| Friday, 16th April 2021, 5:57 pm

കുംഭ മേളയിയിലെ മുഖ്യ പുരോഹിതന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിദ്വാര്‍: ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 80ല്‍ അധികം മത നേതാക്കള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

ഈ ആഴ്ച ആദ്യമാണ് സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് കൊവിഡ് ബാധിച്ച് ഇദ്ദേഹം മരിച്ചത്.

രാജ്യത്ത് കൊവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലായിരുന്നു കുംഭ മേള നടത്തിയത്. കുംഭ മേള നടത്തുന്നതിനെതിരെ വ്യാപകമായി എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും കുംഭ മേള നടത്തുകയായിരുന്നു.

കുംഭ മേളയില്‍ പങ്കെടുത്ത 1701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുംഭമേളയില്‍ നിന്ന് രണ്ട് പ്രധാന സന്യാസി വിഭാഗങ്ങള്‍ മടങ്ങാനൊരുങ്ങിയിട്ടുണ്ട്. നിരഞ്ജനി അഖാഡ, തപോ നിധി ശ്രീ ആനന്ദ് അഖാഡ എന്നീ വിഭാഗങ്ങളാണ് കുംഭമേളയില്‍ നിന്ന് മടങ്ങുകയാണെന്ന് വ്യക്തമാക്കിയത്.

രണ്ട് സന്യാസി വിഭാഗങ്ങളും ഏപ്രില്‍ 17ന് ശേഷം ഉത്തരാഖണ്ഡിലെ കുംഭമേളയില്‍ തുടരില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ആകെ 13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ കുംഭമേള നടത്തിയതിനെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍ കൊവിഡിന്റെ പേരില്‍ കുംഭമേള മാറ്റിവെയ്ക്കാന്‍ തയ്യാറല്ലെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. ഏപ്രില്‍ 30 വരെ കുംഭമേള തുടരുമെന്ന് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Top Seer At Kumbh Mela In Haridwar Dies Of COVID-19

We use cookies to give you the best possible experience. Learn more