| Thursday, 12th March 2020, 7:06 pm

ഇന്ത്യയില്‍ 73 കൊറോണ ബാധിതര്‍, ഏറ്റവും കൂടുതല്‍ കേരളത്തില്‍; വൈറസ് പെട്ടന്ന് പടര്‍ന്നുപിടിക്കുന്ന സാഹചര്യം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്; ഇറാനിലുള്ളവരെ തിരിച്ചെത്തിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. 56 ഇന്ത്യക്കാര്‍ക്കും 17 വിദേശകള്‍ക്കുമാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. ഇന്ന് പുതുതായി 13 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗ്രവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ 900 ഇന്ത്യക്കാരെ വിദേശരാജ്യങ്ങളില്‍നിന്നും തിരിച്ചെത്തിച്ചു. മാലെദ്വീപ്, മ്യാന്‍മാര്‍, ചൈന, അമേരിക്ക, ശ്രീലങ്ക, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, പെറു തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചതെന്നും അരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 150 ഇന്ത്യക്കാരെ വെള്ളിയാഴ്ച രാത്രിയോടെ മുംബൈ വിമാനത്താവളത്തില്‍ ഇറാന്‍ എയര്‍ വിമാനത്തില്‍ തിരിച്ചെത്തിക്കും. വരും ദിവസങ്ങളില്‍ ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും.

‘വൈറസ് പെട്ടന്ന് പടര്‍ന്നുപിടിക്കുന്ന സാഹചര്യം ഭാഗ്യവശാല്‍ ഇന്ത്യയിലില്ല. ഇന്ത്യയ്ക്ക് പുറത്തുനിന്ന് വന്നവരിലും അവരുടെ കുടുംബാംഗങ്ങളിലുമാണ് വൈറസ് ബാധയുണ്ടായിട്ടുള്ളത്. രോഗബാധിതരെ തിരിച്ചറിയുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്’, ലാവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊറോണാ വൈറസ് നിയന്ത്രിക്കാനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ സമയമെടുക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോ ഗംഗ കെറ്റ്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഒരു ലക്ഷത്തോളം പരിശോധനാ സാമഗ്രികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കെറ്റ്കാര്‍ പറഞ്ഞു.

‘ഇത് വാക്‌സിന്‍ ആണെങ്കില്‍ക്കൂടിയും ക്ലിനിക്കല്‍ പരീക്ഷണങ്ങളും അംഗീകാരങ്ങളും ആവശ്യമാണ്. ഇത് മനുഷ്യശരീരത്തില്‍ വിജയകരമാണെന്ന് തെളിഞ്ഞാല്‍ത്തന്നെയും അതിന് ഒന്നരവര്‍ഷത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്’, ഡോ ഗംഗ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൊവിഡ് 19ന്റെ വ്യാപനത്തെ തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ച ഇദ്ദേഹം വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more