അസംബന്ധമായ കുറ്റങ്ങള്‍ ചുമത്തി പഴയ ആക്ടിവിസ്റ്റുകളെ യു.എ.പി.എ ചുമത്തി ജയിലടയ്ക്കുന്നത് മനുഷ്യത്വരഹിതം: പ്രശാന്ത് ഭൂഷണ്‍
national news
അസംബന്ധമായ കുറ്റങ്ങള്‍ ചുമത്തി പഴയ ആക്ടിവിസ്റ്റുകളെ യു.എ.പി.എ ചുമത്തി ജയിലടയ്ക്കുന്നത് മനുഷ്യത്വരഹിതം: പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th July 2020, 11:10 am

ന്യൂദല്‍ഹി : അസംബന്ധമായ കുറ്റങ്ങള്‍ ചുമത്തി പഴയ ആക്ടിവിസ്റ്റുകളെ ജയിലിടയ്ക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. കൊവിഡ് കാലഘട്ടത്തില്‍ യാതൊരു വിചാരണയും കൂടാതെ നിര്‍ദ്ദയമായ യു.എ.പി.എ ചുമത്തി ജയിലിനുള്ളില്‍ അടയ്ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

യു.എ.പി.എ ചുമത്തി സര്‍ക്കാര്‍ ജയിലിലടച്ച മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനും കവിയുമായ വരവര റാവുവിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

” അസംബന്ധമായ ആരോപണങ്ങളില്‍ ക്രൂരമായ യു.എ.പി.എ ചുമത്തി പഴയ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതും കൊവിഡ് കാലത്ത് ഒരു വിചാരണയും കൂടാതെ അവരെ ജയിലിലടയ്ക്കുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയാണ്,” പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 78 കാരനായ മനുഷ്യാവകാശപ്രവര്‍ത്തകനും എഴുത്തുകാരനും കവിയുമായ വരവര റാവുവിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കുടുംബവും പറഞ്ഞിരുന്നു. ശനിയാഴ്ച അദ്ദേഹത്തില്‍ നിന്ന് ഇതു സംബന്ധിച്ച് ഫോണ്‍ കോള്‍ ലഭിച്ചതായും കുടുംബവും അഭിഭാഷകനും അറിയിച്ചിരുന്നു.

വരവര റാവു 2018 മുതല്‍ ജയിലിലാണ്. ഭീമ-കൊരെഗാവ് ദളിത്-സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്. അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയും പൂണെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

വരവര റാവുവിന്റെ ആരോഗ്യനില സംബന്ധിച്ച് ജയില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

ഇടക്കാല ജാമ്യത്തിനുള്ള റാവുവിന്റെ അപേക്ഷ കഴിഞ്ഞ മാസം പ്രത്യേക കോടതി നിരസിച്ചിരുന്നു. അദ്ദേഹത്തിന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ