വാഷിംഗ്ടൺ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്ന് അമേരിക്കൻ സർക്കാരിനോട് ആവശ്യപ്പെട്ട് മുതിർന്ന ഡെമോക്രാറ്റിക്ക് നേതാവും ഇന്റലിജൻസ് കമ്മിറ്റി ചെയർമാനുമായ ആദം ഷിഫ്.
ജമാൽ ഖഷോഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തു വിടണമെന്നാണ് ആദം ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെ വിവാദമായ കൊലപാതകത്തിന്റെ എല്ലാ വിവരങ്ങളും പൊതുമധ്യത്തിൽ വൈകിപ്പിക്കാതെ തന്നെ വെക്കണമെന്നും അദ്ദേഹം പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബൈഡൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസിലെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഇന്റലിജൻസ് ഡയറക്ടർ അവ്റിൽ ഹൈൻസിന് ഇതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാർട്ടിയിലെ മുതിർന്ന നേതാക്കൾ കത്തയച്ചിരുന്നു.
ഖഷോഗ്ജിയുടെ മരണത്തിൽ പങ്കുള്ള സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം പേരുകൾ വെളിപ്പെടുത്തുമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഹൈൻസ് പറഞ്ഞിരുന്നു.
നേരത്തെയും കോൺഗ്രസ് ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് വിഷയത്തിൽ റിപ്പോർട്ട് പുറത്തുവിടാൻ വിസമ്മതിക്കുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നത് ഇന്റലിജൻസ് സോഴ്സുകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.
സൗദി ഭരണകൂടത്തിന്റെ വിമർശകനും വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റുമായ ഖഷോഗ്ജി 2018ലാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ സൗദി അറേബ്യ കഷോഗി കോൺസുലേറ്റിൽ നിന്ന് പുറത്ത് പോയിരുന്നു എന്നാണ് വാദിച്ചത്.
കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടതിന് ശേഷം ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്നും എന്നാൽ രാജ്യത്തിന്റെ നേതൃത്വത്തിന്റ അറിവില്ലാതെയാണ് കൊലപാതകം നടന്നത് എന്നാണ് സൗദി പറഞ്ഞത്. ഖഷോഗ്ജിയുടെ കൊലപാതകത്തിൽ അന്താരാഷ്ട്ര തലത്തിലും സൗദിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സൗദി രാജകുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ചതും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.
ബൈഡൻ അധികാരത്തിൽ ഏറിയതിന് പിന്നാലെ വാഷിംഗ്ടണ്ണുമായി ചർച്ചകളിൽ ഏർപ്പെടുമെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. സൗദിയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കടുത്ത വിമർശനം ഉന്നയിക്കുന്ന ആളാണ് ബൈഡൻ എന്ന നിലയിൽ പുതിയ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടുകൾ സൗദിയെ സമ്മർദ്ദത്തിലാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചുണ്ടിക്കാണിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight:Top Democrat urges Khashoggi murder report to be released ‘without delay’