2023ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അഞ്ച് താരങ്ങള്‍ ഇവരാണ്
Football
2023ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അഞ്ച് താരങ്ങള്‍ ഇവരാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd March 2023, 8:11 pm

ശരീരവും മനസും ഒരുപോലെയര്‍പ്പിച്ച് കളിക്കുന്ന കായിക വിനോദമാണ് ഫുട്‌ബോള്‍. എത്ര പ്രഗത്ഭരായ താരമാണെങ്കില്‍ പോലും നിരന്തര സമ്മര്‍ദത്തിന് വഴങ്ങി കൃത്യമായ ഷെഡ്യൂളുകള്‍ പിന്തുടര്‍ന്ന് പോകേണ്ടത് അനിവാര്യമാണ്.

മാത്രവുമല്ല കളികളില്‍ ഫോം ഔട്ടായി പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതും ഒരു താരത്തെ സംബന്ധിച്ച് ഫീല്‍ഡില്‍ സ്ഥിരത നിലനിര്‍ത്താന്‍ അത്യന്താപേക്ഷികമാണ്.

ആത്മവിശ്വാസമുണ്ടാവുകയും കളിയുടെ എല്ലാ തലങ്ങളിലും മികവ് പുലര്‍ത്താന്‍ കഴിയുമ്പോഴുമാണ് ഒരു കളിക്കാരന്‍ ഫോമിലാകുന്നത്. ഇതോടൊപ്പം കളിയുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുന്നതും മാനസികവും ശാരീരികവുമായ പുരോഗതിയുണ്ടാകുന്നതും ഒരു കളിക്കാരനെ ഫോം ഔട്ട് ആകാതെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കായികക്ഷമത, സമീപകാല പ്രകടനങ്ങള്‍, മാധ്യമ വിചാരണ, വ്യക്തിഗത പ്രശ്‌നങ്ങള്‍ എന്നിവ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും. അതുപോലെ തന്ത്രപരമായ ക്രമീകരണങ്ങളും ടീം അംഗങ്ങളില്‍ നിന്നുള്ള സഹകരണവും പിന്തുണയും താരങ്ങളില്‍ വലിയ ഇംപാക്ട് ഉണ്ടാക്കും.

ആത്യന്തികമായി ഇവയെല്ലാം ചേര്‍ന്നാണ് ഒരു കളിക്കാരനെ മികച്ച ഫോമില്‍ മുന്നേറാന്‍ സഹായിക്കുന്നത്. മുന്‍നിര താരങ്ങള്‍ മികച്ച ഫോമിലായിരിക്കുമ്പോഴാണ് അവര്‍ ടീമിനായി മികച്ച ഗോളുകള്‍ നേടുന്നത്.

2023ല്‍ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് പരിശോധിക്കാം.

#5 കരിം ബെന്‍സെമ (റയല്‍ മാഡ്രിഡ്)

2021-2022 സീസണിലെ അവസാന ഘട്ടത്തില്‍ ഒന്ന് പുറകോട്ട് പോയിരുന്നെങ്കിലും പുതിയ വര്‍ഷം തന്റെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ. തന്റെ ജനറേഷനിലെ മികച്ച സെന്റര്‍ ഫോര്‍വേഡുകളില്‍ ഒരാളാണ് 35കാരനായ താരം.

ഒരു എക്‌സ്‌പേര്‍ട് ഫിനിഷര്‍ എന്നതിലുപരി തന്റെ ടീം അംഗങ്ങളെ സ്‌കോര്‍ ചെയ്യിക്കുന്നതിലും അദ്ദേഹം മികവ് പുലര്‍ത്താറുണ്ട്. 2023ല്‍ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്.

#4 വിസാം ബെന്‍-യെദര്‍ (എ.എസ്. മൊണാക്കോ)

ഈ സീസണില്‍ കോച്ച് ഫിലിപ് ക്ലെമന്റിന്റെ നേതൃത്വത്തില്‍ മികച്ച ഫോമിലാണ് എ.എസ്. മൊണാക്കോ തുടരുന്നത്. വിസാം ബെന്‍ യെദറിന് ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നുണ്ട്. 55 മത്സരങ്ങളില്‍ നിന്ന് 32 ഗോളും ഏഴ് അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയത്.

2023ല്‍ മാത്രം കളിച്ച് പത്ത് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളാണ് താരം എ.എസ് മൊണാക്കോക്കായി നേടിയത്.

#കിലിയന്‍ എംബാപ്പെ (പി.എസ്.ജി)

ഫിഫ വേള്‍ഡ് കപ്പ് 2022ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരമാണ് കിലിയന്‍ എംബാപ്പെ. വേള്‍ഡ് കപ്പില്‍ എട്ട് ഗോളും രണ്ട് അസിസ്റ്റും നേടാന്‍ താരത്തിനായിരുന്നു. അര്‍ജന്റീനക്കെതിരായ ഫൈനലില്‍ ഹാട്രിക്ക് നേടി യശസ്സുയര്‍ത്താനും താരത്തിനായി.

ക്ലബ്ബ് ഫുട്‌ബോളിലും ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഈ വര്‍ഷം എട്ട് മത്സരങ്ങളില്‍ നിന്ന് മാത്രം ഒമ്പത് ഗോളുകളാണ് എംബാപ്പെ അക്കൗണ്ടിലാക്കിയത്.

#2 വിക്ടര്‍ ഒസിമെന്‍ (നാപ്പോളി)

നാപ്പോളിയിലെ മികച്ച താരങ്ങളിലൊരാളാണ് വിക്ടര്‍ ഒസിമെന്‍. 2023ല്‍ 11 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

 

#1 മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്

എറിക് ടെന്‍ ഹാഗിന്റെ കീഴില്‍ തങ്ങളുടെ പ്രതാപകാലത്തേക്ക് തിരിച്ചെത്തുകയാണ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. 2022-23ലെ തങ്ങളുടെ ആദ്യ കിരീടം നേടാന്‍ ടീമിന് സാധിച്ചിരുന്നു.

യുണൈറ്റഡില്‍ മികച്ച പ്രകടനമാണ് റാഷ്‌ഫോര്‍ഡ് കാഴ്ചവെക്കുന്നത്. 25കാരനായ താരം 16 മത്സരങ്ങളില്‍ നിന്ന് 14 ഗോള്‍ നേടിക്കൊണ്ട് 2023ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന് പേരുയര്‍ത്തിക്കഴിഞ്ഞു.

Content Highlights: Top 5 players who have scored the most goals in 2023