| Monday, 24th December 2018, 6:56 pm

പശ്ചിമ ബംഗാളിലെ രഥയാത്ര; ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ അനുമതി തേടി ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി. ക്രിസ്മസ് അവധിക്കായി അടച്ച കോടതി ജനുവരി രണ്ടിന് മാത്രമേ തുറക്കുകയുള്ളൂ.

ബി.ജെ.പി യുടെ ഹര്‍ജി മറ്റ് കേസുകള്‍ പോലെ മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് സുപ്രീം കോടതി അറിയിച്ചതായി കേസ് ഏറ്റെടുത്ത അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞതായി ന്യൂസ് എയിറ്റീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു ബി.ജെ.പി പശ്ചിമ ബംഗാള്‍ ഘടകം സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ രഥയാത്രയ്ക്ക് അനുമതി നല്‍കിയ കല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ദേബാശിഷ് കര്‍ഗുപ്ത ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന് വീണ്ടും തിരിച്ചടിയായി.

Also Read: ഉത്തരവാദിത്വപ്പെട്ട പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുത്; ശബരിമലയിലേക്ക് പോയ സ്ത്രീകളുടെ വീടാക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വി.എസ്

കേസ് സിംഗിള്‍ ബെഞ്ചിനുതന്നെ കൈമാറാന്‍ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ പരിഗണിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

രഥയാത്രയ്ക്കിടെ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി രഥയാത്രയ്ക്ക് അനുമതി നല്‍കിയത്.

ഉത്തരവിനെതിരെ ചീഫ് ജസ്റ്റിസ് ദേബാശിഷ് കര്‍ഗുപ്ത ഉള്‍പ്പെടുന്ന ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 28, 29, 31 തീയതികളില്‍ രഥയാത്ര നടത്താനായിരുന്നു ബി.ജെ.പി നേരത്തെ നിശ്ചയിച്ചിരുന്നത്.

ഡിസംബര്‍ 16 ന ബി.ജെ.പിയുടെ രഥയാത്രയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായിരുന്നു കേസിന്റെ തുടക്കം. ജില്ലാ ഭരണകൂടങ്ങളില്‍ നിന്ന് കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ചാണ് അനുമതി നിഷേധിക്കുന്നതെന്നും ബി.ജെ.പി പുതിയൊരു അപേക്ഷ നല്‍കുകയാണെങ്കില്‍ പൊതുയോഗങ്ങള്‍ നടത്താനുള്ള അനുമതി നല്‍കാമെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

ഇതിനെ ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ ബി.ജെ.പി നല്‍കിയ ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് രഥയാത്ര സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കുമെന്ന മമതാ ബാനര്‍ജി സര്‍ക്കാറിന്റെ വാദം തള്ളുകയും രഥയാത്രക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more