വാഷിങ്ടണ്‍: യു.എസിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഡെമോക്രാറ്റ് പാര്‍ട്ടി ശ്രമിക്കുന്നെന്നും മുഴുവന്‍ വോട്ടുകളും എണ്ണരുതെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ എതിര്‍ത്ത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും തെരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ടുകള്‍ കണക്കാക്കുമെന്ന അമേരിക്കക്കാരുടെ വിശ്വാസത്തെ തന്നെ തകര്‍ക്കുന്നതാണെന്നുമാണ് റിപ്പബ്ലിക്കന്‍ ക്യാമ്പിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.
മെയില്‍ ഇന്‍ ബാലറ്റുകളെക്കുറിച്ച് ആഴ്ചകള്‍ക്ക് മുന്‍പേ പരാതിപ്പെട്ടിരുന്ന ട്രംപ് വ്യാഴാഴ്ച വൈകിട്ടോടെ ഈ ആരോപണം ശക്തമാക്കിയിരുന്നു. ബാലറ്റ് എണ്ണല്‍ പ്രക്രിയ അന്യായവും അഴിമതി നിറഞ്ഞതുമാണെന്നായിരുന്നു വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ അവകാശവാദങ്ങളെ വിശദാംശങ്ങളോ തെളിവുകളോ ഉപയോഗിച്ച് സാധൂകരിക്കാന്‍ ട്രംപിന് സാധിച്ചിരുന്നില്ല.
വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള ഒരു സംഭവവും സംസ്ഥാന- ഫെഡറല്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രംപിന്റെ വാദത്തെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയത്.
അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങള്‍ ഭ്രാന്താണെന്നായിരുന്നു ഇല്ലിനോയിസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ആദം കിന്‍സിംഗര്‍ ട്വീറ്റ് ചെയ്തത്.
തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആശങ്ക ട്രംപിനുണ്ടെങ്കില്‍ അവ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ എത്തിക്കേണ്ടതുണ്ടെന്നും അല്ലാതെ ഒരു അടിസ്ഥാനവുമില്ലാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
നമ്മുടെ ഡെമോക്രാറ്റിക് പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്ന പ്രസിഡന്റുമാരുടെ ഇത്തരം അഭിപ്രായത്തിന് വിലകല്‍പ്പിക്കേണ്ടതില്ല എന്നാണ് 2024 ല്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ലാരി ഹോഗന്‍ പറഞ്ഞത്.
അമേരിക്ക വോട്ടുകള്‍ എണ്ണുകയാണ്. മുന്‍കാലങ്ങളില്‍ നടന്നതുപോലെ തന്നെ തെരഞ്ഞെടുപ്പ് ഫലത്തെ നമ്മള്‍ മാനിക്കണം. വ്യക്തകള്‍ക്കല്ല തെരഞ്ഞെടുപ്പ് പ്രക്രിയക്കും ജനാധിപത്യത്തിനുമാണ് ഇവിടെ പ്രാധാന്യമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരു സംസ്ഥാനം തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ഏതെങ്കിലും സ്ഥാനാര്‍ത്ഥി വിശ്വസിക്കുന്നുവെങ്കില്‍ അതിനെ കോടതിയില്‍ വെല്ലുവിളിക്കാനും ആ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കാനും അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ നിയമപരമായി രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണാന്‍ ദിവസമെടുക്കുന്നത് വഞ്ചനയല്ല. അതിനെ അട്ടിമറിയെന്ന് വിളിക്കാന്‍ സാധിക്കില്ല. നിയമപരമായ വോട്ടിങ് സമയപരിധിക്ക് ശേഷം രേഖപ്പെടുത്തുന്ന വോട്ടുകളില്‍ മാത്രമേ കോടതിക്ക് ഇടപെടാന്‍ സാധിക്കുയകുള്ളൂ എന്നായിരുന്നു ഫ്‌ലോറിഡയിലെ റിപ്പബ്ലിക്കന്‍ നേതാവായ സെന്‍ മാര്‍ക്കോ റൂബിയോ ട്വീറ്റില്‍ പ്രതികരിച്ചത്.
2012-ല്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് നോമിനിയായ സെന്‍ മിറ്റ് റോംനി പറഞ്ഞത് വോട്ടുകള്‍ എണ്ണുന്നതിലെ കാലതാമസം നിരാശാജനകമാണെന്നായിരുന്നു. എന്നാല്‍ ട്രംപിനെ അനുകൂലിക്കാന്‍ ഇവരും തയ്യാറായിട്ടില്ല.
എന്തെങ്കിലും ക്രമക്കേടുകള്‍ ആരോപിക്കപ്പെടുകയാണെങ്കില്‍, അവ അന്വേഷിച്ച് കോടതികളില്‍ പരിഹരിക്കപ്പെടും. ആദ്യം
ജനാധിപത്യത്തിലും നമ്മുടെ ഭരണഘടനയിലും അമേരിക്കന്‍ ജനതയിലും വിശ്വസിക്കുകയെന്നും ഇവര്‍ ട്വീറ്റ് ചെയ്തു.
ഫലങ്ങള്‍ വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ സമയം നല്‍കേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ട്രംപ് സഖ്യകക്ഷിയും സെനറ്റ് നേതാവുമായ മിച്ച് മക്കോണല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ട്രംപിന്റെ വാദം അപകടകരവും തെറ്റായതുമാണെന്നും ട്രംപിന്റെ പരാമര്‍ശങ്ങള്‍ യുഎസ് രാഷ്ട്രീയ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുകയും ഈ രാഷ്ട്രം കെട്ടിപ്പടുത്ത അടിത്തറയെ തകര്‍ക്കുകയും ചെയ്യുമെന്നായിരുന്നു ടെക്‌സസിലെ റിപ്പബ്ലിക്കന്‍ നേതാവായ വില്‍ ഹര്‍ഡ് പ്രതികരിച്ചത്. ഓരോ അമേരിക്കക്കാരന്റേയും വോട്ടുകള്‍ എണ്ണണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Top Republicans are Refusing to Back Trump’s ‘Stop the Count’ Demand
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക