേഷന്‍ നേതാവ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th October 2022, 4:28 pm

തൃശൂര്‍: പ്രശ്‌നം ഉണ്ടാകുമ്പോള്‍ മാത്രം നടപടിയെടുക്കാതെ സമയബന്ധിതമായി അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ പരിശോധന നടത്തിയാല്‍ ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ ഒഴിവാക്കാനാകുമെന്ന് ടൂറിസ്റ്റ് ബസ് അസോസിയേഷന്‍ നേതാവ് അതുല്‍. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപയോക്താവിന്റെ അനാവശ്യ ആവശ്യങ്ങള്‍ക്ക് വഴങ്ങിയാണ് പല ബസുകളും അനധികൃത സൗണ്ട് സിസ്റ്റം അടക്കമുള്ളവക്ക് നിര്‍ബന്ധിതമാകുന്നതെന്നും അതുല്‍ പറഞ്ഞു.

‘ഒരു വണ്ടി വന്ന് ബുക്ക് ചെയ്യുമ്പോള്‍ ആദ്യം പറയുന്നത്, വണ്ടി കാണണം എന്നാണ്. വണ്ടി കാണുന്ന സമയത്ത് കറങ്ങുന്ന ലൈറ്റും സൗണ്ട് സിസ്റ്റവും സ്മോക്കും ഒക്കെ നോക്കും. അതൊന്നുമില്ലെങ്കില്‍ ശരി വിളിക്കാമെന്ന് പറഞ്ഞ് പോകുകയാണ് ചെയ്യുക.

ലൈറ്റും സൗണ്ടും സ്‌മോക്കുമൊക്കെ നേരത്തെ കാണിച്ചുകൊടുത്താല്‍ മാത്രമേ ക്യാമ്പസ് ട്രിപ്പ് ഇപ്പോള്‍ ബുക്ക് ചെയ്യപ്പെടുന്നുള്ളു. അല്ലാത്ത ട്രിപ്പുകളൊന്നും ഓടുന്നില്ല. ഇതൊക്കെ വെച്ചുകൊടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്.

നാട്ടിലെ ഒരു ലോക്കല്‍ കല്യാണ ട്രിപ്പിന് പോലും ഈ ആവശ്യങ്ങള്‍ ചോദിക്കുന്നത് കാണാം. സാധാരണക്കാരായ ഒന്നോ രണ്ടോ ബസുള്ളവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. എല്ലാവരും നിയമം പാലിച്ചാല്‍ എല്ലാവര്‍ക്കും സുഖമായി സര്‍വീസ് നടത്താം. എന്നാല്‍ ചിലര്‍ അതിന് തയ്യാറാകുന്നില്ല,’ അതുല്‍ പറയുന്നു.

സൗണ്ട് സിസ്റ്റം ഒന്നും പറഞ്ഞ പോലെയല്ലെങ്കില്‍ നമ്മുടെ വണ്ടി ഷെഡില്‍ കിടക്കും. 2019ല്‍ നിയമം കര്‍ശനമാക്കിയപ്പോള്‍ ഇതിന് മാറ്റം വന്നിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ കൊവിഡിന് ശേഷം വരുന്ന പുതിയ വാഹനങ്ങളെല്ലാം ഇത്തരത്തില്‍ ഫുള്‍ലോഡ് സെറ്റിങ്‌സായാണ് ഓടിക്കൊണ്ടിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്ന് സംഘടനയിലെ പല ആളുകളും തെറ്റിപ്പോയിട്ടുണ്ട്. ലൈറ്റിനും സൗണ്ടിനുമൊക്കെ വാദിക്കുന്നവര്‍ക്ക് ഒരു സംഘടന തന്നെ നിലവിലുണ്ടെന്നും അതുല്‍ പറഞ്ഞു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ചതുപ്പിലേക്ക് മറിഞ്ഞാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. പാലക്കാട് വടക്കഞ്ചേരിയില്‍വെച്ചായിരുന്നു അപകടമുണ്ടായത്. അഞ്ച് കുട്ടികളും അധ്യാപകനും മൂന്ന് കെ.എസ്.ആര്‍.ടി.സി യാത്രക്കാരുമുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചിരുന്നു.