പാറ്റ്‌ന: പരീക്ഷയില്‍ കോപ്പിയടിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി ബീഹാര്‍ സര്‍ക്കാര്‍. ഇനി മുതല്‍ കോപ്പിയടി പിടികൂടിയാല്‍ 20,000 രൂപ പിഴയും ഇതിന് കൂട്ടു നില്‍ക്കുന്ന രക്ഷിതാക്കളെയും സുഹൃത്തുക്കളെയും 144 വകുപ്പ് പ്രകാരം ജയിലിലടക്കാനുമാണ് തീരുമാനമെന്ന് ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍ കേശ്വര്‍ പ്രസാദ് സിംഗ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബീഹാറിലെ വൈശാലി ജില്ലയിലെ മഹ്നാര്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നുള്ള കൂട്ട കോപ്പിയടി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് സംസ്ഥാനത്തിന് വന്‍ നാണക്കേടുണ്ടാക്കിയിരുന്നു. പരീക്ഷ എഴുതുന്നവരെ സഹായിക്കുന്നതിനായി മാതാപിതാക്കള്‍ സ്‌കൂള്‍ ചുമരില്‍ തൂങ്ങി നില്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരുന്നത്.
കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ മൂന്ന് വര്‍ഷത്തേക്ക് വിലക്കാനും ബീഹാര്‍ വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒരു വര്‍ഷത്തേക്കാണ് വിലക്കുണ്ടായിരുന്നത്. കോപ്പിയടി തടയാന്‍ സ.സി.ടി.വി, ലൈവ് ടെലികാസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ പരീക്ഷിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ആരംഭിക്കുന്നത്. ഇത്തവണ 14 ലക്ഷം വിദ്യാര്‍ത്ഥികള്‍ പന്ത്രാണ്ടാം തരത്തിലും 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ പത്താം തരത്തിലും ബീഹാറില്‍ പരീക്ഷക്കിരിക്കുന്നുണ്ട്.