വടക്കേ അമേരിക്കയിലും കാനഡയിലെ ഏതാനും സ്ഥലങ്ങളിലും ഇന്ന് സമ്പൂർണ്ണ സൂര്യഗ്രഹണം
World News
വടക്കേ അമേരിക്കയിലും കാനഡയിലെ ഏതാനും സ്ഥലങ്ങളിലും ഇന്ന് സമ്പൂർണ്ണ സൂര്യഗ്രഹണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2024, 9:40 am

ന്യൂയോർക്ക്: വടക്കേ അമേരിക്കയിൽ ഇന്ന് സമ്പൂർണ്ണ സൂര്യഗ്രഹണം. 12 ഓളം അമേരിക്കൻ സംസ്ഥാനങ്ങളിലും കാനഡയിലെ ഏതാനും സ്ഥലങ്ങളിലും ഗ്രഹണം ഉച്ചതിരിഞ്ഞ് പൂർണ്ണതയിൽ എത്തും. 50 വർഷത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ സൂര്യഗ്രഹണം ആയിരിക്കും ഇത്.

ദക്ഷിണ പെസഫിക് സമുദ്രത്തിൽ നിന്നും തുടങ്ങുന്ന ഗ്രഹണത്തിന്റെ പാത മെക്സിക്കോ കടന്ന് പിന്നീട് അമേരിക്കയിലേക്ക് എത്തും. ടെക്സസിലാണ് ഗ്രഹണത്തിന്റെ ആദ്യ ദർശനം പ്രത്യക്ഷപ്പെടുക.

ഇന്ത്യയിൽ നിന്ന് ​ഗ്രഹണം കാണാനാകില്ല. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ രാജ്യക്കാർക്കാണ് ഈ ​ഗ്രഹണം നേരിൽ കാണാൻ സാധിക്കുക. ​ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് എന്നാണ് ഇന്നത്തെ ​ഗ്രഹണം അറിയപ്പെടുന്നത്.

നാസയടക്കമുള്ള ഏജൻസികൾ ​ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ​ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും.

നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.

Content Highlight: Total solar eclipse today in North America