[]ന്യൂദല്‍ഹി: ചുവപ്പ് ലൈറ്റും സൈറണും വാഹനങ്ങളില്‍ അനധികൃതമായി ഘടിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. []
ചുവപ്പ് ലൈറ്റും സൈറണും ഘടിപ്പിച്ച വി.ഐ.പി വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. കേന്ദ്രം ഇക്കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
ചുവന്ന ലൈറ്റുകളും സൈറണുകളും ഉപയോഗിക്കാന്‍ അനുമതിയുള്ളവര്‍ ഒഴികെ ബാക്കിയെല്ലാവരും അവ നീക്കണമെന്നും ജസ്റ്റിസ് ജി. എസ്. സിങ്‌വി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഉന്നത പദവിയിലിക്കുന്ന വ്യക്തികള്‍, ആംബുലന്‍സുകള്‍, ഫയര്‍ഫോഴ്‌സ്, പോലീസ്, സൈനിക സേവനങ്ങള്‍ എന്നിവയ്ക്ക് മാത്രമായി ഇവ പരിമിതപ്പെടുത്തണം. ഇതിന് സര്‍ക്കാരിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടതി പറഞ്ഞു.
ചുവന്നലൈറ്റുകള്‍ ഘടിപ്പിക്കാനുള്ള അധികാരം ഉന്നത ഭരണഘടനാസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍, സേന, പോലീസ്, ഫയര്‍ സര്‍വീസ്, ആംബുലന്‍സ് വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമായി ചുരുക്കി മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഒറ്റവരി ഉത്തരവിലൂടെ അതുചെയ്യാന്‍ കോടതിക്ക് അറിയാമെന്ന് ജസ്റ്റിസ് സിങ്‌വി മുന്നറിയിപ്പ് നല്‍കി.
പൊതുനിരത്തിലൂടെ ചുവപ്പ് ലൈറ്റും സൈറണും വിഹിച്ച് ചീറിപ്പായുന്ന വാഹനങ്ങള്‍ സമൂഹത്തിന് ശല്യമാണ്. ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നവരില്‍ നിന്നും കടുത്ത പിഴ ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചുവപ്പ് ലൈറ്റ് ഘടിപ്പിച്ച വിഐപി സംസ്‌കാരത്തെ ജനങ്ങള്‍ വെറുക്കുന്നുവെന്ന് ഓര്‍മ്മ വേണം.
ഇത് നിയന്ത്രിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ തയ്യാറാകാത്തത്. നിയന്ത്രിച്ചാല്‍ എല്ലാവരും സമന്മാരാണെന്ന സന്ദേശം നല്‍കാനാകുമെന്നും ജസ്റ്റിസ് ജി എസ് സിങ് വിയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു.