ഷിംല: പെണ്‍കുട്ടികളെ അനുചിതമായി സ്പര്‍ശിക്കുന്നതും അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നതും പോക്‌സോ വകുപ്പ് പ്രകാരം കുറ്റകരമെന്ന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് രാകേഷ് കൈന്ത്‌ലയുടെ ബെഞ്ചിന്റെതാണ് നിരീക്ഷണം.
വിദ്യാര്‍ത്ഥിനിയുടെ മുതുകിലും കഴുത്തിലും അനുചിതമായി സ്പര്‍ശിക്കുന്നതും അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ സിര്‍മൗറില്‍ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പളിനെതിരെ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്നതിനിടെ പ്രിന്‍സിപ്പളിനെതിരെ സ്‌കൂളിലെ 20ലധികം വിദ്യാര്‍ത്ഥിനികള്‍ സമാന ആരോപണം ഉന്നയിച്ചതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുപതോളം പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി പല അര്‍ത്ഥമുള്ള വാക്കുകള്‍ പതിവായി ഉപയോഗിക്കാറുണ്ടെന്നും പെണ്‍കുട്ടികളുടെ മുതുകിലും കവിളിലും മറ്റും സ്പര്‍ശിക്കുകയും ചെയ്യുന്നത് അസ്വസ്ഥത ഉണ്ടാക്കാറുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കി.
ഇതിന് പിന്നാലെ പ്രിന്‍സിപ്പളിനെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ 22 വര്‍ഷം സ്‌കൂളില്‍
സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് കാട്ടി ജാമ്യാപേക്ഷയുമായി ഇയാള്‍ കോടതിയെ സമീപിച്ചു.
വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ അവരെ സ്പര്‍ശിച്ചതും മോശം ഭാഷയില്‍ സംസാരിച്ചതും ലൈംഗികച്ചൊവയോടെയാണെന്ന് മാത്രമേ അനുമാനിക്കാന്‍ ആകുള്ളുവെന്ന് കോടതി പറഞ്ഞു. അതിനാല്‍ പ്രതിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Touching Female Students Inappropriately On Back & Neck, Making Comments About Their Dress Will Attract POCSO Act: HP High Court