| Sunday, 1st September 2024, 11:47 am

നെല്ലിക്ക വില്‍ക്കുന്ന വീട്ടമ്മ മുതല്‍ റിസോര്‍ട് ഉടമ വരെ; ഓരോ വയനാട്ടുകാരനും വേണ്ടി ടൂറിസം കൂടി തിരിച്ചുപിടിക്കേണ്ടതുണ്ട്

ജിൻസി വി ഡേവിഡ്

കൃഷിയാണ് വയനാടിന്റെ സമ്പദ് വ്യവസ്ഥയെ ചലിപ്പിച്ചത് എന്നായിരുന്നു ഇത്രയും നാള്‍ നാം ഓരോരുത്തരുടെയും, വയനാട്ടുകാരുടെയുമെല്ലാം ധാരണ. എന്നാല്‍ കൃഷി മാത്രമല്ല, ടൂറിസവും വയനാട്ടിലെ ഓരേ സാധാരണക്കാരന്റെയും വീട്ടില്‍ അടുപ്പ് പുകയുന്നതിന് വലിയ കാരണമായിട്ടുണ്ട്. പക്ഷെ, അത് വയനാട്ടുകാരും മറ്റുള്ളവരും തിരിച്ചറിഞ്ഞത് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലോടു കൂടിയാണ്. അത്രയും വലുതാണ് വയനാടിന്റെ ടൂറിസം മേഖലക്ക് ഈ ഉരുള്‍പൊട്ടലുണ്ടാക്കിയ തിരിച്ചടി.

വയനാട്ടിലെ ഓരോ സാധാരണക്കാരന്റെയും ജീവതത്തെ പ്രത്യക്ഷത്തിലും അതിലേറെ പരോക്ഷമായും ടൂറിസത്തില്‍ നിന്നുള്ള വരുമാനം സ്വാധീനിച്ചിരുന്നു എന്നതാണ് വസ്തുത. ദുരന്തം സംഭവിച്ച് ഒരുമാസം പിന്നിടുമ്പോള്‍ ടൂറിസം മേഖലക്കുണ്ടായത് 20 കോടിയിലധികം രൂപയുടെ നഷ്ടമാണ്.

റിസോര്‍ട് ഉടമകള്‍ മുതല്‍ തെരുവില്‍ തേന്‍നെല്ലിക്ക വില്‍ക്കുന്ന കച്ചവടക്കാര്‍ വരെ അതിന്റെ പ്രത്യാഘാതത്തിന് ഇരകളായി. ടാക്‌സി ഡ്രൈവര്‍മാരും ടൂറിസ്റ്റ് ഗൈഡുമാരും ലോട്ടറി വില്‍പനക്കാരും വരെ ഇന്ന് ദുരിതത്തിലാണ്. ഇവരുടെയെല്ലാം ജീവിതം പഴയ രീതിയിലേക്ക് ആകണമെങ്കില്‍ വയനാടിന്റെ ടൂറിസത്തെ തിരിച്ചു പിടിക്കേണ്ടതുണ്ട്.

നേരത്തെ പറഞ്ഞതുപോലെ ടൂറിസ്റ്റ് ഓപറേറ്റര്‍മാര്‍, റിസോര്‍ട് ഉടമകള്‍, റിസോര്‍ട്ടുകളിലെ ജീവനക്കാര്‍, റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കലാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന കലാകാരന്‍മാര്‍, തെരുവ് കച്ചവടക്കാര്‍, മറ്റു വ്യാപാരികള്‍, ഡി.ടി.പി.സി കേന്ദ്രങ്ങളിലെ താത്കാലിക ജീവനക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി ഉപ്പിലിട്ടത് വീടിന്റെ മുന്നില്‍ വെച്ച് വില്‍പന നടത്തിയിരുന്ന വീട്ടമ്മമാരുടെ പോലും ജീവതം വഴി മുട്ടിയ അവസ്ഥയിലാണ്.

അവരുടെ വാക്കുകളിലെല്ലാം ഇതെല്ലാം തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയും നഷ്ടങ്ങളുണ്ടാക്കിയ ആശങ്കകളും നിഴലിക്കുന്നുണ്ടണ്ട്.

മുണ്ടക്കൈ ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലാണെങ്കിലും വയനാട് ഉരുള്‍പൊട്ടല്‍ എന്ന പേരിലാണ് ദുരന്തത്തെ കുറിച്ച് പുറത്തേക്ക് വാര്‍ത്തകള്‍ പോയത്. ചിലപ്പോഴെങ്കിലും കേരളത്തില്‍ വലിയ ദുരന്തമുണ്ടായി എന്ന തരത്തിലും കേരളത്തിന് പുറത്ത് വാര്‍ത്തകളുണ്ടായി. അതിനാല്‍ തന്നെ അത് വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ ടൂറിസത്തെയുമാണ് ബാധിച്ചത്.

വയനാട്ടിലെ ചുണ്ടേലില്‍ കരകൗശല വസ്തുക്കളുടെ വില്‍പന നടത്തുന്ന വ്യാപാരിയാണ് ഷമീര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടാകുന്നതിന് മുമ്പ് ദിവസേന 40000 രൂപയോളമായിരുന്നു ഷമീറിന്റെ കടയിലെ ദിവസ വരുമാനം. ഇന്നത് കേവലം 1000 രൂപയിലും താഴെയായിരിക്കുന്നു.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ഷമീര്‍ ഇന്ന് കഷ്ടപ്പെടുന്നു. ‘സത്യം പറഞ്ഞാല്‍ ആള്‍ക്കാര്‍ക്കൊക്കെ വയനാട്ടിലേക്ക് വരാന്‍ പേടിയാണ് ഇപ്പോള്‍‘, ഷമീര്‍ പറയുന്നു. അപകടം നടന്ന മേപ്പാടിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള ചുണ്ടേലിലുള്ള ഷമീറിന്റെ ഹാപ്പി ടോപ്പ് എന്ന കടയിലേക്ക് ഇപ്പോള്‍ ആളുകള്‍ വരുന്നതേയില്ല.

നല്ല സഞ്ചാരത്തിരക്കുള്ള ഇടമായ ചേലോടാണ് ജോര്‍ജ് ചേട്ടന്റെ തട്ടുകടയുള്ളത്. വയനാട്ടിലേക്കെത്തുന്ന ടൂറിസ്റ്റുകള്‍ തന്നെയാണ് അച്ചായന്റെ ചായക്കട എന്ന ഈ കൊച്ചു കടയുടെ വരുമാന മാര്‍ഗം. റീല്‍സുകളിലും സോഷ്യല്‍ മീഡിയയിലും ഹിറ്റായിരുന്ന ഇവിടം ഇപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. ‘ഇപ്പോ സീസണ്‍ ടൈമാ, കട നിറയെ ആള്‍ക്കാര്‍ വരണ്ടതാണ് പക്ഷേ ആരുമില്ല, ‘ ജോര്‍ജ് പറയുന്നു. സീസണ്‍ സമയത്തും മതിയായ കച്ചവടം ഇല്ലാതെ ദുരിതമനുഭവിക്കുകയാണ് ജോര്‍ജിനെപ്പോലെയുള്ള കച്ചവടക്കാര്‍.

ജോര്‍ജ്

ബുക്കിംഗ് ക്യാന്‍സലേഷനിലൂടെ കുറഞ്ഞത് മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതായി വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ. ആര്‍. വഞ്ജീശ്വരന്‍ പറയുന്നു. മഴക്കാലമായിട്ടും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും 40 ശതമാനത്തോളം ആളുകളുണ്ടായിരുന്നു, ചിലത് 90 ശതമാനം വരെ എത്തിയിരുന്നു. എന്നിരുന്നാലും, ഈ ബുക്കിങ്ങുകളില്‍ ഭൂരിഭാഗവും റദ്ദാക്കപ്പെട്ടിരിക്കുകയാണിപ്പോള്‍.

റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും എല്ലാം ബുക്കിങ് കുറഞ്ഞതോടെ ഇവയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതമാര്‍ഗവുമാണ് വഴിമുട്ടിയത്. ഹോം സ്റ്റേകളിലേക്ക് ഭക്ഷണം എത്തിക്കുന്നവര്‍, ടൂറിസ്റ്റ് മേഖലകളിലെ ടാക്‌സി ഡ്രൈവര്‍മാര്‍, ഓഫ് റോഡ് ട്രക്കിങ് നടത്തുന്ന ജീപ്പ് ഡ്രൈവര്‍മാര്‍ തുടങ്ങി വയനാട്ടില്‍ ടൂറിസം സീസണ്‍ ആകുമ്പോള്‍ ഞാവല്‍ പഴം വില്‍ക്കുന്ന ആദിവാസികള്‍ വരെ ഇതിന്റെ ദുരിതമനുഭവിക്കുന്നു.

ടൂറിസ്റ്റ് ട്രാഫിക്കില്‍ നിന്ന് സാധാരണയായി മൂന്ന് ദിവസം കൂടുമ്പോള്‍ 8,000 രൂപയെങ്കിലും വരുമാനം ലഭിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ക്കുമില്ലപ്പോള്‍ കഷ്ടകാലമാണെന്ന് വിഷ്ണു ട്രാവല്‍സ് ഉടമ സതീഷ് ബാബു പറയുന്നു.

രാജ്യത്തിന്റെ പ്രധാനപ്പെട്ട ഐ.ടി. ഹബ്ബാണ് ബെംഗളൂരു. ബെംഗളൂരുവിന് ഏറ്റവും അടുത്ത് നില്‍ക്കുന്ന ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ അവിടെ നിന്നുള്ള ടൂറിസ്റ്റുകളാണ് അധികവും വനയാട്ടിലേക്ക് വന്നിരുന്നത്. ബെംഗളൂരുവിലെ ഐ.ടി. പ്രൊഫഷണലുകളുടെ ഒരു വീക്കെന്റ് ഡെസ്റ്റിനേഷനായി വയനാട് വളര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്ന വയനാടിന്റെ ടൂറിസം മേഖലയെ തിരിച്ചുപിടിക്കാനായി വിപുലമായ പദ്ധതികളാണ് സംസ്ഥാന ടൂറിസം വകുപ്പ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ വയനാട്ടിലെ മാത്രമല്ല, സമീപ ജില്ലകളിലെ ടൂറിസത്തെ പോലും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ മേഖലയിലെ ജില്ലകളില്‍ നിന്നുള്ള ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഒരു യോഗം ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് പി.ഡബ്ല്യൂ.ഡി. ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്തിരുന്നു.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ യോഗം കോഴിക്കോട് ചേര്‍ന്നപ്പോള്‍

ടൂറിസം സാധ്യതകളെ തിരിച്ചുപിടിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഈ യോഗത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന പേരില്‍ സെപ്തംബര്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വിപുലമായൊരു സോഷ്യല്‍ മീഡിയ ക്യാമ്പയിനിന് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധയിട്ടിട്ടുണ്ട്.

ഓരോ ആളുകളും അവരവരുടെ നാട്ടിലുള്ള ചെറുതും വലുതുമായ അറിയപ്പെടാത്ത മനോഹരമായ പ്രദേശങ്ങളെ പരിചയപ്പെടുത്തുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഇതു വഴി താത്കാലികമായി പ്രതിസന്ധിയിലായ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏത് വിധേനേയും വയനാട്ടിന്റെ ടൂറിസത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം മുന്‍കാലത്ത് വയനാട്ടില്‍ സംഭവിച്ച കാര്‍ഷിക ദുരന്തങ്ങളേക്കാള്‍ വലിയ പ്രത്യാഘാതമായിരിക്കും സംഭവിക്കുക. കര്‍കാത്മഹത്യകളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നൊരു വയനാടിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അത്തരമൊരു ദുരന്തത്തിലേക്ക് പോകാതിരിക്കണമെങ്കില്‍ തീര്‍ച്ചയായും ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനൊപ്പം തന്നെ വയനാടിന്റെ ടൂറിസത്തെയും തിരിച്ചു പിടിക്കേണ്ടതുണ്ട്.

content highlights: Tourism needs to be reclaimed for every Wayanad citizen

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more