ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമാണ് എന്നും രാജസ്ഥാന്‍ റോയല്‍സിന് ക്രിക്കറ്റ് ആരാധകര്‍ കല്‍പിച്ച് നല്‍കിയിട്ടുള്ളത്. ആര്‍ക്കും ഒരു പ്രതീക്ഷയുമില്ലാതിരുന്ന, സൂപ്പര്‍ താരങ്ങള്‍ പോലുമല്ലാതിരുന്ന ഒരു പറ്റം ക്രിക്കറ്റര്‍മാരെ കൂട്ടി ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ധോണിപ്പടയെ തോല്‍പിച്ച് ആദ്യ ചാമ്പ്യന്‍മാരായതു മുതല്‍ ആ ടീമിനോട് ആരാധകര്‍ക്ക് ബഹുമാനം കലര്‍ന്ന സ്‌നേഹമാണുള്ളത്.
തുടര്‍ന്നുള്ള സീസണുകളില്‍ ആ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയെങ്കിലും ഇപ്പോഴും ആ സ്‌നേഹത്തിന് കുറവൊന്നും ഉണ്ടായിട്ടില്ല. 2013, 2015, 2018 സീസണുകളില്‍ പ്ലേ ഓഫില്‍ പ്രവേശിച്ചതാണ് രാജസ്ഥാന്റെ നേട്ടങ്ങളുടെ പട്ടികയില്‍ അടയാളപ്പെടുത്താനുള്ളത്.
എന്നാല്‍ ഇതുമാത്രമല്ല രാജസ്ഥാന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്താനുള്ളത്. മറ്റൊരു ടീമിനും നേടാന്‍ സാധിക്കാത്ത ഒട്ടനേകം ആപൂര്‍വ നേട്ടങ്ങളും രാജസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
1. ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ ഒരേയൊരു ക്യാപ്റ്റന്‍-കോച്ച്
ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണിലായിരുന്നു രാജസ്ഥാന്റെ നേട്ടം. ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു രാജസ്ഥാന്‍ ടൂര്‍ണമെന്റിനിറങ്ങിയത്. ടീമിന്റെ നായകനായ അതേ ഷെയ്ന്‍ വോണ്‍ തന്നെയായിരുന്നു ടീമിന്റെ പരിശീലകനും.
രണ്ട് റോളിലും താരം ഒരുപോലെ തന്നെ തന്റെ മികവ് തെളിയിക്കുകയും ഒന്നുമല്ലാതിരുന്ന, ആളുകള്‍ എഴുതിത്തള്ളിയ ആ ടീമിനെ കിരീടം ചൂടിക്കുകയും ചെയ്തു. 14 സീസണ്‍ പിന്നിട്ടിട്ടും ഈ നേട്ടം ഇന്നും വോണിന്റെയും രാജസ്ഥാന്റെയും പേരില്‍ തന്നെയാണ്. (RIP Shane Warne)
2.ഏറ്റവുമുയര്‍ന്ന റണ്‍ ചെയ്‌സ്
ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്‌സിന്റെ റെക്കോഡും രാജസ്ഥാന്റെ പേരില്‍ തന്നെയാണ്. ഐ.പി.എല്‍ 2020ലായിരുന്നു ഈ റെക്കോഡ് പിറന്നത്.
മായങ്ക് അഗര്‍വാളിന്റെയും കെ.എല്‍ രാഹുലിന്റെയും ബാറ്റിംഗ് മികവില്‍ പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 223 റണ്‍സ് എന്ന റണ്‍മല താണ്ടിയതിന് പിന്നാലെയാണ് ഈ റെക്കോഡും രാജസ്ഥാനെ തേടിയെത്തിയത്.
രാഹുല്‍ തേവാട്ടിയുടെയും ഷെല്‍ഡ്രോണ്‍ കോല്‍ട്രലിന്റെയും അസാമാന്യ പ്രകടനത്തില്‍ നാല് വിക്കറ്റ് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ വിജയം കാണുകയായിരുന്നു.
3. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറി
ഐ.പി.എല്ലിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോഡും രാജസ്ഥാന്റെ പേരിലാണ്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ യൂസഫ് പത്താനാണ് ഈ റെക്കോഡ് സ്ഥാപിച്ചത്. കേവലം 37 പന്തില്‍ നിന്നുമായിരുന്നു താരത്തിന്റെ സെഞ്ച്വറി. 9 ഫോറും 8 സിക്‌സറുമടങ്ങുന്നതിയാിരുന്നു യൂസഫിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്.
ടി-20 സ്‌പെഷ്യലിസ്റ്റുകളായിട്ടുള്ള ഒരു പറ്റം ബാറ്റര്‍മാര്‍ ഇന്ത്യന്‍ നിരയില്‍ വന്നുപോയെങ്കിലും പത്ത് വര്‍ഷത്തിലധികമായി ഈ റെക്കോഡിനെ ഒന്ന് തൊടാന്‍ പോലും ആര്‍ക്കുമായിട്ടില്ല.
4. ഒരു സീസണില്‍ ഏറ്റവും കുറവ് തോല്‍വി
ലീഗ് ഘട്ടത്തില്‍ കളിച്ച മത്സരങ്ങളില്‍ ഏറ്റവും കുറവ് തവണ തോറ്റതും രാജസ്ഥാന്‍ തന്നെയാണ്. 2008 സീസണിലെ 14 മത്സരങ്ങളില്‍ നിന്നും മൂന്ന് തോല്‍വി മാത്രമാണ് വോണിനും പിള്ളേര്‍ക്കും നേരിടേണ്ടി വന്നത്.
മുംബൈ ഇന്ത്യന്‍സിനോടും ദല്‍ഹി ഡെയര്‍ ഡെവിള്‍സിനോടും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോടും മാത്രമാണ് ടീം പരാജയപ്പെട്ടത്.
ഐ.പി.എല്ലിലെ മറ്റെല്ലാ ടീമുകളും ഇതുവരെ ചുരുങ്ങിയത് നാല് മത്സരമെങ്കിലും ലീഗ് ഘട്ടത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്.
5. ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍
ഐ.പി.എല്ലില്‍ ഒരു ഇംഗ്ലണ്ട് താരം ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ളത് രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരിക്കവെയാണ്. ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറാണ് ഈ റെക്കോഡിന്റെ ഉടമ.
2021ലായിരുന്നു ഈ റെക്കോഡ് പിറന്നത്. 64 പന്തില്‍ നിന്നും 124 എന്ന അണ്‍ബീറ്റണ്‍ സ്‌കോറായിരുന്നു ബട്‌ലര്‍ സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ബൗളര്‍മാരായിരുന്നു ബട്‌ലറിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്.
Content Highlight: Top 5 records of Rajasthan Royals in the IPL