ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നിയോഗിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ പാനലില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഷാഹിദിന്റെ രാജി.
‘ഈ തീരുമാനം പൂര്‍ണ്ണമായും ശരിയാണ്. കൂടുതലൊന്നും പറയാനില്ല. ഒരു കാരണം പറയാന്‍ ഞാന്‍ ബാധ്യസ്ഥല്ല,’ എന്നായിരുന്നു രാജിയ്ക്ക് ശേഷം ഷാഹിദ് പറഞ്ഞത്.
എന്നാല്‍ അടുത്തിടെ ജമീല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച വന്നെന്ന തരത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
സര്‍ക്കാരിന്റെ ചില നയങ്ങള്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ ശരിയായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിലെ പ്രതിസന്ധികളെപ്പറ്റിയും അദ്ദേഹം തുറന്നെഴുതിയിരുന്നു.
ടെസ്റ്റിംഗ് നിരക്ക് കുറവാണെന്നും, വാക്‌സിനേഷനിലെ പാളിച്ചകള്‍, വാക്‌സിന്‍ ക്ഷാമം എന്നിവയെല്ലാം മഹാമാരിയെ ശരിയായ രീതിയില്‍ പ്രതിരോധിക്കുന്നതിന് തടസ്സമായെന്നും ഷാഹിദ് പറയുന്നു.
കൊവിഡ് വ്യാപനം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതിനെതിരെ കേന്ദ്രത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനമുയരുകയാണ്. ആഗോള മാധ്യമങ്ങള്‍ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ലെന്ന രീതിയില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പുതിയ പാര്‍ലമെന്റ് നിര്‍മ്മാണവുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന ഘട്ടത്തിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനാണ് കേന്ദ്രത്തിന് തിടുക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
അതേസമയം കൊവിഡ് വ്യാപനം തടയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടാന്നാരോപിച്ച് പോസ്റ്റര്‍ പതിച്ച 12 പേരെ ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിനാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നിലധികം എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. 800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലീസ് പിടിച്ചെടുത്തു.
രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
ആഭ്യന്തരമായി 10 കോടി വാക്സിന്‍ നല്‍കിയപ്പോള്‍ 6.45 കോടി ഡോസാണ് കയറ്റുമതി ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴായിരുന്നു കേന്ദ്രം വാക്‌സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക