| Friday, 1st February 2019, 7:38 am

ഗാന്ധിയെ 'വെടിവെച്ചു കൊന്ന' കേസില്‍ മൂന്ന് ഹിന്ദു സഭാ നേതാക്കള്‍ അറസ്റ്റില്‍; പൂജ പാണ്ഡെ ഒളിവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് ആഘോഷിച്ച സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെപ്പിന് നേതൃത്വം നല്‍കിയ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ അതി ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നും മുഴുവന്‍ കുറ്റവാളികള്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Read Also : ഗാന്ധി വധം പുനരാവിഷ്‌കരിച്ചതില്‍ പ്രതിഷേധം; ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പൂട്ടിച്ച് കേരളാ സൈബര്‍ വാരിയേഴ്‌സ്

ഗാന്ധി വധം പുനരാവിഷ്‌കരിക്കുക വഴി പുതിയൊരു സംസ്‌ക്കാരത്തിനാണ് തങ്ങള്‍ തുടക്കം കുറിച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച് പൂജാ ശകുനിന്റെ അവകാശവാദം. രാമരാവണ വധം ആചരിക്കുന്ന വേളയില്‍ രാവണനെ വധിക്കുന്നതായുള്ള ഒരു ആചാരമുണ്ട്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചിട്ടുള്ളത് എന്നായിരുന്നു പ്രശ്‌നത്തെ ലഘൂകരിച്ചുകൊണ്ട് പൂജാ ശകുന്‍ പറഞ്ഞത്.

ഗാന്ധിയുടെ കോലത്തിനു നേരെ വെടിയുതിര്‍ത്തതിനു പിന്നാലെ ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഇവര്‍ ഹാരാര്‍പ്പണം നടത്തിയിരുന്നു. നാഥുറാം ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

അതേസമയം രാഷ്ട്രപിതാവിന്റെ വധത്തെ പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ കേന്ദ്രമന്ത്രി ഉമാഭാരതിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പൂജ ശകുന്‍ 2017 മാര്‍ച്ച് 19ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നത്. വിവാദമായ സാഹചര്യത്തില്‍ പൂജ ശകുന്‍ ചിത്രം നീക്കം ചെയ്തിരുന്നു. പ്രതീകാത്മക ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍ ഉമാഭാരതി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധം കനത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more