| Thursday, 13th January 2022, 9:44 am

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ ഇക്കാര്യം പറഞ്ഞത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് ആലുവയിലെ അഭിഭാഷകന്റെ വീട്ടിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടും ഉന്നത ഉദ്യോര്‍സ്ഥര്‍ അന്വേഷണം വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ നിന്ന് അഭിഭാഷകന്റെ വീട്ടില്‍ പരിശോധന നടത്താന്‍ അനുമതി വാങ്ങിച്ചിരുന്നെന്നും എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് വൈകിപ്പിച്ചെന്നും ബാബു കുമാര്‍ പറഞ്ഞു.

‘അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഒരു ലീഡിങ് ഉണ്ടായിരുന്നല്ലോ. ലീഡിങ് എന്ന് പറയുമ്പോള്‍ ഐ.ജി ഉള്‍പ്പെടെ എല്ലാവരും കൂടെ ക്യാമ്പ് ചെയ്തല്ലേ സൂപ്പര്‍വൈസ് ചെയ്തത്. അവരുടെ ഭാഗത്ത് നിന്നും മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും അഭിപ്രായങ്ങള്‍ വന്നിരുന്നു. ഇതാണ് കാര്യങ്ങള്‍ വൈകാന്‍ ഇടയായത്,’ അദ്ദേഹം പറഞ്ഞു.

താന്‍ ആദ്യത്തെ ചാര്‍ജ് ഷീറ്റ് കൊടുത്തിട്ട് പിന്നെ ഒരു മാസമേ അന്വേഷിച്ചുള്ളുവെന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് കോടതിക്ക് കൊടുത്തിരുന്നെന്നും ബാബു കുമാര്‍ പറഞ്ഞു.

‘കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ കാര്യങ്ങള്‍ വെളിച്ചത്ത് വരൂ എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കൊടുത്ത സമയത്താണ് റിഫൈനറിയിലേക്ക് ഡെപ്യൂട്ടേഷന്‍ വന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പള്‍സര്‍ സുനിയുടെ അമ്മയെ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. പള്‍സര്‍ സുനിയുടെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതോടെയാണ് അമ്മയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചു.

വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.

ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. കേസിലെ ഓഡിയോ റെക്കോര്‍ഡുകളാണ് കൈമാറിയത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയത്.

തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. തന്നെ പൊലീസ് ഇറക്കിയതാണെന്ന് ദിലീപ് പറയുന്നുണ്ടെന്നും പറ്റുമെങ്കില്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ മുഴുവന്‍ തെളിവുകള്‍ കൈമാറിയതായും ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകമായ സംഭാഷണവും കൈമാറിയതായും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Top officials tried to sabotage the investigation in the case of the attack on the actress; Former investigating officer with disclosure

We use cookies to give you the best possible experience. Learn more