| Wednesday, 10th January 2024, 9:17 am

ജര്‍മന്‍ പടകോപ്പ് വീണ്ടും ഇംഗ്ലണ്ടിന്റെ മണ്ണില്‍; സ്പര്‍സിന്റെ മുന്നേറ്റനിര ഇനി ഡബിള്‍ സ്‌ട്രോങ്ങ്

സ്പോര്‍ട്സ് ഡെസ്‌ക്

ജര്‍മന്‍ താരം ടിമോ വെര്‍ണറെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍. ജര്‍മന്‍ ക്ലബ്ബായ ആര്‍.ബി ലെപ്‌സിക്കില്‍ നിന്നും വെര്‍ണറെ ലോണിലാണ് ടോട്ടന്‍ഹാം സ്വന്തമാക്കിയത്. ഈ സീസണ്‍ അവസാനം വരെയാണ് താരം സ്പര്‍സിന് വേണ്ടി പന്ത് തട്ടുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള താരത്തിന്റെ രണ്ടാം വരവാണിത്.

ഇതിന് മുമ്പ് ചെല്‍സിക്ക് വേണ്ടിയും വെര്‍ണര്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. ചെല്‍സിക്കായി 89 മത്സരങ്ങള്‍ കളിച്ച ജര്‍മന്‍ താരം 23 ഗോളുകളും 21 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ചെല്‍സിക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് തുടങ്ങിയ കിരീട നേട്ടങ്ങളിലെല്ലാം വെര്‍ണര്‍ പങ്കാളിയായിട്ടുണ്ട്.

ഒടുവില്‍ 2022ല്‍ വീണ്ടും വെര്‍ണര്‍ തന്റെ പഴയ തട്ടകമായ ആര്‍.ബി ലെപ്‌സിക്കിലേക്ക് മടങ്ങുകയായിരുന്നു. ഈ സീസണില്‍ ആര്‍.ബി ലെപ്‌സിക്കിന് വേണ്ടി 14 മത്സരങ്ങളില്‍ നിന്നും രണ്ടു ഗോളുകളാണ് വെര്‍ണര്‍ നേടിയിട്ടുള്ളത്.

ടോട്ടന്‍ഹാമില്‍ എത്തിയ സന്തോഷവും ജര്‍മന്‍ താരം പങ്കുവെച്ചു.

‘എനിക്ക് ടോട്ടന്‍ഹാമിനായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മുന്നേറ്റത്തിന് എനിക്ക് എല്ലാ പൊസിഷനുകളിലും കളിക്കാന്‍ സാധിക്കും. ഞാന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പോയപ്പോള്‍ എനിക്ക് അത് നഷ്ടമായിരുന്നു. എന്നാല്‍ ഞാന്‍ വീണ്ടും ഇവിടെ തിരിച്ചെത്തുമ്പോള്‍ ടീമിനൊപ്പം പുതിയ കിരീടങ്ങള്‍ നേടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവസാനം ഞാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്,’ വെര്‍ണര്‍ പറഞ്ഞു.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം 20 മത്സരങ്ങളില്‍ നിന്നും 12 വിജയവും മൂന്ന് സമനിലയും അഞ്ചു തോല്‍വിയും അടക്കം 39 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ജര്‍മന്‍ താരത്തിന്റെ വരവോടുകൂടി ടീമിന്റെ മുന്നേറ്റ നിര കൂടുതല്‍ മാറുമെന്ന് ഉറപ്പാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജനുവരി 14ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് ടോട്ടന്‍ഹാമിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ ഹോം ഗ്രൗണ്ടായ ഓള്‍സ് ട്രാഫോഡാണ് വേദി.

Content Highlight: Tottenham Hotspur sign Timo Werner.

We use cookies to give you the best possible experience. Learn more