20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിലേക്ക് നായികയെ തേടി നടക്കുകയാണ് സത്യന്‍ അന്തിക്കാട്. ഒരു പരസ്യചിത്രത്തില്‍ കണ്ട ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയുടെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായി. അതിന് പിന്നാലെ പോയ സത്യന്‍ അന്തികാട് തിരുവല്ലയില്‍ നിന്നും ഡയാനയെ കണ്ടെത്തി. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും ബന്ധുക്കളുടെ എതിര്‍പ്പ് മൂലം ആ ചിത്രത്തിലേക്ക് വരുന്നില്ലെന്ന് ഡയാന പറഞ്ഞു. ഡയാനക്ക് ഇഷ്ടമാണോ എന്ന് സത്യന്‍ അന്തിക്കാട് ചോദിച്ചു, ഇഷ്ടമാണ്, അച്ഛനും അമ്മക്കും വിരോധമുണ്ടോ, ഇല്ല, എങ്കില്‍ ഷൂട്ടിന് വരാന്‍ സത്യന്‍ പറഞ്ഞു. അന്ന് ഡയാനയുടെ പേര് കൂടി മാറ്റി മറ്റൊരു പേര് സത്യന്‍ അന്തിക്കാട് നല്‍കി, നയന്‍താര.
അന്ന് താന്‍ സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ നടി ഇന്ത്യയാകെ അറിയപ്പെടുന്ന താരമാവുമെന്ന് സത്യന്‍ അന്തിക്കാട് പോലും വിചാരിച്ചിരുന്നില്ല. മനസിനക്കരെയിലൂടെ നയന്‍താര സിനിമയിലേക്ക് വന്നിട്ട് 20 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്നവര്‍ എത്തിനില്‍ക്കുന്നത് ഇന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലാണ്. നായകന് പ്രേമിക്കാനും മരംചുറ്റാനും ഡാന്‍സ് കളിക്കാനും മാത്രം നായികമാരെ ഉപയോഗിച്ചിരുന്ന കാലത്ത് സിനിമയിലെത്തിയ നയന്‍താര, ഹീറോയിന്‍സ് ലീഡാവുന്ന സിനിമകള്‍ സൂപ്പര്‍ഹിറ്റാവുന്ന നിലയിലേക്ക് സിനിമ മാറിയപ്പോള്‍ ആ മാറ്റത്തെ മുന്നില്‍ നിന്ന് നയിച്ചു. ആ യാത്ര ഒട്ടും എളുപ്പവുമായിരുന്നില്ല. ഉയര്‍ച്ചകളും താഴ്ചകളും കടന്ന് ഇന്ന് ബോളിവുഡ് വരെയെത്തി നില്‍ക്കുന്ന നയന്‍സിന്റെ കരിയറിലെ ഏറ്റവും മികച്ച പത്ത് സിനിമകള്‍ ഇന്ന് പരിശോധിക്കാം.
ആദ്യചിത്രമായ മനസിനക്കരെ തന്നെയാണ് ഈ ലിസ്റ്റില്‍ ആദ്യം ചേര്‍ക്കാനുള്ളത്. തുടക്കക്കാരിയായിരുന്നിട്ടും ആ പതര്‍ച്ചയില്ലാതെ പരിചയസമ്പന്നയായ നടിയുടെ തഴക്കത്തോടെ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നയന്‍താരക്കായി. ജയറാം, ഷീല, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സുകുമാരി എന്നീ പ്രതിഭകളോടൊപ്പം നയന്‍താര ഇടിച്ചുനിന്നു. 2003 ക്രിസ്മസ് ദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്.
ഗ്ലാമര്‍ വേഷങ്ങളിലും കൊമേഴ്ഷ്യല്‍ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ സീതയാവാനുള്ള ക്ഷണം നയന്‍താരക്ക് ലഭിക്കുന്നത്. ഒരു ഗ്ലാമര്‍ നടി സീതയുടെ റോളിലെത്തുന്നതില്‍ പലരും നെറ്റി ചുളിച്ചു. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹിന്ദു മക്കല്‍ കക്ഷി എന്ന രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കെതിരെ വലിയ പ്രതിഷേധം തന്നെ സംഘടിപ്പിച്ചു. എന്നാല്‍ ചിത്രത്തില്‍ നയന്‍താര തന്നെ സീതയായി. നന്ദമൂരി ബാലകൃഷ്ണയാണ് രാമനായി എത്തിയത്. പ്രതിഷേധങ്ങളേയും അതിര്‍ശബ്ദങ്ങളേയും തരണം ചെയ്ത ശ്രീരാമരാജ്യം പോസിറ്റീവ് റെസ്‌പോണ്‍സിനൊപ്പം ബോക്‌സ് ഓഫീസില്‍ വലിയ വിജയവുമായി. നായന്‍താരയുടെ പ്രകടനം പ്രശംസിക്കപ്പെട്ടു. ശ്രീരാമ രാജ്യത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച തെലുങ്ക് നടിക്കുള്ള പുരസ്‌കാരവും നയന്‍താരക്ക് ലഭിച്ചു.
ശ്രീരാമരാജ്യത്തിന് ശേഷം അഭിനയം നിര്‍ത്താന്‍ നയന്‍സ് തീരുമാനമെടുത്തിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം നയന്‍സ് തിരികെയെത്തിയ ചിത്രമാണ് അറ്റ്‌ലി സംവിധാനം ചെയ്ത രാജാറാണി. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം നയന്‍സ് വമ്പന്‍ തിരിച്ചുവരവ് നടത്തിയ രാജാ റാണിയാണ് മൂന്നാമത് പറയാനുള്ളത്. നയന്‍താരയുടെ കരിയറിലെ വലിയൊരു വഴിത്തിരിവ് കൂടിയായിരുന്നു ചിത്രം. റെജീനയുടെ എല്ലാ വികാരങ്ങളും അത്രമേല്‍ ഉള്‍ക്കൊണ്ട് അമ്പരപ്പിക്കുന്ന പ്രകടനമാണ് നയന്‍സ് രാജാറാണിയില്‍ പുറത്തെടുത്തത്. ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ അവാര്‍ഡും നയന്‍താരക്ക് ലഭിച്ചു.
അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത മായയാണ് നാലാമത്. ഏറ്റവും ജനപ്രീതിയുള്ള നയന്‍താര ചിത്രങ്ങളിലൊന്ന് കൂടിയാവും മായ. ഹൊറല്‍ ത്രില്ലറായ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് നയന്‍താര അഭിനയിച്ചത്. ഈ ചിത്രത്തിലും ഇമോഷണല്‍ രംഗങ്ങളിലെ നയന്‍താരയുടെ പ്രകടനം അവിസ്മരണീയമായിരുന്നു.
വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താനാണ് അഞ്ചാമത് പറയാനുള്ളത്. കേള്‍വിശക്തിയില്ലാത്ത് ചുണ്ടനക്കം കണ്ട് പറയുന്നത് തിരിച്ചറിയുന്ന കാദംബരി എന്ന കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇമോഷണല്‍, കോമഡി രംഗങ്ങളിലും നയന്‍താര തന്നെയാണ് സ്‌കോര്‍ ചെയ്തത്.
സിദ്ദീഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡാണ് ആറാമത്. നയന്‍താരയിലെ നടിയെ പുറത്തെടുത്ത സിനിമയാണ് ബോഡി ഗാര്‍ഡ്. നായകനായ ജയകൃഷ്ണനോട് പ്രണയം പറയുന്ന അമ്മുവിന്റെ ഒറ്റ സീന്‍ മതി നയന്‍താര എന്ന അഭിനേത്രിയുടെ റേഞ്ച് മനസിലാവാന്‍. റിലീസ് സമയത്ത് തിയേറ്ററുകളില്‍ ചിത്രം അത്ര വിജയമായിരുന്നില്ലെങ്കിലും പിന്നീട് ചിത്രംകഥകൊണ്ടും പ്രകടനം കൊണ്ടുമെല്ലാം ചര്‍ച്ചയായി. ബോഡിഗാര്‍ഡ് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
മമ്മൂട്ടിക്കൊപ്പം നയന്‍താര അഭിനയിച്ച പുതിയ നിയമമാണ് ഏഴാമത്. ഒരു പെണ്ണിന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ഇന്റന്‍സായ പ്രകടനമായിരുന്നു നയന്‍സിന്റേത്. ചിത്രം കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും വലിയ ശ്രദ്ധ നേടിയിരുന്നു.
ക്രൈം ത്രില്ലര്‍ ഴോണറില്‍ പ്രതികാരകഥ പറഞ്ഞ ഇമൈക്കനൊടികളാണ് എട്ടാമത്. സി.ബി.ഐ ഓഫീസറായ അഞ്ജലി വിക്രമാദിത്യന്‍ ഐ.പി.എസ് ആയാണ് നയന്‍താര അഭിനയിച്ചത്. ഒരു സൈക്കോ കില്ലറിന് പിന്നാലെ പായുന്ന അന്വേഷണ ഉദ്യോഗസ്ഥയുടെ കഥ പറഞ്ഞ ചിത്രം ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമായിരുന്നു.
നയന്‍താര ലീഡ് റോളിലെത്തിയ മറ്റൊരു ക്രൈം ത്രില്ലര്‍ ചിത്രമായ നെട്രിക്കണ്ണാണ് ഒമ്പതാമത്. നയന്‍സ് ഡബിള്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. അതില്‍ പ്രധാനകഥാപാത്രം അന്ധയായ ദുര്‍ഗയായിരുന്നു. മുമ്പ് പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ദുര്‍ഗക്ക് പിന്നാലെ ഒരു സൈക്കോ കില്ലര്‍ വരുന്നതും അതില്‍ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്.
നെല്‍സണ്‍ ദിലീപ് കുമാര്‍ ആദ്യമായി സംവിധായകനായ കൊലമാവ് കോകിലയാണ് പത്താമത്. കാന്‍സര്‍ ബാധിച്ച അമ്മയെ രക്ഷിക്കാനായി തന്റെ ഗ്രാമത്തില്‍ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിയുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒടുവില്‍ അവളുടെ മുഴുവന്‍ കുടുംബം തന്നെ ഈ മയക്കുമരുന്ന് മരുന്നു മാഫിയകള്‍ തമ്മിലുള്ള യുദ്ധത്തില്‍ പെട്ടുപോകുന്നതും അവരുടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളുമാണ് ചിത്രം പറഞ്ഞത്. ഡാര്‍ക്ക് കോമഡി ഴോണറില്‍ കഥ പറഞ്ഞ ചിത്രം വലിയ വിജയമായിരുന്നു.
വ്യത്യസ്തയയും വെല്ലുവിളിയും നിറഞ്ഞ നിരവധി കഥാപാത്രങ്ങളാണ് ലീഡ് റോളിലും അല്ലാതേയും നയന്‍സ് അഭിനയിച്ചുതീര്‍ത്തത്. ഗ്ലാമര്‍, കൊമേഴ്ഷ്യല്‍ ചിത്രങ്ങളുടെ പേരില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട നായികയല്ല നയന്‍താര. മേല്‍ പറഞ്ഞ പത്ത് സിനിമകളിലെ മാത്രം വ്യത്യസ്തത നോക്കിയാല്‍ മതി അവരിലെ നടിയെ അടയാളപ്പെടുത്താന്‍. ഒപ്പം പുതുമുഖ സംവിധായകര്‍ക്കും അവസരം നല്‍കി പരീക്ഷണങ്ങള്‍ക്ക് തയാറാവുന്ന നയന്‍സിനേയും കാണാനാവും. സക്‌സസ്ഫുള്ളായി 20 വര്‍ഷം പൂര്‍ത്തിയാക്കിയ നയന്‍താരയുടെ കരിയറില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് പറയൂ.