ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രികര്‍ക്ക് മുകളിലൂടെ ഹെലികോപ്‌റില്‍ പുഷ്പവൃഷ്ടി നടത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് മുകളില്‍ ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും ഹെലികോപ്ടറില്‍ പുഷ്പ വൃഷ്ടി നടത്തി. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ചിലവില്‍ ഉദ്യോഗസ്ഥരുടെ നടപടി.
ഹെലികോപ്ടര്‍ യാത്രയ്ക്കും പുഷ്പങ്ങള്‍ വിതറുന്നതിനുമുള്ള ചെലവ് സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹിച്ചതെന്ന് കന്‍വാര്‍ യാത്ര നോഡല്‍ ഓഫീസറും റൂറല്‍ പൊലീസ് സുപ്രണ്ടുമായ നീരജ് കുമാര്‍ ജദാഊന്‍ പറഞ്ഞു.
ഗാസിയാബാദ് സിറ്റി മേയര്‍ ആശാ ശര്‍മ്മയും സ്വന്തം ചെലവില്‍ ഹെലികോപ്ടറില്‍ നിന്ന് പുഷ്പ വൃഷ്ടി നടത്താനുള്ള അനുമതി തേടിയിട്ടുണ്ട്. കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് മേല്‍ ഇതിന് മുമ്പ് മീററ്റിലും ഉദ്യോഗസ്ഥര്‍ പുഷ്പവൃഷ്ടി നടത്തിയത് വിവാദമായിരുന്നു.
നിലവില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നുണ്ടെങ്കിലും ഹെലികോപ്ടര്‍ യാത്ര നടത്തി പുഷ്പവൃഷ്ടി നടത്തിയതാണ് വിവാദമായത്.