| Thursday, 8th December 2022, 8:14 pm

കളിക്കുന്ന മേജർ ടൂർണമെന്റിലെല്ലാം ഒന്നാമൻ; വരാനിരിക്കുന്നത് എംബാപ്പെ യുഗം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ മികച്ച പ്രകടനം കൊണ്ട് ആരാധകരെ വാരിക്കൂട്ടുകയാണ് ഫ്രഞ്ച് മുന്നേറ്റ നിര താരം കിലിയൻ എംബാപ്പെ.

പി.എസ്.ജി.യുടെ ഫോർവേഡ്കൂടിയായ ഈ ഇരുപത്തിമൂന്നുകാരൻ താരത്തെ തേടി മറ്റൊരു റെക്കോർഡ്‌ കൂടി എത്തിയിരിക്കുകയാണ്.

നിലവിൽ കളിക്കുന്ന മൂന്ന് മേജർ ടൂർണമെന്റുകളിലും ടോപ്പ് സ്കോറർ എന്ന റെക്കോർഡാണ് എംബാപ്പെ സ്വന്തമാക്കിയിരിക്കുന്നത്.

ഫ്രാൻസിലെ ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വൺ, യുവേഫ ചാമ്പ്യൻസ് ലീഗ്, വേൾഡ് കപ്പ് എന്നീ ടൂർണമെന്റുകളിലാണ് എംബാപ്പെ നിലവിൽ കളിക്കുന്നത്. ഈ മൂന്ന് ടൂർണമെന്റുകളിലും ഒന്നാമനാണ് താരം.

15 ലീഗ് വൺ മത്സരങ്ങളിൽ നിന്നും എംബാപ്പെ 12 ഗോളുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 11 ഗോളുകളോടെ പി.എസ്.ജിയുടെ തന്നെ നെയ്മർ ജൂനിയറാണ് രണ്ടാം സ്ഥാനത്ത്.

യൂറോപ്പിലെ ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും മുന്തിയ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ താരമായ മുഹമ്മദ്‌ സലാക്കൊപ്പം ഏഴ് ഗോളുകളോടെ ഫ്രഞ്ച് താരം ടോപ്പ് സ്കോറർ പട്ടികയിൽ ഒന്നാമതുണ്ട്
.
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം ഹാലൻണ്ട് , ബാഴ് സലോണയുടെ പോളിഷ് താരം ലെവൻഡോസ്കി, പോർട്ടോയുടെ ഇറാനിയൻ താരം മെഹ്‌ദി തരേമി എന്നിവർ അഞ്ച് ഗോളുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.

2022 ഖത്തർ ലോകകപ്പിലും 5 ഗോളുകളോടെ എംബാപ്പെ തന്നെയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ലോകകപ്പിലെ നാല് ഗോളുകൾ കൂടി ചേർത്ത് 23ാം വയസ്സിൽ തന്നെ ഒമ്പത് ലോകകപ്പ് സ്കോറുകൾ സ്വന്തം പേരിൽ കൂട്ടിച്ചേർക്കാൻ എംബാപ്പെക്ക് കഴിഞ്ഞിട്ടുണ്ട്.

ഇത് കൂടാതെ 17 ഡ്രിബിളുകളോടെ ലോകകപ്പിലെ ഏറ്റവും കൂടുതൽ ഡ്രിബിളുകളും, 10 ഗോൾ ഷോട്ടുകളോടെ ലോകകപ്പിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ ഗോൾ ഷോട്ടുകളും എംബാപ്പെയുടെ പേരിലാണ്. 11 ഗോൾ ഷോട്ടുകളുമായി മെസിയാണ് എതിർ ടീമിന്റെ വലയിലേക്ക് ഏറ്റവും കൂടുതൽ തവണ ഗോളടിക്കാൻ ശ്രമിച്ച താരം.

കരിയറിലെ മികച്ച ഫോമിൽ കളിക്കുന്ന താരം പി.എസ്.ജി വിട്ട് റയൽ മാഡ്രിഡിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. കരീം ബെൻസേമക്ക് ശേഷം റയൽ അവരുടെ ഭാവിയിലെ പ്രധാന മുന്നേറ്റ നിര താരം കൂടിയായി എംബാപ്പയെ കണക്കാക്കുന്നുണ്ട്.

എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന എംബാപ്പയെ വിട്ടുകൊടുക്കാൻ നിലവിൽ പി.എസ്.ജി ക്ക് പദ്ധതിയുള്ളതായി വാർത്തകൾ ഒന്നും പുറത്തുവന്നിട്ടില്ല.

ഡിസംബർ 11ന് ഇന്ത്യൻ സമയം പുലർച്ചെ രാവിലെ 12:30 ന് ഇംഗ്ലണ്ടുമായാണ് ഫ്രാൻസിന്റെ ക്വാർട്ടർ ഫൈനൽ മത്സരം.

മത്സരത്തിൽ വിജയിച്ച് സെമി ഉറപ്പിക്കാനായാൽ മൊറോക്കോ-പോർച്ചുഗൽ മത്സര വിജയികളായിരിക്കും സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.

Content Highlights:top scorer in all major tournaments played; The Mbappe era is coming

We use cookies to give you the best possible experience. Learn more