| Wednesday, 23rd March 2022, 5:58 pm

ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച 10 ടീം ജേഴ്‌സികള്‍; ഒന്നില്‍ പോലുമില്ലാതെ സഞ്ജുവിന്റെ രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും പണംവാരിയെറിയല്‍ നടക്കുന്ന ഫ്രാഞ്ചൈസി ലീഗാണ് ഐ.പി.എല്‍. 2008ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതുമുതല്‍ നിരവധി ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുണ്ട്.

ഒരോ ടീമിനെയും എപ്പോഴും വേറിട്ട് നിര്‍ത്തുന്നത് അവരുടെ ജേഴ്‌സി തന്നെയാണ്. സാധാരണയായി ഓരോ ടീമും തങ്ങളുടെ ജേഴ്‌സി തൊട്ടുത്തടുത്ത സീസണില്‍ ഇവോള്‍വ് ചെയ്യാറുണ്ട്. പുതിയ പാറ്റേണുകളും നിറവും മറ്റുമെല്ലാം ചേര്‍ത്താണ് അവര്‍ പുതിയ ജേഴ്‌സികള്‍ അവതരിപ്പിക്കാറുള്ളത്.

ഹോം ജേഴ്‌സിയും എവേ ജേഴ്‌സിയുമടക്കം ഐ.പി.എല്ലില്‍ ഒരുപാട് ജേഴ്‌സികള്‍ വന്നുപോയിട്ടുണ്ട്. ഐ.പി.എല്ലിലെ എക്കാലത്തേയും മികച്ച 10 ജേഴ്‌സികള്‍ ഏതെന്നുള്ള ക്രിക്ട്രാക്കറിന്റെ പട്ടികയെ കുറിച്ചാണ് താഴെ വിശദീകരിക്കുന്നത്.

1. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – 2016

2016ല്‍ ബെംഗളൂരു അവതരിപ്പിച്ച ജേഴ്‌സിയാണ് ഏറ്റവുമധികം ആരാധകപ്രീതിയുള്ളതും ഫേമസ് ആയതും. ടീമിന്റെ ഐക്കോണിക് നിറങ്ങളായ കറുപ്പിനും ചുവപ്പിനും പുറമെ ഗോള്‍ഡന്‍ സ്‌ട്രൈപ്‌സ് കൂടി ഉള്‍പ്പെടുത്തിയാതായിരുന്നു 2016ലെ ടീമിന്റെ ജേഴ്‌സി.

2. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2009

ടൂര്‍ണമെന്റിന്റെ രണ്ടാം സീസണില്‍ കെ.കെ.ആര്‍ അവതരിപ്പിച്ച സിംപിള്‍ ആന്‍ഡ് ബോള്‍ഡ് ജേഴ്‌സിയാണ് പട്ടികയില്‍ രണ്ടാമത്തേത്. ടീമിന്റെ പഴയ ലോഗോയായ ‘ബേണിംഗ് ഹെല്‍മറ്റി’നൊപ്പം ക്ലാസിക് കളറുകളായ ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ചേരുന്നതാണ് കെ.കെ. ആറിന്റെ 2009ലെ ജേഴ്‌സി.

3. ദല്‍ഹി ക്യാപിറ്റല്‍സ് 2021

2021 സീസണിലെ ദല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌പെഷല്‍ ജേഴ്‌സിയായ റെയിന്‍ബോ ജേഴ്‌സിയാണ് പട്ടികയില്‍ മൂന്നാമത്. ഇന്ത്യയുടെ സംസ്‌കാരത്തെ വരച്ചുകാട്ടുന്നതിനായാണ് ജേഴ്‌സിയില്‍ റെയിന്‍ബോ പാറ്റേണുകളും നിറങ്ങളും ഉള്‍പ്പെടുത്തിയത്.

4. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – 2022

ജേഴ്‌സിയുടെ കാര്യത്തില്‍ ഒരു കോംപ്രമൈസിനും ഒരുക്കമല്ലാത്ത ഫ്രാഞ്ചൈസിയാണ് ആര്‍.സി.ബി. വരാനിരിക്കുന്ന സീസണിലെ ടീമിന്റെ പുതിയ ജേഴ്‌സിയാണ് പട്ടികയില്‍ നാലാമത്. മറ്റു സീസണുകളില്‍ നിന്നും വിപരീതമായി ചുവപ്പിന്റെയും കറുപ്പിന്റെയും ബ്ലെന്‍ഡിംഗാണ് ജേഴ്‌സിയെ വ്യത്യസ്തമാക്കുന്നത്.

5. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – 2021

ഐ.പി.എല്‍ തുടങ്ങിയതുമുതല്‍ ജേഴ്‌സിയിലും ലോഗോയിലും ഒരു മാറ്റങ്ങളും വരുത്താത്ത ടീമാണ് സി.എസ്.കെ. തങ്ങളുടെ ഐക്കോണിക് യെല്ലോ ജേഴ്‌സി തന്നെയാണ് ടീം എന്നും ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2021ലെ ജേഴ്‌സിയില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. ഇന്ത്യന്‍ സായുധ സേനയോടുള്ള ആദരസൂചകമായി തോള്‍ ഭാഗത്ത് മിലിറ്ററി സ്‌ട്രൈപ് ഉള്‍പ്പെടുത്തിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

6. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു – ഗ്രീന്‍ ജേഴ്‌സി

ഐ.പി.എല്ലില്‍ ആദ്യമായി ഹോം ജേഴ്‌സിക്ക് പുറമെ എവേ ജേഴ്‌സി അവതരിപ്പിച്ച ഫ്രാഞ്ചൈസിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ഗോ ഗ്രീന്‍ ഇനിഷിയേറ്റീവിന്റെ ഭാഗമായി ടീം അവതരിപ്പിച്ച ഗ്രീന്‍ ജേഴ്‌സിയാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ടീമിന്റെ സ്വന്തം നിറമായ ചുവപ്പിന് പകരം പച്ച നിറം ഉള്‍പ്പെടുത്തിയായിരുന്നു ജേഴ്‌സി ഡിസൈന്‍ ചെയ്തത്.

7. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 2016

വാതുവെപ്പുമായി ബന്ധപ്പെട്ട് ചെന്നൈയ്ക്ക് ഐ.പി.എല്ലില്‍ വിലക്ക് ലഭിച്ചപ്പോള്‍ വന്ന ടീമാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ്. 2016, 2017 സീസണുകളില്‍ മാത്രമാണ് ടീം കളിച്ചതെങ്കിലും ടീമും ടീമിന്റെ ജേഴ്‌സിയും ഇന്നും ആരാധകര്‍ക്കിടയില്‍ സുപരിചിതമാണ്. പര്‍പ്പിളിനും മജന്തയ്ക്കുമൊപ്പം മഞ്ഞയും നീലയും ചേര്‍ന്ന മള്‍ട്ടി കളര്‍ ജേഴ്‌സിയായിരുന്നു സൂപ്പര്‍ ജയന്റ്‌സിന്റേത്.

8. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പര്‍പ്പിള്‍ ജേഴ്‌സി

2014ലെ ടീമിന്റെ പുതിയ ജേഴ്‌സി ഐ.പി.എല്ലിലെ ഏറ്റവും മികച്ച ജേഴ്‌സികളില്‍ ഒന്നായിരുന്നു. വിന്റേജ് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡില്‍ നിന്നും മാറി പര്‍പ്പിള്‍ നിറത്തിലേക്ക് വന്നപ്പോള്‍ ടീം അടിമുടി മാറുകയായിരുന്നു. പര്‍പ്പിളിന് പുറമെ മഞ്ഞയും ചേര്‍ന്ന ഈ ജേഴ്‌സിയിലായിരുന്നു ടീം തങ്ങളുടെ രണ്ടാം കിരീടം ഉയര്‍ത്തിയത്.

9. പൂനെ വാരിയേഴ്‌സ് ഇന്ത്യ 2012

ഐ.പി.എല്ലില്‍ 2011 -2013 സീസണുകളില്‍ കളിച്ച ടീമാണ് പൂനെ വാരിയേഴ്‌സ് ഇന്ത്യ. 2011ല്‍ കറുപ്പ് നിറത്തിലുള്ള ജേഴ്‌സിയുമായി ഐ.പി.എല്ലിലെത്തിയ പൂനം, രണ്ടാം സീസണില്‍ അവരുടെ ജേഴ്‌സി അടിമുടി പരിഷ്‌കരിക്കുകയായിരുന്നു. ടെര്‍ക്വായിസ് ബ്ലൂവിനൊപ്പം ഗ്രേ സ്‌ട്രൈപ്‌സുമടങ്ങിയ ജേഴ്‌സി ടീമിന്റെ പ്രകടനത്തെക്കാളേറെ ശ്രദ്ധ നേടിയിരുന്നു.

10. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഐ.പി.എല്ലിലെ കന്നി സീസണിനൊരുങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ജേഴ്‌സിയും ടീമിലെ താരങ്ങളെ പോലെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ടെര്‍ക്വായിസില്‍ പച്ച സ്‌ട്രൈപ്പ്‌സുകളുള്‍പ്പെടുത്തിയ ജേഴ്‌സി സിംപിള്‍ ബട്ട് പവര്‍ഫുള്‍ എന്ന നിലയിലാണ് ശ്രദ്ധാ കേന്ദ്രമാവുന്നത്.

Content Highlight: Top Ten Jersey in IPL

We use cookies to give you the best possible experience. Learn more