ബാലചന്ദ്രേട്ടന്‍ ആ നടത്തം അവസാനിപ്പിച്ചു! തന്റെ സേവനത്തിന്റെ ഭാഗമായുള്ള നടത്തം!
Literature
ബാലചന്ദ്രേട്ടന്‍ ആ നടത്തം അവസാനിപ്പിച്ചു! തന്റെ സേവനത്തിന്റെ ഭാഗമായുള്ള നടത്തം!
ഹക്‌സര്‍ ആര്‍.കെ
Monday, 6th May 2019, 6:34 pm

കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി എന്നും വീടിന് മുന്നിലൂടെ നടന്നുപോയിക്കൊണ്ടിരുന്ന ഒരാളാണ് ഈ വഴിയുള്ള നിരന്തര നടത്തം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.

പോസ്റ്റ്മാന്‍ ബാലചന്ദ്രേട്ടന്‍ സര്‍വ്വീസ് കാലാവധി തീര്‍ന്ന് പിരിഞ്ഞു.

കണ്ടാല്‍ പറയില്ലാന്നേയുള്ളൂ, അറുപത് വയസ്സായത്രേ മൂപ്പര്‍ക്ക്

ഒരു പോസ്റ്റല്‍ ശിപായി അടുത്തൂണ്‍ പറ്റി പിരിഞ്ഞു പോകുന്നത് ഇത്രയ്ക്ക് പറയാനെന്താ എന്ന് സംശയിക്കുന്നവര്‍ കാണും. പക്ഷെ മറ്റൊരു വിഭാഗമാളുകളുമുണ്ട്. വിദൂരങ്ങളില്‍ നിന്നും തങ്ങളിലേക്ക് പലരുടെയും സ്‌നേഹവിശേഷങ്ങള്‍ കൈമാറി എത്തിച്ചു തന്ന നന്മയാണവര്‍ക്ക് ഒരു പോസ്റ്റ്മാന്‍.

ചങ്ങാത്തത്തിന്റെ, പ്രണയത്തിന്റെ, ബന്ധുത്വത്തിന്റെ സ്‌നേഹവാഹകന്‍.

നാല്‍പ്പത് വര്‍ഷത്തെ തപാല്‍ ശിപായിയായുള്ള ജോലിക്കിടെ ഇടക്കാലങ്ങളിലെ ചെറിയ ഇടവേളകളില്‍ തൊട്ടടുത്തുള്ള മറ്റു ചില പോസ്റ്റ്ഓഫീസുകളിലും സേവനം ചെയ്തിട്ടുണ്ടെങ്കിലും മുക്കാലേ മുണ്ടാണിയും മടപ്പള്ളി കോളേജ് പോസ്റ്റാപ്പീസിലെ ഞങ്ങളുടെ വീടൊക്കെ വരുന്ന ഭാഗത്തായിരുന്നു സേവനം.

സത്യത്തില്‍ എന്നാണ് ഇദ്ദേഹത്തെ കണ്ടു തുടങ്ങിയത് എന്ന് ഓര്‍ത്തെടുക്കുക പ്രയാസം. ഓര്‍മ്മവച്ച കാലം മുതല്‍ പോസ്റ്റ്മാന്‍ എന്നാല്‍ ബാലച്ചന്ദ്രേട്ടനാണ്.

ആദ്യമായി എനിക്കൊരു കത്ത് വരുന്നത് ഏഴാം ക്ലാസ് കഴിഞ്ഞ് പിരിഞ്ഞപ്പോള്‍ ഞങ്ങള്‍ മൂന്നു കൂട്ടുകാര്‍ പരസ്പരം എഴുതാം എന്ന് പറഞ്ഞതിന്റെ ഭാഗമായി സോമന്‍ എനിക്കെഴുതിയ കത്താണ്. ഏപ്രില്‍ മാസത്തില്‍ വേനലവധിയുടെ നാളുകളില്‍. മടപ്പള്ളിക്കാരനായ സോമന്‍ മടപ്പള്ളിയില്‍ തന്നെ പോസ്റ്റ് ചെയ്ത കത്ത് മടപ്പള്ളി പോസ്റ്റ് ഓഫീസില്‍ നിന്നും എനിക്കെത്തിച്ചു തന്നത് ബാലച്ചന്ദ്രേട്ടനായിരുന്നു. ശരിക്കും അന്നുമുതലാവണം ഇദ്ദേഹം എന്റെ ശ്രദ്ധയില്‍ വരുന്നത്.

 

ആദ്യകാലത്തെ കൂട്ടുകാര്‍ തമ്മിലെഴുതുന്ന ഇത്തരം കത്തുകളില്‍ തുടങ്ങി കൌമാര, യൌവന കാലങ്ങളിലെ പ്രേമലേഖനങ്ങള്‍ മുതല്‍ പുസ്തകങ്ങളും ആനുകാലികങ്ങളും അടക്കം ഈ പ്രാരബ്ധ കാലത്തെ ബാങ്ക് നോട്ടീസുകള്‍ വരെ എന്തൊക്കെ കൊണ്ടു തന്നിരിക്കുന്നു.

വീട്ടിലുള്ള ദിവസങ്ങളില്‍ മിക്കവാറും കാണും. മിക്കപ്പോഴും ഇന്നയാള്, ഇന്ന വീട് ഏതാണെന്ന ചോദ്യമുണ്ടാവും; ഈ നാല്‍പ്പത് വര്‍ഷത്തെ ദേശപരിചയത്തിന് ശേഷവും! ചിലപ്പോള്‍ ദൂരം കുറെ താണ്ടിപ്പോയിട്ടുണ്ടാവും, വിലാസക്കാരുടെ വീട് കഴിഞ്ഞ്.പുറം കാഴ്ചയില്‍ കത്ത് പ്രധാനപ്പെട്ടതെന്ന് തോന്നിയാല്‍ തിരിച്ച് നടക്കും.

നമുക്ക് ചുറ്റുമുള്ള ലോകത്തിനും മനുഷ്യര്‍ക്കുമപ്പുറം വിശാലമായ ലോകവും മനുഷ്യരും കൌതുകമായ കാലത്ത് എഴുത്തിലൂടെ മാത്രം ഉരുവായി നിലനിന്ന കുറെ ചങ്ങാത്തങ്ങള്‍ സൈബര്‍ യുഗം ആരംഭിക്കും മുമ്പ് പുറംലോകത്തേക്കുള്ള വാതിലുകളായിരുന്നു. പല വഴി കിട്ടിയ വിലാസങ്ങളില്‍ പൂത്തുലഞ്ഞ സൌഹ്യദങ്ങള്‍.കേരളത്തിന് പുറത്തും വിദേശത്തും വരെ നീണ്ട ബന്ധങ്ങള്‍.ആ കാലത്ത് ഒരു കത്തെങ്കിലും ഉണ്ടാവുമായിരുന്നു എന്നും. കൂടാതെ ആദ്യകാലത്ത് ബോംബൈലും (അന്ന് മുംബൈ ആയിക്കഴിഞ്ഞിട്ടില്ല) പിന്നീട് ദുബായിലും ജീവിതം കരുപ്പിടിപ്പിക്കാനായി ചേക്കേറിയ മാമന്മാരടക്കമുള്ള ബന്ധുക്കളുടെ കത്തുകളും.

ടെലഫോണ്‍ പോലും അത്ര പ്രചാരത്തില്‍ വന്നിട്ടില്ലാത്ത ആ കാലത്ത് കത്തുകള്‍ നിത്യ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു… പരസ്പരം വിവരങ്ങള്‍ അറിയിക്കാനും സൌഹ്യദവും സ്‌നേഹവും മറ്റും മറ്റും പങ്കുവെക്കാനും നിലവിലുണ്ടായിരുന്ന ഒരേയൊരു മാര്‍ഗ്ഗം ആ കാലത്ത് ഞങ്ങളുടെ നാട്ടുമ്പുറത്തൊക്കെ അക്ഷരം അറിയാത്ത അനേകരുണ്ടായിരുന്നു.

അവര്‍ക്ക് വരുന്ന കത്തുകള്‍ വായിച്ചുകൊടുക്കുന്നതും അയക്കാനുള്ള കത്തുകള്‍ എഴുതിക്കൊടുക്കുന്നതും പോസ്റ്റ്മാന്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ പുതിയ കാലത്തെ തലമുറയ്ക്ക് വിശ്വസിക്കാന്‍ കഴിയുമോ എന്നറിയില്ല. പക്ഷെ സത്യം അതായിരുന്നു.

കുട്ടിക്കാലത്തെ വലിയൊരു കൌതുകമായിരുന്നു മരക്കാലുള്ള ചൂരല്‍ തണ്ടുള്ള എട്ടിന് പകരം പതിനാറ് കമ്പികളുള്ള അസാരം വലിയ, ലേശം നരച്ച ആ കുട! അന്നത് വകുപ്പുതലത്തില്‍ വിതരണം ചെയ്തു കിട്ടുന്നതായിരുന്നെന്ന് പറഞ്ഞു തന്നത് ഓര്‍മ്മയുണ്ട്. അതുപോലെ ഒരെണ്ണം കിട്ടാന്‍ ശ്രമിച്ചുനോക്കിയതും മറന്നിട്ടില്ല! ഇന്നവര്‍ക്ക് ആ കുട കിട്ടുന്നില്ല.സധരണ ചെറിയ കുടയായി. മഴയത്തൊക്കെ നനയാതെ ഉരുപ്പടികള്‍ എത്തിക്കാന്‍ വല്ലാത്ത പ്രയാസമാണെന്ന് ഈ കഴിഞ്ഞ മഴക്കാലത്ത് ഒരു ദിവസം പറയുകയും ചെയ്തു. യൂണിഫോമിലും വന്നു മാറ്റങ്ങള്‍, പല കാലങ്ങളില്‍ പല രീതിയില്‍. ഇടക്കാലത്ത് നീല നിറത്തിലായിരുന്നത് വീണ്ടും കാക്കിയായി ഈയടുത്ത്.

ഒരിക്കല്‍, എനിക്ക് പതിനെട്ട് പത്തൊമ്പത് വയസുള്ളപ്പോള്‍ ഇവിടുന്ന് കാവിലുംപാറക്ക്, കൂട്ടുകാരന്‍ സജി തോമസിന് അയച്ച ഒരു ഇന്‍ലാന്റ് എവിടെയും പോകാതെ രണ്ട് വശത്തും മടപ്പള്ളി കോളേജ് സീലുമായി തിരിച്ചിങ്ങ് കൊണ്ടു തന്നതിന്റെ പേരില്‍ പോസ്റ്റല്‍ സൂപ്രണ്ടിന് പരാതി കൊടുത്തപ്പോഴാണ് പോസ്റ്റല്‍ വകുപ്പിന്റെ രീതികളിലെ കണിശത ബോധ്യമായത്. പരാതി കൊടുത്ത് രണ്ടു ദിവസത്തിനകം നടപടികള്‍ ഉണ്ടായി.

അന്ന് കംബ്ലൈന്റസ് ഇന്‍സ്‌പെക്ടറും മറ്റുമായി വീട്ടില്‍ വന്നപ്പോള്‍ ‘എന്നെയും ബാധിച്ചേക്കും, നോക്കാതെ തന്നതിന്’ എന്ന് ബാലചന്ദ്രേട്ടന്‍ പറഞ്ഞതിനാല്‍ ആ പരാതി പിന്‍വലിക്കുകയായിരുന്നു.

പ്രണയാതുരമായ മനസ്സുകള്‍ തങ്ങള്‍ എഴുതിയറിയിച്ച പ്രണയത്തിനുള്ള ഇമ്പമാര്‍ന്ന മറുപടികള്‍ക്കായി ശിപായിയേയും കാത്തിരുന്ന കാലമൊക്കെ എന്നേ പോയ്മറഞ്ഞു.പക്ഷെ 15 – 20 വര്‍ഷം മുന്നെ കൌമാര യൗവനങ്ങള്‍ കടന്നു പോയവര്‍ക്ക് ശരിക്കും ദേവദൂതരായിരുന്നു അവര്‍.

തപാല്‍ എന്നത് ഔദ്യോഗിക വിവരങ്ങള്‍, ബാങ്ക് നോട്ടീസുകള്‍ മുതലായവ എത്തിച്ചുതരുന്ന ഒന്നായി മാറി ഇന്ന്.അതങ്ങനെയാണ് മാറ്റങ്ങള്‍ അനിവാര്യം.പഴയതൊക്കെ മഹത്തും മികച്ചതും എന്ന അഭിപ്രായമുള്ള ആളൊന്നുമല്ല ഞാനും. നമ്മുടെ ഓര്‍മ്മകളില്‍ നനുത്ത് നില്‍ക്കുന്നതൊക്കെ ചിരകാലം തുടരണമെന്നത് നമ്മുടെ വൈകാരിക സ്വാര്‍ത്ഥത മാത്രമാണ്.ലോകം മാറുക തന്നെ വേണം.മാറട്ടെ.

പക്ഷെ ഈ മനുഷ്യനെ കാണുമ്പോള്‍ എന്നിലേക്കെത്തുന്ന അനേകരെ കുറിച്ചുള്ള ഓര്‍മ്മകളുണ്ട്….. ഞാന്‍ ജീവിച്ച നീണ്ട ഒരു കാലത്ത് കൂടെയുണ്ടായിരുന്ന കുറെ ആളുകളെ കുറിച്ചുള്ള ഓര്‍മ്മകള്‍ മുന്നിലേക്ക് എടുത്തിടും, ഈ രൂപം ഓരോ കാഴ്ചയിലും… അവരുടെയൊക്കെ സ്‌നേഹം ഒരു കാലത്ത് ഈ മനുഷ്യനിലൂടെയാണ് കൈമാറിക്കിട്ടിയത്.
പ്രണയമായും സൗഹൃദമായും.

പകരം വരുന്നൊരാള്‍ കൂടെ നടക്കുന്നുണ്ടായിരുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി… നമ്മളെ കാണിച്ച് ഈ പ്രദേശത്തെ ആരെക്കുറിച്ചും ചോദിച്ചാല്‍ പറഞ്ഞു തരുമെന്ന് പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.

ഇപ്പോള്‍ അവര്‍ ഒറ്റക്ക് ഈ വഴി പോകുന്നുണ്ടായിരിക്കും.

പക്ഷെ നിങ്ങള്‍ എനിക്ക് നീണ്ടൊരു കാലത്തെ പല പല അടയാളങ്ങളാണ്. എന്നും ഓര്‍മ്മയിലുണ്ടാവുന്ന പ്രിയപ്പെട്ട ഒരാള്‍. പ്രിയപ്പെട്ട ഒരുപാടുപേരുടെ പ്രതിനിധി.

ഇതുവഴിയുള്ള ആ നടത്തം നിര്‍ത്തിക്കോളൂ.
ഏതെങ്കിലും വഴിയില്‍ ദിവസവും കുറെ നേരം നടക്കാന്‍ മറക്കണ്ട.
അറുപതിലും ഇങ്ങനെ ചൊറുക്കായി നില്‍ക്കുന്നത് ആ നടത്തം കൊണ്ടാണ്.

ജീവിതം പുതിയ വഴികളില്‍ കൂടുതല്‍ ഭംഗിയുള്ളതാവട്ടെ… ഇമ്പമുള്ളതാവട്ടെ.

 

ഹക്‌സര്‍ ആര്‍.കെ
ഫോട്ടോഗ്രാഫറാണ് ലേഖകന്‍