2024 അവസാനിക്കാനിരിക്കെ ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ ഈ ലിസ്റ്റിലെ ആദ്യ പത്ത് സിനിമകള്‍ കണ്ട് അന്തംവിട്ട് ഇരിക്കുകയാണ് സിനിമാലോകം. ഏറ്റവുമധികം കളക്ഷന്‍ കിട്ടിയ സിനിമകളെല്ലാം സീക്വലുകളാണെന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ കാര്യം.
ലോകസിനിമയുടെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രമായ ഇന്‍സൈഡ് ഔട്ട് 2വാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രം. 1.6 ബില്യണാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത്. ഒരു അനിമേഷന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. ഡിസ്‌നിയുടെ തന്നെ ഫ്രോസന്‍ 2വിനെ മറികടന്നാണ് ഇന്‍സൈഡ് ഔട്ട് 2 ഈ നേട്ടത്തിലെത്തിയത്.
മാര്‍വലിന്റെ തിരിച്ചുവരവിന് കാരണമായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനാണ് ലിസ്റ്റില്‍ രണ്ടാമത്. 1.3 ബില്യണാണ് ചിത്രം നേടിയത്. ഒരു ‘R’ റേറ്റഡ് ചിത്രം നേടുന്ന ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എന്ന റെക്കോഡ് ഡി.സി.യുടെ ജോക്കറിനെ മറികടന്നുകൊണ്ട് മാര്‍വല്‍ ജീസസും വോള്‍വറിനും സ്വന്തമാക്കി. തുടര്‍ച്ചയായി ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ട മാര്‍വലിന്റെ പിടിവള്ളിയായി ഡെഡ്പൂള്‍ മാറി.
ഡെസ്പിക്കബിള്‍ മി 4 ആണ് ലിസ്റ്റിലെ മൂന്നാമന്‍. 968 മില്യണാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. സയന്‍സ് ഫിക്ഷന്‍ ഡ്രാമയായ ഡ്യൂണ്‍: പാര്‍ട്ട് 2 714 മില്യണ്‍ നേടി ലിസ്റ്റില്‍ നാലാം സ്ഥാനം സ്വന്തമാക്കി. ഈ വര്‍ഷം വന്‍ പ്രതീക്ഷയോടെ വന്ന ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യവിരുന്നാണ് സമ്മാനിച്ചത്.
ഗോഡ്‌സില്ല x കോങ്: ദ ന്യൂ എംപയര്‍ (571 മില്യണ്‍), കുങ് ഫു പാണ്ഡ 4 (547 മില്യണ്‍), വെനം ദി ലാസ്റ്റ് ഡാന്‍സ് (456 മില്യണ്‍), ബീറ്റില്‍ ജ്യൂസ് ബീറ്റില്‍ ജ്യൂസ് (451 മില്യണ്‍), ബാഡ് ബോയ്‌സ്: റൈഡ് ഓര്‍ ഡൈ (404 മില്യണ്‍), കിങ്ഡം ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്‌സ് (397 മില്യണ്‍) എന്നിങ്ങനെയാണ് ആദ്യ പത്ത് ചിത്രങ്ങളുടെ കണക്ക്.
അതേസമയം സീക്വലുകളുമായി വന്ന് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രങ്ങളും കുറവല്ല. ഫ്യൂരിയോസ: എ മാഡ് മാക്‌സ് സാഗ, ജോക്കര്‍: ഫോളി അഡ്യൂ, ടെറിഫയര്‍ 3 എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോയി. ഇതില്‍ ജോക്കര്‍ 2വിന്റെ പരാജയമാണ് സിനിമാലോകത്തെ ഞെട്ടിച്ചത്. ആദ്യഭാഗത്തിന്റെ വിലകളഞ്ഞ സീക്വലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Content Highlight: Top 10 highest grossing movies of 2024 are sequels