വിശാഖപട്ടണം: മാവോയിസ്റ്റ് നേതാവ് അക്കിരാജു ഹരഗോപാല്‍ മരിച്ചതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഛത്തീസ്ഗഢിലെ വനത്തിനുള്ളില്‍വെച്ച് അക്കിരാജു മരിച്ചതായാണ് വിവരം.
അതേസമയം മാവോയിസ്റ്റ് വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സി.പി.ഐ. മാവോയിസ്റ്റിന്റെ കേന്ദ്രകമ്മിറ്റി നേതാവായ അക്കിരാജുവിന്റെ തലയ്ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
2004 ല്‍ അവിഭക്ത ആന്ധ്രാ സര്‍ക്കാരുമായി നക്‌സല്‍ സംഘത്തിന്റെ സമാധാന ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് അക്കിരാജുവായിരുന്നു. ആന്ധ്രാ-ഒഡിഷ അതിര്‍ത്തിയിലെ മാവോയിസ്റ്റ് സംഘത്തെ നയിച്ചതും അക്കിരാജുവാണ്.
പീപ്പിള്‍സ് വാര്‍ ഗറില്ലായുടേയും (പി.ഡബ്ല്യു.ജി) മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയുടേയും (എം.സി.സി.ഐ) ലയനത്തില്‍ നേതൃപരമായ പങ്ക് വഹിച്ച അക്കിരാജു മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരായ ആക്രമണക്കേസിലെ പ്രതിയാണ്.