ലീഗ് വണ്ണിലെ മൂന്നാം മത്സരത്തിലും ത്രസിപ്പിക്കുന്ന ജയം നേടി പി.എസ്.ജി. ലില്ലെക്കെതിരെയുള്ള മത്സരത്തില്‍ 7-1 എന്ന സ്‌കോറിനായിരുന്നു പി.എസ്.ജി വിജയിച്ചത്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച പി.എസ്.ജി ലീഗ് വണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
കഴിഞ്ഞ സീസണില്‍ പി.എസ്.ജിയെ മറികടന്ന് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ ലില്ലെയാണ് പി.എസ്.ജി തകര്‍ത്തുവിട്ടത്. ഹാട്രിക്ക് നേടിയ കിലിയന്‍ എംബാപെയായിരുന്നു പി.എസ്.ജിയുടെ ഹീറോ. രണ്ട് ഗോളും മൂന്ന് അസിസ്റ്റുമായി നെയ്മര്‍ കട്ടക്ക് കൂടെ പിടിച്ചപ്പോള്‍ പി.എസ്.ജി മുന്നേറ്റ നിര ‘ബീസ്റ്റ്’ മോഡിലായി. ലയണല്‍ മെസിയും കളം നിറഞ്ഞ് കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്.
ആദ്യ മിനിട്ട് തൊട്ട് പി.എസ്.ജി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരം തുടങ്ങി വെറും എട്ട് സെക്കന്‍ഡ് ആയപ്പോഴേക്കും പി.എസ്.ജിയുടെ ആദ്യ ഗോള്‍ പിറന്നിരുന്നു. മെസിയുടെ സൂപ്പര്‍ അസിസ്റ്റില്‍ എംബാപെയായിരുന്നു ആദ്യ ഗോള്‍ നേടിയത്.
27ാം മിനിട്ടിലായിരുന്നു പി.എസ്.ജിയുടെ രണ്ടാം ഗോള്‍ പിറന്നത്. ലയണല്‍ മെസിയായിരുന്നു രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. പി.എസ്.ജിയില്‍ അദ്ദേഹം സെറ്റിലായി വരുന്നതിന്റെ ലക്ഷണമാണ് ഇത്തരത്തിലുള്ള പ്രകടനങ്ങള്‍. ഈ സീസണില്‍ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.
പിന്നീട് അങ്ങോട്ട് കണ്ടത് പി.എസ്.ജിയുടെ അഴിഞ്ഞാട്ടമായിരുന്നു. 39ാം മിനിട്ടില്‍ നെയ്മറിന്റെ അസിസ്റ്റില്‍ ഹക്കീമി ഗോള്‍ നേടി. 43ാം മിനിട്ടില്‍ നെയ്മര്‍ തന്റെ പേരില്‍ ഒരു ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ പി.എസ്.ജി നാല് ഗോള്‍ സ്വന്തമാക്കിയിരുന്നു.
ബാക്കി മൂന്ന് ഗോള്‍ നേടിയത് രണ്ടാം പകുതിയിലായിരുന്നു. നെയ്മര്‍ ഒരെണ്ണം വലയിലെത്തിച്ചപ്പോള്‍ എംബാപെ രണ്ട് തവണ വല കുലുക്കി. 54ാം മിനിട്ടില്‍ ജൊനാതന്‍ ബമ്പയാണ് ലില്ലെക്കായി ആശ്വാസ ഗോള്‍ നേടിയത്.
എംബാപെയുടെ മൂന്ന് ഗോളില്‍ രണ്ടെണ്ണത്തിന് അസിസ്റ്റ് നല്‍കിയത് നെയ്മറും ഒരെണ്ണത്തിന് അസിസ്റ്റ് നല്‍കിയത് മെസിയുമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഗ്രൗണ്ടിലും അതിന് ശേഷവും അരങ്ങേറിയ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നതിന്റെ തെളിവാണ് ഈ മത്സരത്തില്‍ മൂവരും ഗ്രൗണ്ടില്‍ കാഴ്ചവെച്ച കെമിസ്ട്രി.
നെയ്മറും എംബാപെയും തമ്മില്‍ മോണ്ട്‌പെല്ലിയറിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ പെനാല്‍ട്ടിയുടെ പേരില്‍ പ്രശ്‌നം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ എംബാപെയെ വിമര്‍ശിക്കുന്ന ട്വീറ്റില്‍ നെയ്മര്‍ ലൈക്കടിച്ചതും വിവാദം ആളിക്കത്താന്‍ കാരണമായി. എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കോച്ച് വ്യക്തമാക്കിയിരുന്നു.
The picture we have all been waiting for.
Neymar and Mbappe finally unite 😁👏🏾 pic.twitter.com/sLdFD5BXEw
— Ibukun Aluko (@IbkSports) August 21, 2022
ഈ ഒരു വിവാദത്തിന് ശേഷം ഇതുപോലെ പ്രകടനം കാഴ്ചവെക്കാനും അതും വിള്ളല്‍ സംഭവിച്ച ബന്ധത്തില്‍ നിന്നും തന്നെ ഇങ്ങനെ സംഭവിച്ചതിന് തീര്‍ച്ചയായും കോച്ച് ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയര്‍ കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്.
Content Highlight: Top performance by Mbape , Neymar and Messi to beat Lille