| Thursday, 16th December 2021, 11:12 am

കുട്ടിക്രിക്കറ്റിലെ വമ്പനടിക്കാര്‍; പട്ടികയില്‍ ഒറ്റ ഇന്ത്യക്കാരന്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ നാഴികകല്ലായി അടയാളപ്പെടുത്തിയ വര്‍ഷമാണ് 2004. ഏകദിനവും ടെസ്റ്റും അടക്കിവാണിരുന്ന ക്രിക്കറ്റ് ലോകത്തിലേക്കായിരുന്നു പുതിയ ഫോര്‍മാറ്റിന്റെ കടന്നുവരവ്. കുറഞ്ഞ ഓവറുകളില്‍ കൂടുതല്‍ ആവേശം നിറച്ച ടി-20 ഫോര്‍മാറ്റിന്റെ പിറവിക്കായിരുന്നു 2003 സാക്ഷ്യം വഹിച്ചത്.

അല്‍പം അടക്കവും ഒതുക്കവും ഉണ്ടായിരുന്ന ക്രിക്കറ്റ് ലോകത്തേക്കായിരുന്നു കൂറ്റന്‍ സിക്‌സറുകളും ഒന്നിന് പിന്നാലെ പായുന്ന ബൗണ്ടറികളും കുത്തിത്തിരിപ്പന്‍ സ്പിന്നറുകളും യോര്‍ക്കറുകളുമായി ടി-20 കടന്നുവന്നത്.

ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കുന്നതായിരുന്നു കുട്ടിക്രിക്കറ്റിലെ ഓരോ നിമിഷവും. ടെസ്റ്റും ഏകദിനവും മാത്രം കണ്ടുവളര്‍ന്ന കണ്‍വെന്‍ഷനല്‍ ഓര്‍ത്തഡോക്‌സ് ക്രിക്കറ്റ് ആരാധകരെ പോലും വരുതിയിലാഴ്ത്താന്‍ അധികകാലം ടി-20ക്ക് വേണ്ടി വന്നില്ല.

Will India Host T20 Cricket World Cup In 2021? ICC Gives One Massive Update

ബാറ്ററും ബൗളറും വിക്കറ്റ് കീപ്പറും ഫീല്‍ഡറും എന്തിന് അംപയര്‍മാര്‍ പോലും തിളങ്ങിയ വേദിയിയാരുന്നു ടി-20. ക്രിസ് ഗെയ്‌ലിന്റെ ആകാശം തൊടുന്ന സിക്‌സറുകളും മലിംഗയുടെ ആംഗിള്‍ കട്ടര്‍ യോര്‍ക്കറുകളും യുവരാജിന്റെ മിന്നുന്ന ക്യാച്ചുകളും ബില്ലി ബോര്‍ഡന്റെ രസകരമായ അംപയറിംഗ് നിമിഷങ്ങളും ടി-20യെ മികവുറ്റതാക്കി.

കുറഞ്ഞ ഓവറില്‍ കൂടുതല്‍ റണ്ണടിക്കുക എന്ന കടമ്പ എല്ലാ ബാറ്ററേയും അപകടകാരിയാക്കി മാറ്റി. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയില്‍ സിക്‌സറുകള്‍ പറന്നു. ബ്രോഡിനെ പഞ്ഞിക്കിട്ട യുവരാജിന്റെ ഇന്നിംഗ്‌സ് ഒരാളും മറക്കാനിടയില്ല. സിക്‌സറടിക്കുക എന്നത് ടി-20യുടെ മുഖമുദ്രയായി മാറി.

2004 മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ടി-20യില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച 10 താരങ്ങളെ പരിചയപ്പെടാം.

1. ക്രിസ് ഗെയ്ല്‍

കരീബിയന്‍ വന്യതയുടെ പര്യായമായ ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമത്. തന്റെ ടി-20 കരിയറില്‍ നിന്നും 1045 സിക്‌സറുകളാണ് ഗെയിലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ടി-20യില്‍ സിക്‌സറുകളുടെ എണ്ണത്തില്‍ നാലക്കം കണ്ട് ഏക താരവും ഗെയ്ല്‍ തന്നെ.

2. കെയ്‌റോണ്‍ പൊള്ളാര്‍ഡ്

ഏതൊരു ബൗളറേയും നിഷ്പ്രഭമാക്കുന്ന ബാറ്റര്‍. ബൗളറുടെ എല്ലാ തന്ത്രങ്ങളേയും അവരുടെ തലയ്ക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിക്കുന്ന ഗോലിയോത്ത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതാണ് കെയ്‌റോണ്‍ പൊള്ളാര്‍ഡ്. ടി-20യില്‍ നിന്ന് മാത്രമായി 761 സിക്‌സറുകളാണ് പൊള്ളിയുടെ സമ്പാദ്യം.

3. ആന്ദ്രേ റസ്സല്‍

കരീബിയന്‍ കരുത്ത് വിളിച്ചോതി പട്ടികയില്‍ മൂന്നാം സ്ഥാനവും വിന്‍ഡീസ് അരക്കിട്ടുറപ്പിക്കുകയാണ്. നിന്ന നില്‍പില്‍ സിക്‌സറടിച്ച് ഗ്യാലറിയ ആവേശത്തിലാഴ്ത്തുന്ന ആന്ദ്രേ റസ്സല്‍ 517 സിക്‌സറുകളാണ് കരിയറില്‍ അടിച്ചുകൂട്ടിയത്.

4. ബ്രന്‍ഡന്‍ മക്കെല്ലം

സില്‍വര്‍ ഫേണ്‍സിന്റെ നായകനായ ബ്രന്‍ഡന്‍ മക്കെല്ലമാണ് പട്ടികയിലെ നാലാമന്‍. കിവികളുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 485 സിക്‌സറാണ് ടി-20 കരിയറില്‍ നിന്നും സ്വന്തമാക്കിയത്.

5. ഷെയന്‍ വാട്‌സണ്‍

കങ്കാരുപ്പടയുടെ വിശ്വസ്തനായ ഓള്‍റൗണ്ടര്‍ 467 സിക്‌സറുകളുമായാണ് പട്ടികയില്‍ അഞ്ചാമനായി ഇടം പിടിക്കുന്നത്. ബാറ്റിംഗിലെ സ്ഥിരതയും വമ്പനടികളിലെ മാസ്മരികതയുമാണ് വാട്‌സണെ വ്യത്യസ്തനാക്കുന്നത്.

6. എ.ബി.ഡിവില്ലിയേഴ്‌സ്

AB de Villiers smashes West Indies attack - ABC News (Australian Broadcasting Corporation)

മിസ്റ്റര്‍ 360 എ.ബി.ഡിയാണ് പട്ടികയിലെ ആറാമന്‍. സൗത്ത് ആഫ്രിക്ക കണ്ട എക്കാലത്തേയും മികച്ച ഇതിഹാസം, 436 സിക്‌സറുകളാണ് കരിയറില്‍ അടിച്ചുകൂട്ടിയത്.

7. രോഹിത് ശര്‍മ

വമ്പനടിക്കാരുടെ പട്ടികയിലെ ഏക ഇന്ത്യന്‍ താരം. കുട്ടിക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഹിറ്റ്മാന്‍ 417 സിക്‌സറുകളാണ് ടി-20 ഇന്റര്‍നാഷണലില്‍ നിന്നും സ്വന്തമാക്കിയത്.

8. ആരോണ്‍ ഫിഞ്ച്

ഓസ്‌ട്രേലിയയുടെ വിശ്വസ്തനായ പടനായകന്‍. വമ്പനടികള്‍ക്ക് പേരുകേട്ട ഫിഞ്ചിന്റെ ബാറ്റില്‍ നിന്നും 405 സിക്‌സറുകളാണ് അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ പിറന്നത്.

9. കോളിന്‍ മണ്‍റോ

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ അന്താരാഷ്ട്ര ടീമില്‍ ഇടം നേടിയ കോളിന്‍ മണ്‍റോയാണ് പട്ടികയിലെ ഒമ്പതാമാന്‍. ന്യൂസിലാന്റ് ക്രിക്കറ്റിലെ അനിഷേധ്യനായ മണ്‍റോ 401 സിക്‌സറുകളാണ് നേടിയത്.

10. ഡേവിഡ് വാര്‍ണര്‍

കുട്ടിക്രിക്കറ്റിലെ വമ്പനടിക്കാരുടെ പട്ടികയിലെ പത്താമനാണ് ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍. പിച്ചിലെത്തുന്ന നിമിഷം മുതല്‍ ആരാധകരെ ആവേശത്തിരയിലാഴ്ത്തുന്ന വാര്‍ണര്‍ തന്റെ ടി-20 കരിയറില്‍ നിന്നും 389 സിക്‌സറുകളാണ് അടിച്ചെടുത്തത്.

(കടപ്പാട്: ക്രിക്ട്രാക്കര്‍)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Top 10 Power-hitters With Most Number Of Sixes In T20 Cricket Since Its Inception

We use cookies to give you the best possible experience. Learn more