ലോകത്തെവിടെയുമുള്ള സഞ്ചാരികള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാനാണ് ടൂറിസം വകുപ്പ് ഇത്തരത്തിലുള്ളൊരു പ്രത്യേക മൈക്രോസൈറ്റ് രൂപീകരിക്കുന്നത്.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത് വിവിധ ഭാഷകളില്‍ തയ്യാറാക്കുന്ന മൈക്രോസൈറ്റ് വഴി ഗുരുവിനെ കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി-യുവജന സമ്മേളനത്തിലാണ് മന്ത്രി മൈക്രോസൈറ്റ് പ്രഖ്യാപനം നടത്തിയത്.
ഗുരുവിന് പുറമെ ശിവഗിരി മഠത്തെക്കുറിച്ചും തീര്‍ത്ഥാടനത്തെക്കുറിച്ചും മൈക്രോസാറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം ഈ മൈക്രോസൈറ്റ് വഴി ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത് അത് ഇപ്പോഴും സമൂഹത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന കാലമാണിതെന്നും മന്ത്രി ചൂണ്ടികാട്ടി. അതുകൊണ്ടു തന്നെ ഗുരുവചനങ്ങളും ഗുരുവിന്റെ സന്ദേശങ്ങളും വീണ്ടും വീണ്ടും പ്രസക്തമാകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
1916 ല്‍ തിരുവനന്തപുരം മുട്ടത്തറയില്‍ നടന്ന പുലയ സമാജത്തിന്റെ സമ്മേളനത്തില്‍ ഗുരു തന്റെ ആശയം കൃത്യമായി പറഞ്ഞതായും മന്ത്രി പറഞ്ഞു.
‘മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്. അവരുടെ ഇടയില്‍ സ്ഥിതിഭേദമില്ലാതെ ജാതിഭേദം ഇല്ല. മനുഷ്യ ജാതി എന്നതേ നിലനില്‍ക്കുന്നുള്ളൂ എന്ന് അവസരം കിട്ടിയപ്പോള്‍ എല്ലാം ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചു. ‘പലമതസാരവുമേകം’ എന്ന ഗുരുവിന്റെ വാക്കുകള്‍ തന്നെ എന്താണ് ഗുരു മുന്നോട്ടു വെച്ച സന്ദേശം എന്ന് വ്യക്തമാക്കുന്നതാണ്. എല്ലാവരേയും പരസ്പരം ഉള്‍ക്കാള്ളാന്‍ കഴിയുന്ന വിശാലമായ മനസ്ഥിതി ആര്‍ജിക്കാനാണ് ഗുരു പറഞ്ഞത്.
1917 ല്‍ ഗുരു വളരെ നിര്‍ണ്ണായകമായ മറ്റൊരു പ്രഖ്യാപനം നടത്തുന്നുണ്ട്. പ്രധാന ദേവാലയം വിദ്യാലയം ആയിരിക്കണം, പണം പിരിച്ചു വിദ്യാലയങ്ങള്‍ ഉണ്ടാക്കുവാനാണ് ഉത്സാഹിക്കേണ്ടത്, ഇനി ജനങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുവാന്‍ ശ്രമിക്കണം, അവര്‍ക്ക് അറിവുണ്ടാകട്ടെ , അതു തന്നെയാണ് അവരെ നന്നാക്കാനുള്ള മരുന്ന്. ശ്രീനാരായണ ഗുരു വിദ്യാഭ്യാസത്തിന് നല്‍കിയ ഔന്നിത്യം ആണ് ഈ വാക്കുകളില്‍ പ്രകടമായത്,’ മന്ത്രി പറഞ്ഞു.
1910ല്‍ ചെറായിയില്‍ നല്‍കിയ സന്ദേശത്തില്‍ ഗുരു പറഞ്ഞ ‘വിദ്യാഭ്യാസം ചെയ്ത് അഭിവൃദ്ധിപ്പെടുക, ആണ്‍-പെണ്‍ ഭേദമന്യേ ഉന്നതവിദ്യാഭ്യാസം ചെയ്യുക എന്ന സന്ദേശത്തിന് അന്നത്തെ കാലത്ത് വലിയ പ്രസക്തി ഉണ്ടായിരുന്നതായും അതിലൂടെ വിദ്യാഭ്യാസം എന്നത് സാദാ വിദ്യാഭ്യാസം മാത്രമാകരുത് എന്ന വീക്ഷണം കൂടി ഗുരു മുന്നോട്ടുവെച്ചെന്നും മന്ത്രി പറഞ്ഞു
Content Highlight: Tourism department to set up Sree Narayanaguru microsite to bring Guru’s ideas to the world says Muhammad Riaz