ക്രിക്കറ്റ് ചരിത്രത്തിലെ നാഴികകല്ലായി അടയാളപ്പെടുത്തിയ വര്‍ഷമാണ് 2004. ഏകദിനവും ടെസ്റ്റും അടക്കിവാണിരുന്ന ക്രിക്കറ്റ് ലോകത്തിലേക്കായിരുന്നു പുതിയ ഫോര്‍മാറ്റിന്റെ കടന്നുവരവ്. കുറഞ്ഞ ഓവറുകളില്‍ കൂടുതല്‍ ആവേശം നിറച്ച ടി-20 ഫോര്‍മാറ്റിന്റെ പിറവിക്കായിരുന്നു 2004 സാക്ഷ്യം വഹിച്ചത്.
അല്‍പം അടക്കവും ഒതുക്കവും ഉണ്ടായിരുന്ന ക്രിക്കറ്റ് ലോകത്തേക്കായിരുന്നു കൂറ്റന്‍ സിക്സറുകളും ഒന്നിന് പിന്നാലെ പായുന്ന ബൗണ്ടറികളും കുത്തിത്തിരിപ്പന്‍ സ്പിന്നറുകളും യോര്‍ക്കറുകളുമായി ടി-20 കടന്നുവന്നത്.
ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്നതായിരുന്നു കുട്ടിക്രിക്കറ്റിലെ ഓരോ നിമിഷവും. ടെസ്റ്റും ഏകദിനവും മാത്രം കണ്ടുവളര്‍ന്ന കണ്‍വെന്‍ഷനല്‍ ഓര്‍ത്തഡോക്സ് ക്രിക്കറ്റ് ആരാധകരെ പോലും വരുതിയിലാഴ്ത്താന്‍ അധികകാലം ടി-20ക്ക് വേണ്ടി വന്നില്ല.
ടി-20 ക്രിക്കറ്റിന്റെ ആരാധകര്‍ക്കിടയിലുള്ള പ്രേക്ഷക സ്വീകാര്യത തന്നെയാണ് ലോകത്തെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകള്‍ക്ക് തുടക്കമിട്ടതും. കങ്കാരുക്കളുടെ സ്വന്തം ബി.ബി.എല്ലും, ഇന്ത്യയുടെ സ്വന്തം ഐ.പി.എല്ലുമടക്കം നിരവധി ഫ്രാഞ്ചൈസി ലീഗുകളാണ് ക്രിക്കറ്റിലുള്ളത്.
ക്രിക്കറ്റ് ലോകത്തില്‍ ഏറെ ആരാധകരുള്ള 5 ഫ്രാഞ്ചൈസി ലീഗുകളെ പരിചയപ്പെടാം.
1. ബിഗ് ബാഷ് ലീഗ് / ബി.ബി.എല്‍ (Big Bash League / BBL)
ഓസീസിന്റെ ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിച്ചാണ് ബി.ബി.എല്ലിന്റെ പിറവി. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ 2011ലാണ് ബി.ബി.എല്‍ എന്ന ബിഗ് ബാഷ് ലീഗിന് തുടക്കമിട്ടത്. ആദ്യ സീസണ്‍ മുതല്‍ തന്നെ ക്രിക്കറ്റ് ലോകത്ത് ബി.ബി.എല്‍ ചര്‍ച്ചയായിരുന്നു. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
വനിതാ ക്രിക്കറ്റിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഡബ്ല്യൂ.ബി.ബി.എല്‍ എന്ന വുമണ്‍സ് ബിഗ് ബാഷ് ലീഗും ക്രിക്കറ്റ് ഓസ്‌ട്രേലിയ ആരംഭിച്ചിട്ടുണ്ട്.
ആദ്യ സീസണ്‍: 2011
ടീമുകള്‍: പെര്‍ത്ത് സ്‌ക്രോച്ചേര്‍സ്, സിഡ്‌നി സിക്‌സേഴ്‌സ്, സിഡ്‌നി തണ്ടര്‍, മെല്‍ബണ്‍ റെനഗെഡ്‌സ്, മെല്‍ബണ്‍ സറ്റാര്‍സ്, ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ്, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേര്‍സ്, ഹൊബാര്‍ട്ട് ഹറികെയ്ന്‍സ്
ആദ്യ ചാമ്പ്യന്‍സ്: സിഡ്‌നി സിക്‌സേഴ്‌സ്
നിലവിലെ ചാമ്പ്യന്‍സ്: സിഡ്‌നി സിക്‌സേഴ്‌സ് (മൂന്നാം തവണ)
2. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് / ഐ.പി.എല്‍ (Indian Premier League / IPL)
ഇന്ത്യയുടെ സ്വന്തം ഫ്രാഞ്ചൈസി ലീഗ്. ഇതിന് മുന്‍പ് വന്ന ഇന്ത്യയുടെ തന്നെ ഫ്രാഞ്ചൈസി ലീഗായ ഐ.സി.എല്ലിന്റെ എല്ലാ ക്ഷീണവും തീര്‍ത്താണ് 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത്. ബി.സി.സി.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടിക്രിക്കറ്റിന്റെ മാമാങ്കം ഇന്ത്യയിലെ ഏതൊരു ക്രിക്കറ്റ് ആരാധകനേയും തൃപ്തിപ്പെടുത്തുന്നതാണ്.
ഡബ്ല്യൂ.ബി.ബി.എല്ലിന്റെ പാത പിന്തുടര്‍ന്ന് ഡബ്ല്യൂ.ഐ.പി.എല്‍ ഉടന്‍ തന്നെയുണ്ടാകുമെന്നും ബി.സി.സി.ഐ അറിയിച്ചിരുന്നു.
ആദ്യ സീസണ്‍: 2008
ടീമുകള്‍: (നിലവില്‍); രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ദല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്‌സ്
ആദ്യ ചാമ്പ്യന്‍സ്: രാജസ്ഥാന്‍ റോയല്‍സ്
നിലവിലെ ചാമ്പ്യന്‍സ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (നാലാം തവണ)
3. കരീബിയന്‍ പ്രീമിയര്‍ ലീഗ് / സി.പി.എല്‍ (Caribbean Premier League / CPL)
ആക്രമണോത്സുക ക്രിക്കറ്റിന്റെ പര്യായമായാണ് സി.പി.എല്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടം നേടിയത്. വമ്പനടികളും ടോ ക്രഷിംഗ് യോര്‍ക്കറുകളുമായി താരങ്ങള്‍ ‘ അഴിഞ്ഞാടുന്ന’ കാഴ്ചയാണ് സി.പി.എല്ലിന്റെ പ്രത്യേകത. 2013ല്‍ ആരംഭിച്ച സി.പി.എല്‍ കൂറ്റന്‍ ആരാധകവൃന്ദത്തേയാണ് ഓരോ സീസണ്‍ കഴിയുമ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
ആദ്യ സീസണ്‍: 2013
ടീമുകള്‍: ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ്, സെന്റ് കീറ്റ്‌സ് ആന്റ് നെവിസ് പേട്രിയറ്റ്‌സ്, ഗയാന ആമസോണ്‍ വാറിയേഴ്‌സ്, ജമൈക്ക തല്ലവാസ്, ബാര്‍ബഡോസ് റോയല്‍സ്, ആന്റിഗ്വ ഹോക്ബില്‍സ്, സെന്റ് ലൂസിയ കിംഗ്‌സ്
ആദ്യ ചാമ്പ്യന്‍സ്: ജമൈക്ക തല്ലവാസ്
നിലവിലെ ചാമ്പ്യന്‍സ്: സെന്റ് കീറ്റ്‌സ് ആന്റ് നെവിസ് പേട്രിയറ്റ്‌സ്
4. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് / പി.എസ്.എല്‍ (Pakistan Super League /PSL)
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ വശ്യതയുള്‍ക്കൊണ്ടാണ് 2015ല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. എല്ലാ സീസണിലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് ടീമുകള്‍ പി.എസ്.എല്ലില്‍ നടത്തുന്നത്. ഐ.പി.എല്ലിലെന്ന പോലെ പുതിയ ടാലന്റുകളെ കണ്ടെത്താനും വാര്‍ത്തെടുക്കാനും പി.എസ്.എല്ലിലൂടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കുന്നുണ്ട്.
ആദ്യ സീസണ്‍: 2015
ടീമുകള്‍: മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, കറാച്ചി കിംഗ്‌സ്, പെഷവാര്‍ സലാമി, ലാഹോര്‍ ഖലന്ദേഴ്‌സ്, ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ്, ഇസ്‌ലമാബാദ് യുണൈറ്റഡ്
ആദ്യ ചാമ്പ്യന്‍സ്: ഇസ്‌ലമാബാദ് യുണൈറ്റഡ്
നിലവിലെ ചാമ്പ്യന്‍സ്: മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്
5. ലങ്ക പ്രീമിയര്‍ ലീഗ് / എല്‍.പി.എല്‍ (Lanka Premier League / LPL)
ജയസൂര്യയും അട്ടപ്പട്ടുവും രണതുംഗയും സംഗക്കാരയും ജയവര്‍ധയും കൈമാറിയ ആവേശമുള്‍ക്കൊണ്ടാണ് ശ്രീലങ്കന്‍ ക്രിക്കറ്റിലെ പുതുതലമുറ എല്‍.പി.എല്ലിന്റെ പാതയിലൂടെ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ കാവലാവുന്നത്. ഒരു സമയത്ത് അസ്തമിച്ചു പോയ പ്രതാപം തിരിച്ചുപിടിക്കാനാണ് പുതുതലമുറയിലെ താരങ്ങളെ വാര്‍ത്തെടുത്ത് എല്‍.പി.എല്‍ മുന്നോട്ടുകുതിക്കുന്നത്.
ആദ്യ സീസണ്‍: 2012
ടീമുകള്‍: കൊളംബോ സ്റ്റാര്‍സ്, ഗെല്ലെ ഗ്ലാഡിയേറ്റേഴ്‌സ്, ജഫ്‌ന കിംഗ്‌സ്, കാന്‍ഡി വാറിയേഴ്‌സ്, ദാംബുള്ള ജയന്റ്‌സ്, ചിലൗ മരിയന്‍സ്, വയംബ യുണൈറ്റഡ്, നാഗെനഹിര നാഗാസ്, റുഹാന റോയല്‍സ്, ഉതുര രുദ്രാസ്, കാണ്ഡുരത വാറിയേഴ്‌സ്, ഉവ നെക്‌സ്റ്റ്
ആദ്യ ചാമ്പ്യന്‍സ്: ജഫ്‌ന സ്റ്റാല്യണ്‍സ്
നിലവിലെ ചാമ്പ്യന്‍സ്: ഉവ നെക്സ്റ്റ്
ഇവയ്ക്ക് പുറമെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ്, ഹോങ്കോംഗ് ടി20 ബ്ലിറ്റ്‌സ്, അമേരിക്കന്‍ പ്രീമിയര്‍ ലീഗ്, സെന്‍ട്രല്‍ യൂറോപ്യന്‍ കപ് തുടങ്ങി നിരവധി ഫ്രാഞ്ചൈസി ലീഗുകളാണ് ലോകമെമ്പാടുമായി കാണികളെ ആവേശം കൊള്ളിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Top Five t20 Franchisee Leagues