മാധ്യമവിചാരണ അതിരുവിടുന്നു; റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി
national news
മാധ്യമവിചാരണ അതിരുവിടുന്നു; റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th September 2020, 2:00 pm

ന്യൂദല്‍ഹി: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിയ്‌ക്കെതിരായ മാധ്യമവിചാരണയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ കൂട്ടരാജി. മാധ്യമപ്രവര്‍ത്തകരായ ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിംഗ് സോധി എന്നിവരാണ് രാജിവെച്ചത്.

ഇഡിവ ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ധാര്‍മ്മികമായ കാരണങ്ങളാല്‍ റിപ്പബ്ലിക് ടി.വി വിടുകയാണെന്ന് ശാന്ത ശ്രീ സര്‍ക്കാര്‍ അറിയിച്ചു. താന്‍ നിലവില്‍ നോട്ടീസ് പിരീഡിലാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

‘റിയ ചക്രബര്‍ത്തിയെ അപകീര്‍ത്തിപ്പെടുത്താന്‍ റിപ്പബ്ലിക് ടി.വി നടത്തുന്ന ആക്രമണാത്മക അജണ്ടയെക്കുറിച്ച് ഇനിയും തുറന്നു പറയാതിരിക്കാനാവില്ല’, അവര്‍ പറഞ്ഞു.


കേസിന്റെ സാമ്പത്തിക വശം പരിശോധിക്കാനായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും എന്നാല്‍ സുശാന്തിന്റെ പണമുപയോഗിച്ച് റിയ ഫ്‌ളാറ്റ് വാങ്ങിയെന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നും ശാന്തശ്രീ പറയുന്നു. എന്നാല്‍ പിന്നീട് റിയയുടെ അപ്പാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ചവരെയെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളോട് ആക്രോശിക്കുന്നതും വസ്ത്രം വലിച്ചുകീറുന്നതും ചാനലില്‍ പ്രസക്തമാണെന്നാണ് അവര്‍ കരുതുന്നത്-ശാന്തശ്രീ പറഞ്ഞു.

ഈ കഥ എത്രത്തോളം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും ഒരു സ്ത്രീ പരസ്യമായി അപമാനിക്കപ്പെടുന്നുവെന്നും ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 72 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യാനാണ് അവര്‍ എന്നോട് പറഞ്ഞത്.


റിപ്പബ്ലിക് ടി.വിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിംഗ് സോധിയും സമാന ആരോപണമുന്നയിച്ചാണ് രാജിവെച്ചത്.

‘അര്‍ണബ് വന്‍തോതില്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം,എന്നാല്‍ യഥാര്‍ത്ഥ ജോലി ചെയ്യുന്ന ആളുകള്‍ക്ക് നിലക്കടലയാണ് ലഭിക്കുന്നത്.’, തേജീന്ദര്‍ സിംഗ് പറഞ്ഞു.

റിപ്പബ്ലിക് ചാനലെന്നാല്‍ അര്‍ണബ് മാത്രമാണെന്നും ടീം വര്‍ക്കില്‍ അദ്ദേഹം വിശ്വസിക്കുന്നില്ലെന്നും തേജീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

‘ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക് ടീമിനെ അനുവദിക്കാത്ത ഒരു സംഭവം നടന്നു, അതാത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് കറുത്ത ബാന്‍ഡ് ധരിച്ച് പ്രതിഷേധിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ പ്രതിഷേധിക്കുന്നത് ഒരു പത്രപ്രവര്‍ത്തകന്റെ ജോലിയല്ല, പക്ഷേ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു, അതിനാല്‍ എല്ലാവരും അത് ചെയ്തു.’, തേജീന്ദര്‍ പറഞ്ഞു.

റിപ്പബ്ലിക് ടി.വിയില്‍ നിന്ന് പലരും രാജിവെച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഉത്തര്‍പ്രദേശിലെ റിപ്പോര്‍ട്ടറാണ് ആദ്യം രാജിവെച്ചത്. പിന്നീട് മധ്യപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛണ്ഡീഗഢ്, ബംഗളൂരു എന്നീ ബ്യൂറോകളിലുള്ളവരും രാജിവെച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Republic TV Resign Journalist Arnab Goswami