അബുദാബി: യു.എ.ഇയിലെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഗവണ്‍മെന്റിനു വേണ്ടി ചോര്‍ത്തുന്നു എന്നതിന്റെ പേരില്‍ ഗൂഗിളും ആപ്പിളും പുറത്താക്കിയ ടോടോക് ആപ്പ് വീണ്ടും വിപണിയിലെത്തുന്നു.
ഡിസംബര്‍ 27 ന് ആപ്പിന്റെ കോ ഫൗണ്ടറായ ഗിയകോമോ സിയാനി ടോടോക്കിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും അതിനിലാല്‍ ആപ്പിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ടോ ടോക്കിനുള്ള വിലക്ക് നീക്കുന്നത്.
അന്താരാഷട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തിലായിരുന്നു ടോടോക് ഉപയോഗിക്കുന്ന ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ യു.എ.ഇ ഗവണ്‍മെന്റിനായി ചോര്‍ത്തുന്നു എന്ന ആരോപണം വന്നത്.
റിപ്പോര്‍ട്ടിനു പിന്നാലെ ആപ്പിളും ഗൂഗിളും പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ടോടോക്കിനെ നീക്കം ചെയ്യുകയും ചെയ്തു.
2018 ലാണ് യു.എ.ഇയില്‍ ടോടോക് ആപ്പ് പ്രചാരത്തിലിറങ്ങിയത്. വാട്സ് ആപ്പ് സ്‌കൈപ്പ് തുടങ്ങിയ ആപ്പുകള്‍ക്ക് വിലക്കുള്ളതിനാല്‍ അതിവേഗം തന്നെ ടോ ടോക് പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു.
പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടോടോക്കിന്റെ പ്രത്യേകത. 20 പേര്‍ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ടോടോക്കില്‍ സൗകര്യമുണ്ട്.
യു.എ.ഇയില്‍ പ്രചാരത്തിലുണ്ടായിരുന്ന ബോട്ടിം ആപ്പിനെ പിന്നിലാക്കിയാണ് ടോടോക് പ്രചാരത്തിലെത്തിയത്.
ടോ ടോക്കിന്റെ സ്ഥാപക കമ്പനിയായ ബ്രീജ് ഹോള്‍ഡിങ്ങ് അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ ഡാര്‍ക്ക് മാറ്ററിന്‍രെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കമ്പനിക്കെതിരെ നിലവില്‍ എഫ് ബി.ഐ അന്വേഷണം നടത്തുന്നുണ്ട്.