| Tuesday, 28th May 2013, 4:34 pm

കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍: കാസിയസും,ടോറസും സ്‌പെയിന്‍ ടീമില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മാഡ്രിഡ്:  അടുത്ത മാസം ബ്രസീലില്‍ വെച്ച് നടക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിനുള്ള സ്‌പെയിന്‍ ടീമില്‍ ഗോളിക്കീപ്പര്‍  ഇകേര്‍ കാസിയസിനെയും സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിനെയും ഉള്‍പ്പെടുത്തി.[]

കോണ്‍ഫെഡറേഷന്‍ കപ്പിന് സ്‌പെയിനിന് വേണ്ടി കളിക്കുന്ന 26 അംഗ ടീമിനെ കഴിഞ്ഞ ദിവസമാണ്  കോച്ച് വിന്‍സെന്റ് ഡെല്‍ബോസ്‌കിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്.

ഇപ്പോള്‍ പ്രഖ്യാപിച്ച 26 അംഗ ടീമില്‍ നിന്ന് 23 അംഗ ടീമിനെ പിന്നീട് പ്രഖ്യാപിക്കും.

കൈയ്യിന് പരിക്കേറ്റതിനെ തുടര്‍ന്ന് കാസിയസിന് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഉള്‍പ്പടെ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. യൂറോപ്പാ ലീഗ് കിരീടം  ചെല്‍സിക്ക് നേടിക്കൊടുത്തതിനെ തുടര്‍ന്നാണ്  ടോറസിനെ ദേശീയ ടീമിലേക്ക് തിരിച്ച് വിളിച്ചത്.

ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ടോറസിന് സാധിച്ചിരുന്നു. ഈ പ്രകടനം ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ ടോറസിനെ സഹായിച്ചു.
ബ്രസീല്‍ ഉള്‍പ്പടെ എട്ട് പ്രമുഖ  ടീമുകളാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ പന്ത്  തട്ടാനിറങ്ങുന്നത്. ജൂണ്‍ 15 മുതല്‍ 30 വരെയാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുന്നത്.

സ്‌പെയിനിന്റെ ആദ്യ മത്സരം ജൂണ്‍ 16 ന്  കോപ്പാ അമേരിക്ക കിരീട ജേതാക്കളായ യുറുഗ്വേക്കെതിരേയാണ്. കോണ്‍ഫെഡറേഷന്‍ കപ്പിന്  മുമ്പ്  ജൂണ്‍ എട്ടിന് ഹെയ്തിക്കെതിരേയും മൂന്നു ദിവസങ്ങള്‍ക്ക്  ശേഷം അയര്‍ലന്‍ഡിനെതിരേയും സ്‌പെയിന്‍ രാജ്യാന്തര സൗഹൃദ മത്സരം കളിക്കും. യു.എസിലെ മിയാമിയിലും ന്യൂയോര്‍ക്കിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

We use cookies to give you the best possible experience. Learn more