പ്രതിഷേധക്കാരെ മര്‍ദിക്കുന്നതും നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തുന്നതും ഇസ്‌ലാമികമല്ല; ഇറാനിയന്‍ സുന്നി മുസ്‌ലിം പുരോഹിതന്‍
World News
പ്രതിഷേധക്കാരെ മര്‍ദിക്കുന്നതും നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തുന്നതും ഇസ്‌ലാമികമല്ല; ഇറാനിയന്‍ സുന്നി മുസ്‌ലിം പുരോഹിതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 5:32 pm

ടെഹ്‌റാന്‍: തടവിലാക്കപ്പെട്ട പ്രതിഷേധക്കാരെ മര്‍ദിക്കുന്നത് ഇസ്‌ലാമിക രീതിയല്ലെന്ന് ഇറാനിയന്‍ സുന്നി മുസ്‌ലിം പുരോഹിതന്‍ (Sunni Muslim cleric) മൊലവി അബ്ദൊല്‍ഹമിദ് ഇസ്മാഈല്‍സാഹി (Molavi Abdolhamid Ismaeelzahi).

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിലേര്‍പ്പെട്ടതിന് തടവിലാക്കപ്പെട്ടവരെ ശിക്ഷിക്കുന്നതിന് ഇറാന്‍ അനിസ്‌ലാമികമായി നിര്‍ബന്ധിത കുറ്റസമ്മതം നടത്തിയെന്ന് ആരോപിച്ച ഇസ്മാഈല്‍സാഹി സംഭവത്തെ അപലപിക്കുകയും ചെയ്തു.

”ആരെങ്കിലും അവര്‍ക്കെതിരായ ആരോപണങ്ങള്‍ അംഗീകരിക്കാതിരിക്കുകയാണെങ്കില്‍, അവര്‍ ആ വ്യക്തിയെ അത് അംഗീകരിക്കുന്നത് വരെ ഉപദ്രവിക്കുന്നു, പീഡിപ്പിക്കുന്നു.

ബലപ്രയോഗത്തിലൂടെ കുറ്റസമ്മതം നടത്തുന്നതിനും പ്രതികളെ മര്‍ദിക്കുന്നതിനും ശരീഅത്തിലും (sharia Islamic law) നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയിലും സ്ഥാനമില്ല,” വെള്ളിയാഴ്ച നമസ്‌കാരത്തിന്റെ ഭാഗമായി നടത്തിയ പ്രാര്‍ത്ഥനാ പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.

ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യ (Sistan-Baluchistan province) കേന്ദ്രീകരിച്ചാണ് ഇസ്മാഈല്‍സാഹിയുടെ പ്രവര്‍ത്തനം.

അതേസമയം, രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രതിഷേധത്തിലേര്‍പ്പെടുന്നവരെ ഇറാനിയന്‍ സുരക്ഷാ സേനയും അധികാരികളും അടിച്ചമര്‍ത്തുന്നതിന്റെയും അറസ്റ്റ് ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നതിനിടെ കൂടിയാണ് ഈ വിമത പുരോഹിതന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഹിജാബ് വസ്ത്രധാരണ നിയമം ലംഘിച്ചതിന് മോറല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍- കുര്‍ദിഷ് യുവതി മഹ്‌സ അമിനി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16ന് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തെക്കുകിഴക്കന്‍ സിസ്റ്റാന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചുകള്‍ നടന്നിരുന്നു.

ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു. പിന്നീട് സെലിബ്രിറ്റികളടക്കം പ്രതിഷേധത്തെ ഏറ്റെടുക്കുകയും ഇതൊരു ക്യാമ്പയിന്‍ മോഡലിലേക്ക് മാറുകയുമായിരുന്നു.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെട്ടു.

പൊലീസ് വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിലുടനീളവും അന്താരാഷ്ട്ര തലത്തില്‍ തന്നെയും ഇറാന്‍ ഭരണകൂടത്തിനും സദാചാര പൊലീസിനുമെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഹിജാബ് നിയമം പിന്‍വലിക്കുകയും മൊറാലിറ്റി പൊലീസ് സിസ്റ്റം നിര്‍ത്തലാക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

Content Highlight: Top Iranian Sunni cleric Molavi Abdolhamid Ismaeelzahi says torture of protesters is un-Islamic