ഇസ്രഈല്‍-ഫലസ്തീന്‍ വിഷയങ്ങൾക്കായുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു
World News
ഇസ്രഈല്‍-ഫലസ്തീന്‍ വിഷയങ്ങൾക്കായുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2024, 9:47 pm

വാഷിങ്ടണ്‍: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ രാജിവെച്ച് അമേരിക്കയിലെ ഉന്നതതല ഉദ്യോഗസ്ഥന്‍. ഗസയിലെ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദരായ ഉദ്യോഗസ്ഥനാണ് രാജിവെച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രാജിവെച്ചത് യു.എസിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആന്‍ഡ്രൂ മില്ലര്‍ ആണെന്ന് ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മില്ലറിന്റെ രാജി.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാന്‍ ഒരുപാട് ശ്രമിച്ചു. ഇനിയെങ്കിലും കുടുംബത്തോടപ്പം സമയം ചെലവഴിക്കണം എന്ന് മില്ലര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലയില്‍ തുടരാന്‍ താത്പര്യമുണ്ടെന്ന് മില്ലര്‍ പറഞ്ഞതായും സഹപ്രവര്‍ത്തകര്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇസ്രഈലുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുവന്നത് മില്ലറിന്റെ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നാണെന്ന് സര്‍ക്കാരില്‍ സംശയം നിലനില്‍ക്കവെയാണ് രാജി.

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇസ്രഈലി കുടിയേറ്റര്‍ക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ നിര്‍ണായക തീരുമാനത്തില്‍ പങ്കുവഹിച്ച വ്യക്തി കൂടിയാണ് ആന്‍ഡ്രൂ മില്ലര്‍. നേരത്തെ ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസിഡറുടെ മുതിര്‍ന്ന നയതന്ത്ര ഉപദേശകന്‍ കൂടിയായിരുന്നു അദ്ദേഹം.

മില്ലറിന് പുറമെ ബൈഡന്‍ ഇസ്രഈലിന് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് യു.എസ് ആര്‍മി ഓഫീസര്‍ മേജര്‍ ഹാരിസണ്‍ മാന്‍ രാജിവെച്ചിരുന്നു.

ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് യു.എസിലെ ഇസ്രഈല്‍ എംബസിക്ക് പുറത്തായി, അമേരിക്കന്‍ എയര്‍മാന്‍ ആരോണ്‍ ബുഷ്‌നെല്‍ സ്വയം തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും നിരവധി ഉദ്യോഗസ്ഥര്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു

Content Highlight: Top US State Department official for Israel-Palestine affairs resigns