World News
സയണിസം വരുത്തിവെച്ചത് വൻ ദുരന്തം, അറബികളാണ് ഇസ്രഈല്‍ ഭരിക്കേണ്ടത്: മുതിർന്ന ജൂത പുരോഹിതൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 15, 07:13 am
Saturday, 15th February 2025, 12:43 pm

ജറുസലേം: ഇസ്രഈലിനെ ഭരിക്കാൻ അറബികളോട് ആഹ്വനം ചെയ്ത് ഹരേദി സംഘടനയായ സ്ലാബോഡ്ക യെശിവയുടെ തലവനും ലിത്വാനിയയിലെ സ്ലബോദ്ക യശീവ ഹരുദി വിഭാഗത്തിന്റെ ഏറ്റവും ഉന്നത പുരോഹിതനുമായ റബ്ബി ഡോവ് ലാൻഡൗ. മുന്‍കാലങ്ങളിലെന്ന പോലെ സ്വന്തമായി രാജ്യമില്ലാതെയും ജൂതന്മാര്‍ അറബികള്‍ക്കൊപ്പം നന്നായി ജീവിക്കുമെന്നും റബി ഡോവ് ലന്‍ഡാവു പറഞ്ഞു.

’90 വര്‍ഷം മുമ്പ് ജൂതന്മാർ ഫൈസല്‍ രാജാവുമായി സഹകരിക്കുകയായിരുന്നുവെങ്കില്‍ സംഘര്‍ഷം ഉണ്ടാവുമായിരുന്നില്ല. അറബികളോട് നന്നായി പെരുമാറുകയായിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമാവുമായിരുന്നു. അറബികളെ വെറുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്. ലോകമെമ്പാടും അറബികൾ ഇത്രയധികം വെറുക്കപ്പെട്ട ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല,’ റബി ഡോവ് ലന്‍ഡാവു വിശദീകരിച്ചു.

മതഗ്രന്ഥമായ തൗറാത്ത് (തോറ) വളച്ചൊടിച്ചാണ് സയണിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ജൂതന്‍മാര്‍ കൊല്ലപ്പെടുന്നത്. സയണിസ്റ്റുകള്‍ ജൂതന്മാര്‍ക്ക് ആത്മീയദുരന്തങ്ങള്‍ക്കൊപ്പം ഭൗതികദുരന്തങ്ങളും കൊണ്ടുവന്നു. സയണിസത്തിന് ജൂതമതവുമായി ഒരു ബന്ധവുമില്ല. തൗറാത്ത് പഠിക്കുന്നവരെ സൈന്യത്തില്‍ ചേര്‍ക്കുന്ന ഭരണകൂടത്തിന് നിലനില്‍ക്കാന്‍ അവകാശമില്ല.

‘ഇസ്രഈലി സൈന്യം നമുക്കെതിരെ യുദ്ധത്തിലാണ്. അവര്‍ തോറ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്,’ അദ്ദേഹം പറഞ്ഞു.

2023 ഒക്ടോബർ ഏഴുമുതൽ ആരംഭിച്ച ഇസ്രഈൽ ആക്രമണത്തിൽ 61,709 ഗസ നിവാസികൾ കൊല്ലപ്പെട്ടിരുന്നു. 47,498 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു . ഏറ്റവും കുറഞ്ഞത് 14,222 പേരെങ്കിലും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.

ഗസയിൽ ഇസ്രഈൽ വംശഹത്യ നടത്തിഎന്നും അതിന്റെ ഉത്തരവാദിത്വം ഇസ്രഈൽ സർക്കാർ ഏറ്റെടുക്കണമെന്നും ആംനെസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ്‌ കല്ലമാർഡ്‌ പറഞ്ഞു.  ഗസയിലേക്ക്‌ കൂടുതൽ സഹായം എത്തിക്കാൻ ഖത്തർ എയർ ബ്രിഗേഡ്‌ രൂപീകരിച്ചിട്ടുണ്ട്. റഫ അതിർത്തിവഴി കൂടുതൽ രോഗികളെ ചികിത്സയ്ക്കായി പുറത്തേക്ക്‌ കൊണ്ടുപോകാനും നടപടിയായിട്ടുണ്ട്.

അതേസമയം ആക്രമണത്തിൽ തകർന്ന ഗസ അമേരിക്ക പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും ഗസയിലുള്ള ഫലസ്തീനികള്‍ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകണമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നത്. ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തിയതിന്റെ ആദ്യ നാളുകളിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.

ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ കാരണം ഗസ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അവിടെയിനി മനുഷ്യവാസം സാധ്യമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. അതിനാല്‍ ഗസ മുനമ്പ് അമേരിക്ക പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും അവിടെ ആയിരക്കണക്കിന് തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. അമേരിക്ക പുനര്‍നിര്‍മിച്ച് മനോഹരമാക്കുന്ന ഗസ പശ്ചിമേഷ്യക്കാകെ അഭിമാനിക്കാവുന്ന ഒന്നായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.

 

Content Highlight: Top haredi leader calls for Arab rule over Israel, says Zionism brought ‘disasters’