| Monday, 8th July 2019, 9:15 pm

യുവരക്തത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; സച്ചിനും സിന്ധ്യയും വീണ്ടും ചര്‍ച്ചയാകുന്നു; മധ്യപ്രദേശില്‍ സിന്ധ്യക്കുവേണ്ടി പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏഴുമാസങ്ങള്‍ക്കു മുന്‍പ് മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായ അതേ പ്രതിസന്ധി ഇപ്പോള്‍ ദേശീയതലത്തിലും കോണ്‍ഗ്രസിനെ വരിഞ്ഞുമുറുക്കുന്നു. ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മധ്യപ്രദേശില്‍ കമല്‍ നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകളാണു പറഞ്ഞുകേട്ടതെങ്കില്‍, രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിന്‍ പൈലറ്റിന്റെയും പേരുകളാണ് കേട്ടത്.

എന്നാല്‍ പരിചയസമ്പത്തിനു മുന്‍തൂക്കം നല്‍കി മുഖ്യമന്ത്രിപദവി വീതിച്ചപ്പോള്‍ സച്ചിനും സിന്ധ്യക്കും ദേശീയരാഷ്ട്രീയമായിരുന്നു രാഹുല്‍ ഗാന്ധി അന്നു നിശ്ചയിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നു രാഹുല്‍ പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നത് ഈ രണ്ട് പേരുകളാണ്.

പാര്‍ട്ടിക്കാവശ്യം യുവനേതൃത്വമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ഇവരിലാര് എന്ന ചോദ്യമാണു ബാക്കിനില്‍ക്കുന്നത്.

ഇന്ന് രാവിലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നില്‍ സിന്ധ്യക്കു വേണ്ടി ബാനറുകളും പോസ്റ്ററുകളും ഉയര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത് വൈകാതെ നീക്കം ചെയ്തു.

രാജ്യത്തിന്റെ അഭിമാനവും മുതിര്‍ന്ന നേതാവുമായ സിന്ധ്യയെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് രാഹുലിനോട് അഭ്യര്‍ഥിക്കുന്നതായായിരുന്നു പോസ്റ്ററില്‍ പറഞ്ഞിരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സിന്ധ്യ ആ സ്ഥാനം ഇന്നലെയാണു രാജിവെച്ചത്. സിന്ധ്യക്കുവേണ്ടി മധ്യപ്രദേശ് മന്ത്രി പ്രദ്യുമ്‌ന സിങ് തോമറും രംഗത്തെത്തിയിരുന്നു.

എന്നാല്‍ മധ്യപ്രദേശിലെ തന്നെ മറ്റൊരു മന്ത്രിയായ സജ്ജന്‍ സിങ് വര്‍മ പറഞ്ഞത് പ്രിയങ്കാ ഗാന്ധിയുടെ പേരാണ്. സിന്ധ്യയുടെ അടുത്തയാളായ ഗോവിന്ദ് സിങ് രജ്പുത് ഈ പോസ്റ്ററിനെ വിമര്‍ശിക്കുകയും ചെയ്തു.

അതേസമയം രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പ്രത്യക്ഷത്തില്‍ അധ്യക്ഷപദവിക്കു വേണ്ടി ശ്രമിക്കുന്നില്ലെങ്കിലും രാജസ്ഥാനില്‍ പാര്‍ട്ടിയെ വളര്‍ത്തിയതില്‍ പ്രമുഖ പങ്ക് വഹിച്ച ഈ 41-കാരനാണ് സാധ്യത കൂടുതല്‍. പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തിയത് സച്ചിന്റെ പ്രവര്‍ത്തനമികവ് കൊണ്ടാണെന്നാണ് വിലയിരുത്തല്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സിന്ധ്യ പരാജയപ്പെട്ടതും സച്ചിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. സിന്ധ്യയില്‍ നിന്നു വ്യത്യസ്തമായി സച്ചിന്‍ താഴെത്തട്ടില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ സംസ്ഥാനത്തു നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും മിലിന്ദ് ദിയോറയും യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേശവ് ചന്ദ് യാദവും സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചതാണ് യുവനേതാക്കളിലേക്ക് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ തിരിയാന്‍ കാരണം.

We use cookies to give you the best possible experience. Learn more