| Thursday, 18th August 2016, 11:04 am

ബാറുകള്‍ തുറക്കണം: ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണമെന്ന് മന്ത്രി എ.സി മൊയ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യനയം ടൂറിസം മേഖലയില്‍ കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മന്ത്രി എ.സി മൊയ്തീന്‍. ബാറുകള്‍ തുറക്കണമെന്നും ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണമെന്നും എ.സി മൊയ്തീന്‍ പറഞ്ഞു.

കേരളത്തെ മദ്യനിരോധന സംസ്ഥാനമായിട്ടാണ്  മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോഴുംകാണുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം രംഗത്തെ എങ്ങനെ ബാധിച്ചുവെന്നതിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും ടൂറിസം മന്ത്രി വിശദമാക്കി.

മദ്യനയം മൂലം ടൂറിസം രംഗത്തുണ്ടായ വരുമാന നഷ്ടം നികത്താന്‍ നടപടികള്‍ ഉണ്ടാകണം. മദ്യനയത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ സൗകര്യം ഇല്ലാത്തതിനാല്‍ അന്താരാഷ്ട്ര സെമിനാറുകള്‍, യോഗങ്ങള്‍ എന്നിവ കേരളത്തില്‍ വെച്ച് നടക്കുന്നില്ല. വിദേശ സഞ്ചാരികളുടെ കേരളത്തിലേക്കുളള വരവിനെ ഇത് ബാധിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ മദ്യനയം പുനഃപരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടൂറിസം മന്ത്രി നേരത്തെ കത്ത് കൈമാറിയിരുന്നു.

മദ്യശാലയ്ക്ക് മുമ്പിലെ നീണ്ട ക്യൂ അവസാനിപ്പിക്കേണ്ടതാണെന്നും മദ്യവിതരണത്തിന് പ്രത്യേക ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കണമെന്നും ഇക്കാര്യം ഇടത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more