| Monday, 12th November 2018, 12:55 pm

സി.ബി.ഐയിലെ വിവാദം: കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി; ക്ഷമചോദിച്ച് സി.വി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐയിലെ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് വൈകിയതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. ഇടക്കാല റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിക്കാത്തതെന്തെന്ന് കോടതി സി.വി.സിയോട് ആരാഞ്ഞു.

ഞായറാഴ്ച ഓഫീസ് തുറന്നിരുന്നിട്ടും എന്തുകൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്.

ശനിയാഴ്ച തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയിരുന്നെന്നും എന്നാല്‍ അത് കൃത്യസമയത്ത് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സി.വി.സി പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് വൈകിയതില്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോടു ക്ഷമചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട സി.വി.സിയുടെ ഇടക്കാല റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

Also Read:ജലീലിന് വേണ്ടി പിണറായിയോ കോടിയേരിയോ വന്നാലും സംവാദത്തിനു തയ്യാര്‍; കുഞ്ഞാലിക്കുട്ടിയെ സംവാദത്തിന് ക്ഷണിച്ച ജലീലിന് ഫിറോസിന്റെ മറുപടി

കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.

അലോക് വര്‍മ്മ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചതിനു പിന്നാലെ ഇടക്കാല സി.ബി.ഐ മേധാവിയായി നിശ്ചയിച്ച എം നാഗേശ്വര്‍ റാവു എടുത്ത തീരുമാനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും സി.വി.സി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഒരു ബിസിനസുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അസ്താനയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ അര്‍ധരാത്രിയില്‍ അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കുകയായിരുന്നു. ഈ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് അലോക് വര്‍മ്മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Also Read:ഖഷോഗ്ജിയ്ക്കുവേണ്ടി മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മയ്യത്ത് നിസ്‌കരിക്കണം: ലോകത്തോട് ആവശ്യപ്പെട്ട് പ്രതിശ്രുത വധു

അലോക് വര്‍മ്മയുടെ ഹര്‍ജി പരിഗണിച്ച കോടതി സി.ബി.ഐയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കകം അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇടക്കാല സി.ബി.ഐ ഡയറക്ടറായി നിയമിതനായി നാഗേശ്വര്‍ റാവു ചുമതലയേറ്റതിനു പിന്നാലെ ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയിരുന്നു. ഇക്കാര്യം പരിശോധിച്ച കോടതി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്നും നാഗേശ്വര റാവുവിനെ വിലക്കിയിരുന്നു.

We use cookies to give you the best possible experience. Learn more