ആഴ്‌സണലിനെതിരായ തോല്‍വിക്ക് പിന്നാലെ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ പ്രതിരോധ താരം എമ്മേഴ്‌സണ്‍ റോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ലണ്ടന്‍ നാട്ടങ്കത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ടോട്ടന്‍ഹാമിന്റെ പരാജയം. മത്സരത്തില്‍ എമ്മേഴ്‌സണ്‍ റെഡ് കാര്‍ഡും വഴങ്ങിയിരുന്നു.
പ്രീമിയര്‍ ലീഗ് സീമണില്‍ ടോട്ടന്‍ഹാമിന്റെ ആദ്യ പരാജയമായിരുന്നു ഇത്. തോല്‍വിക്ക് പുറമെ എമ്മേവ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതുമാണ് ആരാധകരെ ചൊടിപ്പിച്ചത്.
65ാം മിനിട്ടിലായിരുന്നു എമ്മേഴ്‌സണ്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ആഴ്‌സണലിന്റെ ബ്രസീലിയന്‍ ഇന്റര്‍നാഷണല്‍ ഗബ്രിയേല്‍ മാര്‍ട്ടിനെലിയെ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി താരത്തെ പുറത്താക്കിയത്.
ബ്രൂട്ടലായ ഒരു ഫൗള്‍ തന്നെയായിരുന്നു അത്. പന്ത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ മാര്‍ട്ടിനെലിയും കണങ്കാലിന് സ്റ്റഡ് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ 62ാം മിനിട്ടിലായിരുന്നു എമ്മേഴ്‌സണ്‍ പുറത്തായത്. ഈ സമയം ടോട്ടന്‍ഹാം ഒരു ഗോളിന് പിന്നിലായിരുന്നു.
ലില്ലി വൈറ്റ്‌സ് 10 പേരായി ചുരുങ്ങിയതിന്റെ സകല അഡ്വാന്റേജും മുതലെടുത്ത ആഴ്‌സണല്‍ മറ്റൊരു ഗോള്‍ കൂടി ടോട്ടന്‍ഹാം വലയിലെത്തിച്ചു.
സാക്കയായിരുന്നു അവസരം മുതലെടുത്ത് ആഴ്‌സണലിന്റെ മൂന്നാം ഗോള്‍ നേടിയത്. എമ്മേഴ്‌സണ്‍ പുറത്തായി അഞ്ചാം മിനിട്ടിലായിരുന്നു സാക്ക സ്പര്‍സിന്റെ വലകുലുക്കിയത്.
ഇതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ എമ്മേഴ്‌സണ്‍ റോയലിനെതിരെ രംഗത്തെത്തിയത്.
എമ്മേഴ്‌സണിന്റെ കരിയര്‍ ഇതോടെ അവസാനിക്കട്ടേയെന്നും ഇനി മേലാല്‍ എമ്മേഴ്‌സണെ കളിപ്പിക്കരുതെന്നും ആരാധകര്‍ പറയുന്നു.
കഴിഞ്ഞ സമ്മറില്‍ ബാഴ്‌സയില്‍ നിന്നുമായിരുന്നു എമ്മേഴ്‌സണ്‍ ലില്ലി വൈറ്റ്‌സിന്റെ കൂടാരത്തിലെത്തിയത്. 25 മില്യണ്‍ യൂറോക്കായിരുന്നു സ്പര്‍സ് താരത്തെ ടീമിലെത്തിച്ചത്.
എന്നാല്‍ മികച്ച പ്രകടനങ്ങള്‍ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാത്തതിനാല്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ എമ്മേഴ്‌സണ് നേരിടേണ്ടി വന്നിരുന്നു. ഡിഫന്‍സിലെ പോരായ്മയും എതിരാളികളെ കൃത്യമായി മാര്‍ക്ക് ചെയ്യാത്തതും കാരണം എമ്മേഴ്‌സണ്‍ സ്പര്‍സ് ആരാധകര്‍ക്ക് അത്രകണ്ട് പ്രിയപ്പെട്ടവനായിരുന്നില്ല.
അതേസമയം, കഴിഞ്ഞ വിജയത്തോടെ ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരത്തില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയുമായി 21 പോയിന്റാണ് ഗണ്ണേഴ്‌സിനുള്ളത്.
എട്ട് മത്സരത്തില്‍ നിന്നും അഞ്ച് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണ് ടോട്ടന്‍ഹാമിനുള്ളത്. 17 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് സ്പര്‍സ്.
പോയിന്റ് പട്ടികയില്‍ നാലാമതുള്ള ബ്രിഗ്ടണുമായിട്ടാണ് ടോട്ടന്‍ഹാമിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ എട്ടിന് ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഏഴ് കളിയില്‍ നിന്നും നാല് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 14 പോയിന്റാണ് നാലാമതുള്ള സീഗള്‍സിനുള്ളത്.
Content Highlight: Tottenham Hotspur fans against Emmerson Royal