വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും: പിന്തുണ അറിയിച്ച് മുഹമ്മദ് റിയാസ്
Kerala News
വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും: പിന്തുണ അറിയിച്ച് മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2024, 4:28 pm

ആലപ്പുഴ: നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി വള്ളം കളി നടത്തിയാൽ ടൂറിസം വകുപ്പിന്റെ പൂർണ പിന്തുണ അതിനുണ്ടാകുമെന്ന് കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ എല്ലാം സർക്കാർ ദുഃഖാചരണത്തിന്റെ ഭാഗമായി മാറ്റിവച്ചിരുന്നു. എന്നാൽ ഡിസംബറിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റ് നടത്താൻ സർക്കാർ അനുമതി നൽകിയതിനെ ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് മുഹമ്മദ് റിയാസ് വിശദീകരണവുമായി എത്തിയത്. നെഹ്‌റു ട്രോഫി വള്ളം കളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന ആമുഖത്തോടെയുള്ള കുറിപ്പിൽ അദ്ദേഹം, വള്ളം കളി നടത്തുകയാണെങ്കിൽ ടൂറിസം വകുപ്പിന്റെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് പറഞ്ഞു. ഒപ്പം വള്ളം കളി നടത്തുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണെന്നും സർക്കാർ ധനസഹായം നൽകുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നെഹ്റു ട്രോഫി വള്ളംകളി എപ്പോൾ നടത്തുവാൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കുവാൻ മുൻപന്തിയിലുണ്ടാകും,’ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

അതോടൊപ്പം ഡിസംബർ മാസം നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള പരിപാടിയല്ലെന്നും ഓണാഘോഷ പരിപാടികളാണ് സർക്കാർ മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘മലബാറിൻ്റെ മാത്രമല്ല,കേരളത്തിൻ്റെ ദീർഘകാലമായിട്ടുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് കഴിഞ്ഞ മൂന്ന് വർഷമായി ഡിസംബർ മാസത്തിൽ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ്. ചൂരൽമല ദുരന്തത്തിനു മുൻപ് തന്നെ, അതായത് ജൂലൈ മാസം എട്ടാം തീയ്യതി നടന്ന വർക്കിങ് ഗ്രൂപ്പിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുവാൻ ആവശ്യമായ തീരുമാനം കൈക്കൊണ്ടത്.

ചൂരൽമല ദുരന്തം കാരണം ഈ വർഷമാകെ സർക്കാർ ആഘോഷങ്ങൾ വേണ്ടതില്ല എന്ന് നിലവിൽ തീരുമാനിച്ചിട്ടില്ല. സെപ്റ്റംബറിലെ ഓണാഘോഷ പരിപാടിയാണ് സർക്കാർ വേണ്ടെന്ന് വെച്ചത്. ജൂലൈ മാസം മുതൽ തയ്യാറെടുപ്പ് നടത്തേണ്ട ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റി വയ്ക്കേണ്ടി വന്നു. വള്ളം കളിയുടെ ജനകീയതയെ കുറിച്ചും നാടിൻ്റ് വികാരത്തെ കുറിച്ചും നല്ല ധാരണ ടൂറിസം വകുപ്പിനുണ്ട്.നെഹ്‌റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്ന ഘട്ടത്തിൽ,എല്ലാ നിലയിലുള്ള പിന്തുണയും നൽകുവാൻ ടൂറിസം വകുപ്പ് തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Tourism department will be with the boat race: Mohammad Riaz expressed support