| Friday, 11th September 2020, 11:42 am

മയിലിനെ തീറ്റിക്കഴിഞ്ഞാല്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈനയുടെ പേര് ഒരിക്കലെങ്കിലും പറയണേ; മോദിയോട് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് വിയോജിപ്പില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. എന്നാല്‍ രാഷ്ട്രീയ നേതൃത്വം നിഷ്‌ക്രിയമാണെന്നും ഉവൈസി ആരോപിച്ചു.

‘സൈന്യത്തിന്റെ കാര്യത്തില്‍ ഒരു പ്രതിസന്ധിയുമില്ല. എന്നാല്‍ സത്വര നടപടിയെടുക്കേണ്ട ഉന്നത രാഷ്ട്രീയനേതൃത്വത്തെക്കുറിച്ച് ആശങ്കയുണ്ട്’, ഉവൈസി പറഞ്ഞു.

അതിര്‍ത്തി പ്രശ്‌നം തുടങ്ങി ആഴ്ചകളായിട്ടും മോദിയെന്താണ് ഒരു വാക്ക് പോലും പറയാത്തതെന്നും അദ്ദേഹം ചോദിച്ചു.

‘മയിലിനെ തീറ്റിക്കഴിഞ്ഞെങ്കില്‍ ചൈനയുടെ പേര് പറഞ്ഞ് ഈ വിഷയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മോദിയ്ക്ക് സമയമുണ്ടാകുമോ?’, ഉവൈസി പറഞ്ഞു.

നേരത്തെ അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല്‍ ചോദിച്ചു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ എപ്പോഴാണ് ശ്രമിക്കുക? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?’, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ കൊവിഡ് കാരണം സാമ്പത്തിക നില തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുലിന്റെ പരാമര്‍ശം.

അതേസമയം അതിര്‍ത്തിയിലെ പിരിമുറുക്കം ലഘൂകരിക്കാന്‍ അഞ്ച് കാര്യങ്ങളില്‍ ഇന്ത്യയും ചൈനയും സമവായത്തിലെത്തി. സൈനിക വിന്യാസം പിന്‍വലിക്കല്‍, അതിര്‍ത്തിയിലെ പിരിമുറുക്കം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് സമവായം.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇന്ത്യ-ചൈന ബന്ധം വികസിപ്പിക്കുന്നതിനായി പൊതുവായി എടുത്ത തീരുമാനങ്ങളില്‍നിന്ന് ഇരുപക്ഷവും മാര്‍ഗനിര്‍ദേശം സ്വീകരിക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളാകാന്‍ അനുവദിക്കരുതെന്നും ഇരുമന്ത്രിമാരും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു.

അതിര്‍ത്തി വിഷയത്തില്‍ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുകയും അതിര്‍ത്തി പ്രദേശത്ത് സമാധാനവും നിലനിര്‍ത്തുമെന്നും ഇരുവരും സമ്മതിച്ചു. പ്രത്യേക പ്രതിനിധികള്‍ വഴിയുള്ള ആശയവിനിമയം ഇരുപക്ഷവും തുടരും.

അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും പുതിയ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ഇരുപക്ഷവും അംഗീകരിച്ചു.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചകള്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asadudheen Owaisi India China Issue Narendra Modi

We use cookies to give you the best possible experience. Learn more