| Monday, 2nd August 2021, 8:30 am

സ്പീക്കറെ തലയ്ക്കടിച്ച് പുറത്താക്കണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ്; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: യു.എസ് സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ റിപ്പബ്ലിക്കന്‍നേതാവിനെതിരെ വിമര്‍ശനം ശക്തമാകുന്നു. റിപ്പബ്ലിക്കന്‍ നേതാവായ കെവിന്‍ മെക്കാര്‍ത്തിയാണ് സ്പീക്കര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.

കൊവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് എതിര്‍ത്ത റിപ്പബ്ലിക്കന്‍ നേതാവായ മെക്കാര്‍ത്തിയെ സ്പീക്കര്‍ വിഡ്ഢിയെന്ന് വിളിച്ചതാണ് വാക്‌പോരിന് തുടക്കമായത്.

ശനിയാഴ്ച നടന്ന ഒരു ഫണ്ട് റെയ്‌സിംഗ് ക്യാംപെയിനില്‍ വെച്ചാണ് മെക്കാര്‍ത്തി ഇതിന് മറുപടി നല്‍കിയത്. തങ്ങളുടെ പാര്‍ട്ടി ഉടന്‍ തന്നെ അധികാരത്തില്‍ വരുമെന്നും കാര്യമായ മാറ്റങ്ങള്‍ രാജ്യത്തുണ്ടാകുമെന്നും മെക്കാര്‍ത്തി പറഞ്ഞിരുന്നു. ഒപ്പം എന്തിനും ഏതിനും എതിര്‍പ്പ് പറയുന്ന സ്പീക്കറുടെ തലയ്ക്ക് ഇട്ട് ഒരടി കൊടുക്കേണ്ട സമയമായെന്നും മെക്കാര്‍ത്തി പറഞ്ഞിരുന്നു.

ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തുടര്‍ന്ന് മെക്കാര്‍ത്തിയുടെ രാജി ആവശ്യപ്പെട്ടും പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘അമേരിക്ക ഇതുവരെ നേരിട്ട രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒന്നും പോരേ? നിങ്ങള്‍ ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. രാജിവെച്ച് പുറത്ത് പോകണം,’ എന്നാണ് മെക്കാര്‍ത്തിയ്ക്ക് മറുപടിയായി ജനപ്രതിനിധിയായ ടെഡ് ലിയു ചോദിച്ചത്.

സെനറ്റ് അംഗമായ ഡെബ്ബി ഡിംഗലും മെക്കാര്‍ത്തിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതുപോലെയുള്ള ആഹ്വാനങ്ങളാണ് ഓരോ കലാപത്തിനും തുടക്കമെന്നാണ് ഡിംഗല്‍ പറഞ്ഞത്.

ഇതുപോലെയുള്ള പ്രയോഗങ്ങളാണ് ഓരോ കലാപത്തിനും തുടക്കം. ക്യാപിറ്റോള്‍ തകര്‍ക്കാനാണോ നിങ്ങളുടെ ഉദ്ദേശ്യം,’ ഡിംഗല്‍ ചോദിച്ചു.

ഇക്കഴിഞ്ഞ ജനുവരി 6ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഒരു പ്രസംഗമാണ് യു.എസ് ക്യാപിറ്റോള്‍ കലാപത്തിന് തുടക്കം കുറിച്ചതെന്നും അതിനാല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഡിംഗല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights; Top Republican Faces Anger After Joking About Hitting US Speaker Nancy Pelosi

We use cookies to give you the best possible experience. Learn more