റിയാദ്: യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥയ്‌ക്കെതിരെ സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വധഭീഷണി മുഴക്കിയെന്ന് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അന്വേഷണം നടത്തിയിരുന്ന യു.എന്‍ ഉദ്യോഗസ്ഥ ആഗ്നസ് കല്ലമാര്‍ഡിനു നേരെയായിരുന്നു സൗദി ഉദ്യോഗസ്ഥന്റെ വധഭീഷണി.
ഗാര്‍ഡിയനുമായുള്ള അഭിമുഖത്തിലായിരുന്നു ജമാല്‍ ഖഷോഗ്ജി വധത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തുന്ന തനിക്കെതിര വധഭീഷണിയുണ്ടായിരുന്നെന്ന് ആഗ്നസ് തുറന്നു പറഞ്ഞത്.
ആഗ്നസിനെ യു.എന്‍ അടക്കി നിര്‍ത്തിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞുവെന്നും അഗ്നസ് ഗാര്‍ഡിയനോട് വെളിപ്പെടുത്തി. 2020 ജനുവരിയിലായിരുന്നു സംഭവം.
ഫ്രഞ്ച് പൗരയായ ആഗ്നസ് കല്ലമാര്‍ഡ് ഈ മാസം ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ പദവി ഏറ്റെടുക്കും. 2018ല്‍ നടന്ന ഖഷോഗ്ജി വധത്തില്‍ ഏറ്റവും ആദ്യം അന്വേഷണം നടത്തിയത് ആഗ്നസായിരുന്നു.
2019 ജൂണില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് നൂറ് പേജ് വരുന്ന റിപ്പോര്‍ട്ടും ആഗ്നസ് പ്രസിദ്ധീകരിച്ചിരുന്നു. കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു അവരുടെ റിപ്പോര്‍ട്ട്. ഖഷോഗ്ജിയുടെ കൊലപാതകം അന്താരാഷ്ട്ര കുറ്റകൃത്യമാണെന്നും ആഗ്നസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് യു.എസ് പുറത്തുവിട്ട റിപ്പോര്‍ട്ടും കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു.