ന്യൂദല്‍ഹി: കോടതിയലക്ഷ്യം ആരോപിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കും കാര്‍ട്ടൂണിസ്റ്റ് രചിത തനേജിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ട്വീറ്റുകളിലൂടേയും ചിത്രീകരണങ്ങളിലൂടെയും സുപ്രീംകോടതിയെ വിമര്‍ശിച്ചതിന് 6 ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഇരുവരോടും കോടതി ആവശ്യപ്പെട്ടു. അതേസമയം, കുനാല്‍ കമ്രയും രചിതയും കോടതിയില്‍ നേരിട്ട് ഹാജാരാകേണ്ടതില്ല.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍ സുഭാഷ് റെഡ്ഡി, എം.ആര്‍ ഷാ എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്.
”ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയതിന്” തങ്ങള്‍ക്കെതിരെ എന്തുകൊണ്ട് കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കരുതെന്ന് വിശദീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.
ആത്മഹത്യ പ്രേരണക്കേസില്‍ അറസ്റ്റിലായ ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ
അഭിഭാഷകരുള്‍പ്പെടെ എട്ടുപേര്‍ കേസ് നല്‍കിയിരുന്നു.
ഈ മാസം ആദ്യം, സര്‍ക്കാരിന്റെ ഉന്നത നിയമ ഓഫീസര്‍ കെ.കെ വേണുഗോപാല്‍, സുപ്രീം കോടതിക്കെതിരായ ചിത്രീകരണത്തിന് തനേജയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ സമ്മതം നല്‍കിയിരുന്നു. നിരവധി ഇല്ലുസ്‌ട്രേഷനുകള്‍ കോടതിക്കെതിരെ ട്വീറ്റ് ചെയ്‌തെന്നും ഇവര്‍ രാജ്യത്തെ ഉന്നത കോടതിയെതിരായുള്ള ധിക്കാരപരമായ ആക്രമണവും അപമാനവുമാണെന്നും വേണുഗോപാല്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക