| Monday, 11th March 2024, 11:23 am

ലോകകപ്പ് നേടികൊടുത്തവന്റെ കൈകള്‍ ചോര്‍ന്നു; സ്വന്തം മണ്ണില്‍ നാണംകെട്ട് എമിയും കൂട്ടരും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വമ്പന്‍ വിജയം. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്. ഉനായ് എമറിയുടെ കീഴില്‍ ആസ്റ്റണ്‍ വില്ല നേരിടുന്ന ഏറ്റവും വലിയ തോല്‍വി കൂടിയായിരുന്നു ഇത്.

വില്ലയുടെ തട്ടകമായ വില്ല പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 5-3-2 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-2-1 എന്ന ശൈലിയുമാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന് രണ്ടാം പകുതിയില്‍ ആയിരുന്നു സ്പര്‍സിന്റെ നാല് ഗോളുകളും പിറന്നത്. 50ാം മിനിട്ടില്‍ ജെയിംസ് മോഡിസണിലൂടെയാണ് സ്പര്‍സ് ഗോളടി മേളം തുടങ്ങിയത്. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷം ബ്രണ്ണന്‍ ജോണ്‍സണ്‍ സന്ദര്‍ശകരുടെ ഗോളുകളുടെ എണ്ണം രണ്ടാക്കി ഉയര്‍ത്തി.

65ാം മിനിട്ടില്‍ ആസ്റ്റണ്‍ വില്ല താരം ജോണ്‍ മക്ഗിന്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ ബാക്കിയുള്ള നിമിഷങ്ങളില്‍ പത്ത് പേരുമായാണ് ആസ്റ്റണ്‍ വില്ല പന്ത് തട്ടിയത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു ടോട്ടന്‍ഹാമിന്റെ ബാക്കിയുള്ള രണ്ടു ഗോളുകള്‍ പിറന്നത്. സൂപ്പര്‍ താരം സണ്ണും ജര്‍മന്‍ താരം ടിമോ വെര്‍ണറുമാണ് സ്പര്‍സിനായി ഗോളുകള്‍ നേടിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളുകളുടെ തകര്‍പ്പന്‍ വിജയം സന്ദര്‍ശകര്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 27 മത്സരങ്ങളില്‍ നിന്നും 16 വിജയവും അഞ്ച് സമനിലയും ആറ് തോല്‍വിയും അടക്കം 53 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടന്‍ഹാം. മാര്‍ച്ച് 16ന് ഫുള്‍ഹാമിനെതിരെയാണ് ടോട്ടന്‍ഹാമിന്റെ അടുത്ത മത്സരം. ഫുള്‍ഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രാവന്‍ കോട്ടേജാണ് വേദി.

Content Highlight: Tottenham Hotspur beat Aston villa in EPL

We use cookies to give you the best possible experience. Learn more