അന്നത്തെ മന്ത്രിമാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു; ഇന്നത്തെ മന്ത്രിമാര്‍ അഭിമാനത്തോടെ ജനങ്ങളെ അഭിമുഖീകരിക്കുന്നു; മുഹമ്മദ് റിയാസ്
കൊച്ചി: യു.ഡി.എഫിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
അന്നത്തെ മന്ത്രിമാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നുവെന്നും ഇന്നത്തെ മന്ത്രിമാര്‍ അഭിമാനത്തോടെ ജനങ്ങളെ അഭിമുഖീകരിക്കുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘യു.ഡി.എഫ് ഭരണകാലത്തെ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയില്ലാ, അവര്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കില്ല കാരണം അന്നവര്‍ തലയില്‍ മുണ്ടിട്ട് നടക്കുന്ന കാലമായിരുന്നു.
എന്നാല്‍ ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മന്ത്രിമാര്‍ക്ക് അഭിമാനത്തോടുകൂടി ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്ന നില കേരളത്തിലുണ്ട്. അതാണ് യു.ഡി.എഫും, എല്‍.ഡി.എഫും തമ്മിലുള്ള വ്യത്യാസം,’ മുഹമ്മദ് റിയാസ് പറഞ്ഞു.
എല്‍.ഡി.എഫ് എന്ത് ചെയ്താലും യു.ഡി.എഫ് കൂട്ടക്കരച്ചിലാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു.
തൃക്കാക്കരയില്‍ എല്‍.ഡി.എഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫ് മൂന്ന് നാല് ദിവസം കൂട്ടക്കരച്ചിലായിരുന്നു.
എല്‍.ഡി.എഫിന് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയേയെങ്കിലും പ്രഖ്യാപിക്കാനുള്ള അവകാശം തരണ്ടേയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി അപകടകാരിയാണെന്നും യു.ഡി.എഫിന് ലഭിച്ചിരുന്ന പരമ്പരാഗത വോട്ടുകള്‍ കയ്യിട്ട് വാരരുതെന്ന തിരിച്ചറിവുമാണ് യു.ഡി.എഫിന്റെ കൂട്ടക്കരച്ചിലിന് കാരണമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും
നിരവധി തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചെന്നും റിയാസ് പറഞ്ഞു.
കൂടാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആറ് വര്‍ഷം 300 ലേറെ കമ്പനികളാണ് പുതുതായി കേരളത്തില്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Tourism Minister P.A. Muhammad Riyaz against udf