| Wednesday, 18th April 2018, 8:04 pm

'ദുരന്തമാകുവോടേ..'; പൊന്നിന്‍ വില ലഭിച്ചിട്ടും ടൂര്‍ണ്ണമെന്റില്‍ ഇതുവരെയും തിളങ്ങാതെ പോയ അഞ്ചു താരങ്ങള്‍ ഇവരാണ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ആവേശത്തിനൊപ്പം പണക്കൊഴുപ്പിന്റെ വേദിയാണ് കുട്ടിക്രിക്കറ്റിന്റെ ഇന്ത്യന്‍ പതിപ്പായ ഐ.പി.എല്‍. ആരും പ്രതീക്ഷിക്കാത്ത താരങ്ങളെ പോലും പല ടീമുകളും വന്‍ വില നല്‍കിയാണ് സ്വന്തമാക്കുക. എന്നാല്‍ ചെറിയ തുകയക്ക് വിറ്റു പോകുന്ന പല താരങ്ങളും ടൂര്‍ണ്ണമെന്റില്‍ ശ്രദ്ധേയമായ നേട്ടം കൊയ്യാറുമുണ്ട്.

ഐ.പി.എല്‍ പതിനൊന്നാം സീസണിലും ഇത്തരത്തില്‍ നിരവധി താരങ്ങളാണ് വന്‍തുകയ്ക്ക വിറ്റുപോയത്. ടൂര്‍ണ്ണമെന്റില്‍ ടീമുകളെല്ലാം തന്നെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വന്‍വില ലഭിച്ചിട്ടും ഇതുവരെയും ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്ത പലതാരങ്ങളുണ്ട്. ഇതില്‍ പൊന്നിന്‍ വില ലഭിച്ചിട്ടും ടീമുകള്‍ക്ക് ഇതുവരെയും കാര്യമായ സംഭാവനകള്‍ ചെയ്യാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

1. മനീഷ് പാണ്ഡെ

11 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ത്യന്‍ താരം മനീഷ് പാണ്ഡെയെ സ്വന്തമാക്കിയത്. കെ.എല്‍ രാഹുലിനെ പഞ്ചാബ് സ്വന്തമാക്കിയതും ഇതേ തുകയ്ക്ക് തന്നെയായിരുന്നു. ഇരുവരും ഇത്രയും വലിയ തുകയ്ക്ക് അര്‍ഹരാണോ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും രാഹുല്‍ തന്റെ പ്രതിഭ ആദ്യ മത്സരം മുതല്‍ തന്നെ പുറത്തെടുത്തിരുന്നു.

എന്നാല്‍ ഹൈദരാബാദ് മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഇതുവരെയും ടീമിനായി കാര്യമായ സംഭവാന ചെയ്യാന്‍ പാണ്ഡെയ്ക്ക് കഴിഞ്ഞിട്ടില്ല. മൂന്നു കളികളില്‍ നിന്ന് വെറും 15 റണ്‍ മാത്രമാണ് പാണ്ഡെയുടെ സമ്പാദ്യം. അതും 7.50 ആവറേജില്‍

2. ജയദേവ് ഉനദ്കട്

പതിനൊന്നാം സീസണിലെ ലേലത്തില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരമാണ് ജയദേവ് ഉനദ്കട്. 11.5 കോടി രൂപയ്ക്കായിരുന്നു താരം രാജസ്ഥാനില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തിന്റെ നിഴലാകാന്‍ വരെ താരത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല.

മൂന്നു കളിയില്‍ 87 റണ്‍സ് വഴങ്ങിയ താരം ഇതുവരെ 2 വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്. അതും ഓവറില്‍ 11 റണ്‍സ് എന്ന നിരക്കില്‍.

3. ആരോണ്‍ ഫിഞ്ച്

ഓസീസിന്റെ വെടിക്കെട്ട് ബാറ്‌സ്മാനായ ആരോണ്‍ ഫിഞ്ചിനെ 6.2 കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 300 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനമായിരുന്നു താരമൂല്യം ഉയരാന്‍ കാരണമായത്. എന്നാല്‍ സീസണില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടിലും ഗോള്‍ഡന്‍ ഡക്കായാണ് താരം പുറത്തായത്.

ആദ്യ മത്സരം തന്റെ വിവാഹം മൂലം കളിക്കാതിരുന്ന താരം അടുത്ത രണ്ടു മത്സരങ്ങളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് ആരാധകരില്‍ നിരാശയുണര്‍ത്തുന്ന കാര്യമാണ്.

4. ഡി ആര്‍സി

ഓസീസിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ ഡി ആര്‍സിയെ രാജസ്ഥാന്‍ റോയല്‍സ് 4 കോടി രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. ബിഗ് ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനമായിരുന്നു താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്. എന്നാല്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് വെറും 21 റണ്‍സ് മാത്രാണ് താരത്തിനു സ്വന്തമാക്കാന്‍ കഴിഞ്ഞിരിക്കുന്നത്.

5. രവീന്ദ്ര ജഡേജ

ഇന്ത്യന്‍ ദേശീയ ടീം അംഗമായ രവീന്ദ് ജഡേജ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും കഴിവു തെളിയിച്ച താരമാണ്. ചെനൈ സൂപ്പര്‍ കിങ്‌സിന്റെയും ധോണിയുടെയും വിശ്വസ്ത ഭടനായ ജഡേജയെ 7 കോടി രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്.

എന്നാല്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ 127 സ്‌ട്രൈക്കറൈറ്റില്‍ വെറും 19 റണ്‍സ് മാത്രമാണ് ഈ ഓള്‍റൗണ്ടര്‍ക്ക് സ്വന്തമാക്കാനായത്. സീസണില്‍ ഇതുവരെയും വെറും 3 ഓവര്‍ മാത്രമാണ് ജഡേജ എറിഞ്ഞിരിക്കുന്നത് 1 വിക്കറ്റ് സ്വന്തമാക്കാനായെങ്കിലും 28 റണ്‍സാണ് താരം വഴങ്ങിയിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ വെറും മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴുള്ള ഈ കണക്കുകള്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോവേക്കും കീഴ്‌മേല്‍ മറിയാവുന്നതാണ്. ആരാധകരുടെയും ടീം മാനേജ്‌മെന്റിന്റെയും പ്രതീക്ഷയ്‌ക്കൊത്ത് ലീഗിന്റെ തുടക്കത്തില്‍ ഉയരാത്തവരുടെ കണക്കുകള്‍ മാത്രമാണിത്.

We use cookies to give you the best possible experience. Learn more