ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോട്ടന്‍ഹാം ഹോട്‌സ്പറിനെ തോല്‍പ്പിച്ചു. പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന്റെ ജയമില്ലാത്ത അഞ്ചാം മത്സരമായിരുന്നു ഇത്. ഈ കനത്ത തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഒരുപിടി മോശം റെക്കോഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ് സ്പര്‍സ്.
ഇംഗ്ലീഷ് പ്രിമീര്‍ ലീഗിന്റെ ചരിത്രത്തില്‍ അവസാന അഞ്ചു മത്സരങ്ങളിലും 1-0ത്തിന് മുന്നിട്ടു നിന്നിട്ടും വിജയിക്കാന്‍ സാധിക്കാത്ത ആദ്യ ടീമെന്ന മോശം റെക്കോഡിലേക്കാണ് ടോട്ടന്‍ഹാം നടന്നുകയറിയത്.
മറ്റൊരു മോശം റെക്കോഡും സ്പര്‍സ് സ്വന്തമാക്കി തുടര്‍ച്ചയായ മൂന്ന് ഹോം മത്സരങ്ങളിലും ആദ്യം ഒരു ഗോളിന് മുന്നിട്ടുനിന്നതിനു ശേഷം തോല്‍വി ഏറ്റുവാങ്ങുന്ന ആദ്യ ടീമെന്ന മോശം നേട്ടവും ടോട്ടന്‍ഹാം സ്വന്തമാക്കി.
ടോട്ടന്‍ഹാമിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 11ാം മിനിട്ടില്‍ ക്രിസ്ത്യന്‍ റോമാറോയിലൂടെ സ്പര്‍സ് ആണ് ആദ്യം ലീഡെടുത്തത്. ഒടുവില്‍ ആദ്യപകുതിയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 52ാം മിനിട്ടില്‍ ജറോഡ് ബോവനിലൂടെ വെസ്റ്റ് ഹാം മറുപടി ഗോള്‍ നേടി. 74ാം മിനിട്ടില്‍ ജെയിംസ് വാര്‍ഡ് പ്രൗസിലൂടെ വെസ്റ്റ് ഹാം വിജയഗോള്‍ നേടി.
അവസാന നിമിഷങ്ങളില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ടോട്ടന്‍ഹാം മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന് സ്വന്തം തട്ടകത്തില്‍ സ്പര്‍സ് തോല്‍ക്കുകയായിരുന്നു.