| Saturday, 12th September 2020, 6:16 pm

ബീഹാറില്‍ കരുക്കള്‍ നീക്കി ബി.ജെ.പി; നിതീഷ് കുമാറുമായി കൂടിക്കാഴ്ച; സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ എന്‍.ഡി.എ സീറ്റ് വിഭജനത്തെക്കുറിച്ചുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറില്‍ എത്തിയ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സീറ്റ് വിഭജനം ചര്‍ച്ചചെയ്യാന്‍ കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയിനിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നാവീസ്, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും നദ്ദയുടെ കൂടെയുണ്ട്.

നിതീഷ് കുമാറിന് ലോക് ജനശക്തി പാര്‍ട്ടിയുമായും ചിരാഗ് പസ്വാനുമായുള്ള ഭിന്നതയാണ് യോഗത്തിലെ മുഖ്യചര്‍ച്ചാ വിഷയമെന്നാണ് സൂചന. എല്‍.ജെ.പി ജെ.ഡി.യുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

എന്‍.ഡി.എയുടെ മുഖമായി അവതരിപ്പിച്ച നിതീഷ് കുമാറിനോട് തനിക്ക് പ്രശനങ്ങള്‍ ഒന്നുമില്ലെന്നും ബി.ജെ.പി ആരെ മുന്നോട്ടുവെച്ചാലും തനിക്കതില്‍ പ്രശ്‌നമില്ലെന്നും പസ്വാന്‍ പറഞ്ഞിരുന്നു.

‘ബിഹാര്‍ ഫസ്റ്റ്, ബിഹാറി ഫസ്റ്റ്” എന്ന തന്റെ പാര്‍ട്ടിയുടെ പ്രചാരണവും സഖ്യ പങ്കാളികള്‍ ഉള്‍ക്കൊള്ളുമെന്നത് ആദ്യം സമ്മതിക്കണം എന്ന് പസ്വാന്‍ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. പൂര്‍ണ്ണിമ യാദവ്, സുദര്‍ശന്‍ കുമാര്‍ എന്നിവരാണ് മഹാസഖ്യത്തെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി വിട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Top BJP Leaders Meet Nitish Kumar, Informal Talks On Seat-Sharing: Sources

We use cookies to give you the best possible experience. Learn more