| Wednesday, 5th October 2022, 5:03 pm

പണി അറിയില്ലെങ്കിൽ പരിപാടി നിർത്തി പോണം മിഷ്ടർ; കളി തോറ്റതിന് പിന്നാലെ കോച്ചിനെ ട്രോളി ആരാധകർ, പുറകെ വികാരാധീനനായി മിഡ് ഫീൽഡർ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രാങ്ക്ഫർട്ടിനെതിരെ വൻ പരാജയം നേരിട്ട ടോട്ടൻഹാം കോച്ചിനെ എയറിൽ കയറ്റി ആരാധകർ. മത്സരത്തിൽ എതിരാളികളെ നിലംപരിശാക്കാൻ നിരവധി അവസരങ്ങളുണ്ടായിട്ടും സ്പഴ്‌സിന്റെ പരിശീലകനായ അന്റോണിയോ കോണ്ടെ തന്റെ തന്ത്രങ്ങൾ പാഴാക്കി കളഞ്ഞതിനെ ആരാധകർ ചോദ്യം ചെയ്യുകയായിരുന്നു.

യൂറോപ്പിൽ മുമ്പ് നടന്ന ഏഴ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ സ്പഴ്‌സിനായില്ല. നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സണലിനെതിരെ പരാജയം ഏറ്റു വാങ്ങിയിട്ടും ചൊവ്വാഴ്ചയും അതേ സ്റ്റാർട്ടിങ് ലൈനപ്പിനെ തന്നെയാണ് കോണ്ടെ തെരഞ്ഞെടുത്തത്.

പ്രീമിയർ ലീഗിൽ മാന്യമായ തുടക്കമായിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം തന്റെ തന്ത്രങ്ങൾ പാഴാക്കി കളയുകയാണെന്നാണ് ആരാധകർ വിമർശിച്ചത്.

തീർത്തും നിരാശാജനകമായ പ്രകടനമാണ് തങ്ങൾക്ക് പുറത്തെടുക്കാനായതെന്നാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ടോട്ടൻഹാം മിഡ്ഫീൽഡർ പിയറി എമിലി ഹോജ്‌ബെർഗ് പറഞ്ഞത്.

പ്രതികൂലമായ സാഹചര്യമായിരുന്നു ഫ്രാങ്ക്‌ഫർട്ടിനെതിരെ നടന്ന മത്സരത്തിൽ അഭിമുഖീകരിച്ചതെന്നും അവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ ടോട്ടൻഹാം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഞങ്ങൾ നൂറ് ശതമാനം നിരാശരാണ്. അവസാനം വരെ ഞങ്ങൾ പരിശ്രമം തുടർന്നിരുന്നു എന്ന് തന്നെയാണ് വിശ്വാസം. പക്ഷേ അവസരങ്ങൾ എങ്ങനെയൊക്കെയോ മിസായി പോയി. അവ വേണ്ടത് പോലെ ഉപയോഗപ്പെടുത്താനുള്ള സാഹചര്യമായിരുന്നില്ല. ഞങ്ങൾ അങ്ങേയറ്റം നിരാശരാണ്. പറയാൻ എളുപ്പമാണ്, പക്ഷെ ടീം അഭിമുഖീകരിക്കുന്ന പ്രയാസം വളരെ കടുപ്പമുള്ളതാണ്,” അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾക്ക് ജയിക്കാനായില്ലെങ്കിൽ അതിനർത്ഥം കളി നഷ്ടപ്പെട്ടു എന്നല്ലെന്നും വളരെ പക്വതയോടെയാണ് തങ്ങൾ മത്സരത്തെ നോക്കി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മത്സരം നടക്കുമ്പോളും ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നതെന്നും പക്ഷെ എന്തുകൊണ്ടോ തങ്ങൾക്കതിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രീമിയർ ലീഗ് അവസാനിക്കുമ്പോൾ സ്പഴ്‌സ് നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ സമ്മറിൽ 114 ദശലക്ഷം പൗണ്ടാണ് സ്പഴ്‌സ് ടീമിന്റെ പുരോഗമനത്തിന് വേണ്ടി ചെലവഴിച്ചത്. ക്ലബ്ബ് മാനേജ്മെന്റും കളിക്കാരും നന്നായി സഹകരിക്കുമ്പോൾ അന്റോണിയോയുടെ പരിശീലനം സുഗമമാകുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.

Content Highlights: Tottenham fans turn on Antonio Conte after the match against Frankfurt

Latest Stories

We use cookies to give you the best possible experience. Learn more